'വിദേശ യാത്ര, മൈക്ക് വിവാദം'; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ പിണറായിക്കെതിരെ രൂക്ഷ വിമർശനം
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉയർന്നത് അതിരൂക്ഷ വിമർശനങ്ങൾ. തിരഞ്ഞെടുപ്പ് കാലത്തും അതിന് മുൻപും പിണറായി വിജയനുമായി ബന്ധപ്പെട്ട് നടന്ന വിവാദങ്ങൾ സമിതിയിൽ എണ്ണിയെണ്ണി അംഗങ്ങൾ പറയുകയുണ്ടായി. പൊതുസമൂഹത്തിലെ ഇടപെടലിൽ കാര്യമായ മാറ്റം ആവശ്യമാണെന്നും സമിതിയിൽ ആവശ്യം ഉയർന്നിരുന്നു.
അനവസരത്തിലാണ് പിണറായി വിജയന്റെ വിദേശ യാത്ര നടന്നതെന്നും അത് പാർട്ടിക്ക് ദോഷം ചെയ്തെന്നും സമിതിയിൽ വിമർശനം ഉയർന്നു. മൈക്കിനോട് പോലും കയർക്കുന്ന രീതി പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും ചിലർ ചൂണ്ടിക്കാട്ടി. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ട് ചോർച്ചയും തിരിച്ചടിയും ഒക്കെ സർക്കാരിനെതിരായ മുന്നറിയിപ്പ് ആണെന്ന പ്രതിപക്ഷ ആരോപണം നിലനിൽക്കെയാണ് മുഖ്യമന്ത്രിയെ ഉൾപ്പെടെ സംസ്ഥാന സെക്രട്ടറിയേറ്റിൽ വിമർശിക്കുന്നത്.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്‌മരണ യോഗത്തിൽ പ്രസംഗിക്കവേ മുഖ്യമന്ത്രിയുടെ മൈക്ക് നിലച്ചതുമായി ബന്ധപ്പെട്ട് കേസെടുത്ത സംഭവം വലിയ വിവാദമായിരുന്നു. പിന്നീട് കേസ് പിൻവലിച്ചെങ്കിലും ഈ വിവാദം പ്രതിപക്ഷം ഏറ്റുപിടിച്ചിരുന്നു. മുഖ്യമന്ത്രി വിദേശ യാത്ര നടത്തിയതും വലിയ വിവാദങ്ങൾക്കാണ് വഴിയൊരുക്കിയത്.
കൂടാതെ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും എംഎൽഎ സച്ചിൻദേവും ഉൾപ്പെട്ട കെഎസ്ആർടിസി ഡ്രൈവറുമായി ബന്ധപ്പെട്ട വിഷയവും സംസ്ഥാന സെക്രട്ടറിയേറ്റിൽ ചർച്ചയായി. കടുത്ത വിമർശനമാണ് ഇതിലുണ്ടായത്. വിവാദം പൊതുസമൂഹത്തിൽ അവമതിപ്പുണ്ടാക്കിയെന്നും പാർട്ടി സംസ്ഥാന സെക്രട്ടറി ഇവരെ പിന്തുണച്ചത് ദോഷം ചെയ്‌തെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.
ഇതിന് പുറമെ വടകരയിൽ കെകെ ശൈലജയുടെ പരാജയവും ചർച്ചയായി. ശൈലജയെ ഒതുക്കാനാണ് വടകരയിൽ മത്സരിപ്പിച്ചതെന്നായിരുന്നു ചില പ്രതിനിധികൾ വിമർശിച്ചത്. ഇപി ജയരാജനും കണക്കിന് കിട്ടി. ദല്ലാൾ നന്ദകുമാറുമായുള്ള ബന്ധം പൂർണമായും ഒഴിവാക്കേണ്ടതായിരുന്നു എന്നായിരുന്നു പ്രധാനമായും ഉയർന്ന ആവശ്യം.
തിരഞ്ഞെടുപ്പ് സമയത്ത് ഇപി ജയരാജനുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങൾ കാര്യമായി ക്ഷീണമുണ്ടാക്കിയെന്ന് നേരത്തെ തന്നെ പാർട്ടിയിൽ വിമർശനം ഉയർന്ന കാര്യമാണ്. പ്രത്യേകിച്ച് ശോഭ സുരേന്ദ്രനുമായി നടത്തിയ ചർച്ചയും പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്‌ചയും ഗുണം ചെയ്‌തില്ലെന്ന് വിലയിരുത്തലുകളുണ്ടായിരുന്നു.
അതേസമയം, മുഖ്യമന്ത്രിക്ക് എതിരെ ഉയരുന്ന വിമർശനങ്ങൾ പൂർണമായും അവഗണിക്കരുതെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വിലയിരുത്തൽ. സർക്കാർ സേവനങ്ങൾക്ക് മുൻഗണന നിശ്ചയിക്കണമെന്നും ജില്ലാ കമ്മിറ്റികളിൽ നിന്നുയരുന്ന വിമർശനങ്ങൾ തള്ളിക്കളയരുതെന്നും യോഗം വിലയിരുത്തി.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തിരിച്ചടിയാണ് ഇക്കുറി സിപിഎമ്മിന് നേരിടേണ്ടി വന്നത്. കഴിഞ്ഞ തവണ ലഭിച്ചതിന് സമാനമായി ഇക്കുറിയും ഒരു സീറ്റ് ലഭിച്ചെങ്കിലും വോട്ട് വിഹിതത്തിൽ കാര്യമായ ഇടിവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ആലപ്പുഴ മണ്ഡലത്തിൽ ഉൾപ്പെടെ ഒറ്റയടിക്ക് ഒരു ലക്ഷത്തിൽ അധികം വോട്ടുകളുടെ കുറവാണ് ഉണ്ടായത്. ഇതിന്റെ കാരണങ്ങൾ പരിശോധിക്കുന്ന വേളയിലാണ് മുഖ്യമന്ത്രിയുടെ ഇടപെടലുകൾ ചർച്ചയാവുന്നത്.












Click it and Unblock the Notifications