വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത് കെ വിദ്യ ഒറ്റയ്‌ക്കെന്ന് പോലീസ്; വ്യാജരേഖാ കേസിൽ കുറ്റപത്രം സമർപ്പിച്ചു
കാസർഗോഡ്: കരിന്തളം ഗവ. കോളേജിലെ വ്യാജരേഖ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് നീലേശ്വരം പോലീസ്. എസ്എഫ്ഐ മുന്‍ നേതാവ് കെ വിദ്യ മാത്രമാണ് കേസിൽ പ്രതി. അധ്യാപക നിയമനത്തിനായി വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ച് സമർപ്പിച്ചുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിലുള്ള വ്യാജ എക്‌സ്‌പീരിയൻസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഒരു വര്‍ഷം കരിന്തളം ഗവ. കോളേജില്‍ വിദ്യ ജോലി ചെയ്‌തിരുന്നു.
ഈ കേസിലാണ് ഹോസ്‌ദുർഗ് ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ കെ വിദ്യ മാത്രമാണ് പ്രതിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. വ്യാജരേഖ നിർമ്മിക്കാൻ മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്. തന്റെ മൊബൈല്‍ ഫോണിൽ സ്വന്തമായാണ് രേഖ ഉണ്ടാക്കിയതെന്നും ഇതിന്റെ ഒറിജിനല്‍ നശിപ്പിച്ചുവെന്നുമുള്ള വിദ്യയുടെ മൊഴി ശരിവയ്ക്കുന്നതാണ് കുറ്റപത്രം.

വ്യാജരേഖ നിർമിക്കൽ, വ്യാജരേഖ സമർപ്പിക്കൽ, വഞ്ചന, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകളാണ് കെ വിദ്യക്കെതിരെ ചുമത്തിയിരിക്കുന്നത്. വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സർക്കാർ ശമ്പളം കൈപറ്റിയെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. കഴിഞ്ഞ വർഷം ജൂൺ 27നാണ് വ്യാജരേഖ ചമച്ച കേസിൽ മുൻ എസ്എഫ്ഐ നേതാവ് കൂടിയായ കെ വിദ്യയെ പോലീസ് അറസ്‌റ്റ് ചെയ്‌തത്.
കേസിൽ അന്വേഷണം നേരത്തെ തന്നെ പൂർത്തിയായെങ്കിലും കുറ്റപത്രം സമർപ്പിക്കാൻ വൈകുകയായിരുന്നു. മണ്ണാര്‍ക്കാട് കോടതിയില്‍ നിന്ന് ചില ശാസ്ത്രീയ തെളിവുകളുടെ സര്‍ട്ടിഫൈഡ് കോപ്പികള്‍ ലഭിക്കാനുള്ള കാലതാമസം മൂലമാണ് കുറ്റപത്രം സമർപ്പിക്കാൻ വൈകിയതെന്നാണ് അന്വേഷണസംഘം നൽകുന്ന വിശദീകരണം.
കാസര്‍ഗോഡ് നീലേശ്വരം കരിന്തളം ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് പ്രിന്‍സിപ്പലിന് പുറമെ അട്ടപ്പാടി ഗവ. കോളേജ് പ്രിൻസിപ്പലും നേരത്തെ വിദ്യക്കെതിരെ പരാതി നല്‍കിയിരുന്നു. അട്ടപ്പാടി സര്‍ക്കാര്‍ കോളേജില്‍ മലയാളം വകുപ്പില്‍ ഗസ്‌റ്റ് ലക്‌ചറര്‍ തസ്‌തികയിലേക്ക് നടന്ന അഭിമുഖത്തിനായി 2018-2021 കാലത്ത് മഹാരാജാസ് കോളേജില്‍ ഗസ്‌റ്റ് ലക്‌ചററായി പ്രവര്‍ത്തിച്ചിരുന്നു എന്ന വ്യാജ സര്‍ട്ടിഫിക്കറ്റായിരുന്നു വിദ്യ ഹാജരാക്കിയത്.
എന്നാൽ സംശയം തോന്നിയ കോളേജ് അധികൃതര്‍ മഹാരാജാസ് കോളേജില്‍ വിവരമറിയിച്ചതോടെയാണ് വിദ്യയുടെ തട്ടിപ്പ് പുറംലോകം അറിഞ്ഞത്. മഹാരാജാസിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയായായിരുന്നു വിദ്യ. തുടർന്നാണ് സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഏറെനാളത്തെ അനിശ്ചിതത്വത്തിന് ഒടുവിൽ പോലീസിനെതിരെ വിമർശനം ശക്തമായ സാഹചര്യത്തിലായിരുന്നു വിദ്യയെ കോഴിക്കോട് വടകരയ്ക്ക് അടുത്ത് വച്ച് അറസ്‌റ്റ് ചെയ്‌തത്.












Click it and Unblock the Notifications