'വെള്ളിത്തിര'യിലൂടെ യൂട്യൂബിലേക്ക് കടക്കാൻ നിർമ്മാതാക്കൾ; ഇനി കളക്ഷൻ കണക്കുകൾ കൃത്യമായി അറിയാം
മലയാള സിനിമയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന സുപ്രധാന ചുവടുവെപ്പുമായി നിർമ്മാതാക്കളുടെ സംഘടന. എല്ലാ മാസവും ഇറങ്ങിയ ചിത്രങ്ങളുടെ കളക്ഷൻ റിപ്പോർട്ടുകളും മറ്റ് വിവരങ്ങളും ഉൾപ്പെടെ എല്ലാം പങ്കുവയ്ക്കാൻ പുതിയ യൂട്യൂബ് ചാനലുമായി രംഗത്ത് വരികയാണ് നിർമ്മാതാക്കൾ ഇപ്പോൾ. 'വെള്ളിത്തിര' എന്ന് പേരിട്ടിരിക്കുന്ന യൂട്യൂബ് ചാനലിന്റെ പിന്നണിയിലാണ് സിനിമാ നിർമ്മാതാക്കളുടെ സംഘടന.
ഏറ്റവും ഒടുവിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തിലെ കളക്ഷൻ കണക്കുകൾ പുറത്തുവിട്ടു കൊണ്ടായിരിക്കും ചാനൽ ലോഞ്ച് ചെയ്യുക. ഈ ചാനലിലൂടെ ചിത്രത്തിന്റെ കളക്ഷൻ, ബജറ്റ് എന്നിവ പോലെയുള്ള കൃത്യതയുള്ള വിവരങ്ങൾ പങ്കുവയ്ക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് അടുത്ത വൃത്തങ്ങൾ നേരത്തെ സൂചിച്ചിരുന്നു.

എന്നാൽ ആ രീതിയിൽ മാത്രമല്ല ഈ ചാനലിന്റെ പ്രവർത്തനം എന്നാണ് മുതിർന്ന നിർമ്മാതാവ് കൂടിയായ സിയാദ് കോക്കർ വൺഇന്ത്യ മലയാളത്തോട് പറഞ്ഞു. നിലവിൽ ചാനൽ ആരംഭിച്ചു കഴിഞ്ഞു. എങ്കിലും ഇതുവരെയും വീഡിയോകൾ ഒന്നും അപ്ലോഡ് ചെയ്‌തിട്ടില്ല. അതിന്റെ ഒരുക്കങ്ങളിലാണ്. കേവലം കളക്ഷൻ കണക്കുകൾ പങ്കുവയ്ക്കുക മത്രമല്ല മറ്റ് ഒട്ടേറെ ലക്ഷ്യങ്ങൾ ഈ ചാനലിനുണ്ട്. സിനിമയുടെ പ്രമോഷൻ ഉൾപ്പെടെ ഇതിൽ ചെയ്യും; സിയാദ് കോക്കർ വ്യക്തമാക്കി.
കൂടുതൽ കാര്യങ്ങൾ നിലവിൽ പങ്കുവയ്ക്കാൻ കഴിയില്ലെന്നും വൈകാതെ ഇത് പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താരങ്ങളുടെയും അവരുടെ സംഘടനയായ അമ്മയുടെയും എതിർപ്പിനെ അവഗണിച്ചാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ചിത്രങ്ങളുടെ നിർമ്മാണച്ചെലവും വരുമാനവും പുറത്തിറക്കാനുള്ള തീരുമാനവുമായി മുന്നോട്ടു പോകുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.
പുതിയ നടപടിയിലൂടെ കോടി ക്ലബുകളുടെ പേരിലുള്ള വ്യാജ പ്രചാരണങ്ങളും ആഘോഷങ്ങളും ഒക്കെ ഒഴിവാക്കാമെന്നും സിനിമയുടെ യഥാർത്ഥ സ്ഥിതി ജനങ്ങളെ അറിയിക്കാമെന്നുമാണ് അസോസിയേഷൻ വിലയിരുത്തുന്നത്. നേരത്തെ തന്നെ കോടി ക്ലബുകളുടെ പേരിലുള്ള കേക്ക് മുറികളും മറ്റും നിർമ്മാതാക്കളുടെ വിമർശനത്തിന് വിധേയമായിരുന്നു.
അടുത്തിടെയാണ് ഈ യൂട്യൂബ് ചാനലിലേക്ക് നയിച്ച വിവാദങ്ങളുടെ തുടക്കം. മലയാള സിനിമയിലെ നഷ്‌ട കണക്കുകൾ ജി സുരേഷ് കുമാർ പുറത്തുവിട്ടതോടെയാണ് ഭിന്നതയുടെ തുടക്കം. കൂടാതെ താരങ്ങളുടെ പ്രതിഫലവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതോടെ സംഘടനയിൽ ഭിന്നത വന്നു. ആന്റണി പെരുമ്പാവൂർ ഇതിനെ എതിർത്തു. എന്തായാലും ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജൂണിൽ സമരം തുടങ്ങാനാണ് നീക്കം.
നേരത്തെ അഭിനേതാക്കളുടെ സംഘടനയായ അമ്മയും യുട്യൂബ് ചാനൽ ആരംഭിച്ചിരുന്നു. താരങ്ങളുടെ അഭിമുഖവും മറ്റ് പരിപാടികളും ഒക്കെയായി ചാനൽ സജീവമാണ്. ഇതിന്റെ ചുവടുപിടിച്ചാണ് നിർമ്മാതാക്കളുടെ നിലപാടുകൾ വ്യക്തമാക്കാനും അസോസിയേഷന്റെ ഔദ്യോഗിക വിശദീകരണങ്ങൾ പുറത്തിറക്കാനും വെള്ളിത്തിരയുമായി രംഗത്ത് വന്നത്.












Click it and Unblock the Notifications