അമേരിക്കയിലെ കൊളറാഡോയില്‍ ആദ്യ ബിഎ2 വൈറസ് ബാധ സ്ഥിരീകരിച്ചു: അതിവ്യാപന ശേഷി
ന്യൂയോർക്ക്: അമേരിക്കയിലെ കൊളറാഡോയിൽ ഒമൈക്രോണിന്റെ പുതിയ ഉപവകഭേദമായ ബിഎ-2 സ്ഥിരീകരിച്ചു. ഒരു കേസ് മാത്രമാണ് ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളുവെങ്കിലും ഇത് അതിവേഗം വ്യാപിക്കാനും കേസുകള്‍ വർധിക്കാനും സാധ്യതയുണ്ടെന്നാണ് സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. യൂറോപ്പിലും ഏഷ്യയിലും കണ്ടെത്തിയ ഉപ-വകഭേദം കഴിഞ്ഞ മാസം അവസാനം ഡെൻവർ പ്രദേശത്തെ ഒരു വ്യക്തിയിൽ സ്ഥിരീകരിച്ചതായിട്ടാണ് സ്റ്റേറ്റ് എപ്പിഡെമിയോളജിസ്റ്റ് റേച്ചൽ ഹെർലിഹി ഒരു ഓൺലൈൻ ബ്രീഫിംഗിൽ വ്യക്തമാക്കിയത്.
മറ്റ് സംസ്ഥാനങ്ങളിലും ചെറിയതോതില്‍ ബിഎ 2 കേസുകൾ കണ്ടെത്തിയിട്ടുണ്ട്. "ഇത് ചുരുങ്ങിയ സമയത്തേക്കെങ്കിലും വ്യാപന നിരക്ക് വർദ്ധിപ്പിക്കുന്നതിന് ഇടയാക്കും," ഹെർലിഹി പറഞ്ഞു. അതേ സമയം ഏതെങ്കിലും തരത്തില്‍ രോഗ തീവ്രത വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു എന്നതിന് ഇപ്പോള്‍ യാതൊരു തെളിവും കണ്ടെത്തിയിട്ടില്ല. മാത്രമല്ല, ബിഎ- 1 എന്ന് വിളിക്കപ്പെടുന്ന യഥാർത്ഥ വേരിയന്റിൽ നിന്ന് ബിഎ വലിയ തോതില്‍ വ്യത്യസ്തമായി തോന്നുന്നില്ലെന്നും അവർ വ്യക്തമാക്കുന്നു.

അതേസമയം ജനുവരി ആദ്യത്തില്‍ തന്നെ ഡെൻമാർക്കിൽ ബിഎ 2 വൈറസ് വലിയ രീതിയില്‍ വ്യാപിച്ചിരുന്നു. ബിഎ.1 സബ് വേരിയന്റിനേക്കാൾ 1.5 മടങ്ങ് കൂടുതൽ പകർച്ചവ്യാധിയുള്ളതാണെന്നും സംസ്ഥാനത്തെ ഒമൈക്രോണ്‍ കേസുകളില്‍ ബഹുഭൂരിപക്ഷത്തിനും ഇടയാക്കിയത് ഈ പുതിയ ഉപവകഭേദമാണെന്നുമാണ് ഡെന്‍മാർക്ക് അധികൃതർ വ്യക്കതമാക്കുന്നത്. ബി എ- 2 ഇന്ത്യ ഉള്‍പ്പടേയുള്ള രാജ്യങ്ങളില്‍ വലിയ തോതില്‍ വ്യാപിക്കുന്നതായുള്ള റിപ്പോർട്ടും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഡെന്മാർക്ക്, യുകെ, ഇന്ത്യ, സ്വീഡൻ തുടങ്ങി നിരവധി രാജ്യങ്ങളിൽ ബിഎ- 2 ഉപവകഭേദം വ്യാപനം ശക്തമാണെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
യുകെയിൽ ജനുവരിയിലെ ആദ്യ 10 ദിവസങ്ങളിൽ കുറഞ്ഞത് 400 പേർക്കെങ്കിലും പുതിയ ഉപവകഭേദം ബാധിച്ചിട്ടുണ്ട്. 40 ലേറെ രാജ്യങ്ങളിലാണ് ബിഎ- 2 സാന്നിധ്യം ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിലവിൽ റിപ്പോർട്ട് ചെയ്യുന്ന അധികം കേസുകളും ബി.എ.-2 വകഭേദമാണ്. ഡെന്മാർക്കില്‍ ഇതുവരെ കണ്ടെത്തിയ കേസുകളിൽ 79% ഈ ഉപവകഭേദത്തില്‍ നിന്നുള്ളതാണ്. ബ്രിട്ടൻ (6%), ഇന്ത്യ (5%), സ്വീഡൻ (2%) , സിംഗപ്പൂർ (2%) എന്നിവയാണ് ഉപവകഭേദ കേസുകളുടെ എണ്ണത്തില്‍ തൊട്ടുപിന്നിൽ. അതേസമയം കൃത്യമായ വാക്സിനേഷനിലൂടെ പുതിയ ഉപവകഭേദത്തേയും പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
സാരിയില്‍ ഗ്ലാമറസ് സുന്ദരിയായി തിളങ്ങി മഡോണ: വൈറലായി പുതിയ ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications