പുറ്റിംഗല്‍ ദുരന്തം; കണ്ണ് നനയാതെ ഈ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാനാകില്ല, നന്ദി ഫയര്‍ഫോഴ്സ്...
പരവൂര്‍: പരവൂര്‍ പുറ്റിംഗല്‍ വെടിക്കെട്ട് ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്നും കേരളം ഇതുവരെ മോചിതരായിട്ടില്ല. 110ലേറെപ്പേരുടെ ജീവനാണ് അപകടത്തില്‍ നഷ്ടമായത്. അതിലേറെപ്പേര്‍ ഇപ്പോഴും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. മരണത്തിന്റെ പിടിയില്‍ നിന്നും ഒട്ടേറെപ്പേരെ ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയ്ക്കാന്‍ പൊലീസിനും അഗ്നിശമനസേനയ്ക്കും പരവൂരിലെ നാട്ടുകാര്‍ക്കും കഴിഞ്ഞു.
വെടിക്കെട്ട് ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ആദ്യമെത്തിയ കടപ്പാക്കടയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ക്ക് ദുരന്ത ഭൂമിയില്‍ കണ്ട കാഴ്ചകള്‍ അത്ര പെട്ടന്ന് മായ്ച്ചുകളയാന്‍ ആകില്ല. കരള്‍ പിളര്‍ക്കുന്ന ആ ദുരന്തക്കാഴ്ചകളെ വിവരിയ്ക്കുന്ന ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു.

രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ ഫയര്‍ഫോഴ്‌സ് അംഗമായ രതീഷ് ആണ് ദുരന്തഭൂമിയില്‍ മനസിനെ ഏറെ വിഷമിച്ച ഒരു അനുഭവം ഫേസ്ബുക്കില്‍ പങ്കുവച്ചത്. കണ്ണ് നനയാതെ ഈ ഫേസ്ബുക്ക് പോസ്റ്റ് വായിച്ച് തീര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല. രതീഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം.
.. കടപ്പാക്കട അഗ്‌നിരക്ഷാ നിലയത്തില്‍ ദുരന്തത്തിന്റെ മണി മുഴങ്ങിയത് രാവിലെ 3.35 ന്.. 21 കിലോമീറ്റര്‍ 12 മിനിട്ടു കൊണ്ട് ഞങ്ങള്‍ ഓടിയെത്തിയപ്പോള്‍ കണ്ടത് കരള്‍ പിളര്‍ക്കുന്ന ദുരിതക്കാഴ്ച.. ഭയചകിതരായ ജനങ്ങള്‍ സംഭവ സ്ഥലത്തു നിന്നും പരക്കം പാഞ്ഞിരുന്നു .. അവിടെ stand by ഉണ്ടായിരുന്ന പരവൂര്‍ നിലയത്തിലെ ഒരു വാഹനം മാത്രം.. കറുത്ത മരണത്തിന്റെ നിശബ്ദതയെ മനസ്സിലാക്കാന്‍ ഞങ്ങള്‍ക്ക് ഹെഡ് ലൈറ്റിന്റെ വെളിച്ചം മാത്രം... സ്തബ്ദരായി നിഷ്‌കൃയരായി കുറച്ച് നിമിഷങ്ങള്‍.. പിന്നീടങ്ങോട്ട് രക്ഷാപ്രവര്‍ത്തനത്തിന്റെ മണിക്കൂറുകള്‍.. ചിന്നിച്ചിതറിയ ശരീര ഭാഗങ്ങള്‍ക്കു നടുവില്‍ ജീവന്റെ തുടിപ്പ് മനസ്സിലാക്കാന്‍ നന്നേ പാടുപെട്ടു...
നൂറു കണക്കിന് ജീവനുകള്‍ മിനിട്ടുകള്‍ക്കുള്ളില്‍ കിട്ടിയ വാഹനങ്ങളില്‍ കയറ്റി ആശുപത്രികളിലേക്കയച്ചു.. അവസാന ജീവനും രക്ഷിക്കുവാനുള്ള എന്റെയും സഹ പ്രവര്‍ത്തകരുടെയും ഒന്നര മണിക്കൂര്‍ നീണ്ട പരിശ്രമത്തിന്റെ പരിസമാപ്തിയാണ് നിങ്ങളുടെ മുന്നിലുള്ള ഈ ചിത്രം...രക്തത്തില്‍ കുളിച്ച് ശരീരമാസകലം പൊള്ളി വീര്‍ത്ത് അരയ്ക്ക് താഴെ കോണ്‍ക്രീറ്റ് പില്ലറിനടിയില്‍പ്പെട്ട് ബോധം നഷ്ടപ്പെടാതെ രണ്ടു മണിക്കൂര്‍ കമഴ്ന്നു കിടന്ന പേരറിയാത്ത ആ സഹോദരന്റെ ഇടമുറിഞ്ഞ
വാക്കുകളില്‍ ഒന്നു ഞാന്‍ കുറിയ്ക്കുന്നു... 'സാറേ, എനിക്കൊന്ന് തിരിഞ്ഞ് കിടക്കണം എന്റെ നെഞ്ച് വേദനിക്കുന്നു സാറേ....' അരയ്ക്ക് താഴെ തകര്‍ന്നു പോയ ആ മനുഷ്യനെ ഞാന്‍ ജീവനോടെ പുറത്തെടുത്ത് കൈമാറുമ്പോള്‍ ഒരു പ്രതീക്ഷയുണ്ടായിരുന്നു.... പക്ഷെ....!
.. കടപ്പാക്കട അഗ്നിരക്ഷാ നിലയത്തിൽ ദുരന്തത്തിന്റെ മണി മുഴങ്ങിയത് രാവിലെ 3.35 ന്.. 21 കിലോമീറ്റർ 12 മിനിട്ടു കൊണ്ട് ഞങ്ങൾ...
Posted by Ratheesh NB Kadoorethu on Monday, April 11, 2016












Click it and Unblock the Notifications