Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫോർട്ട് കൊച്ചി-വൈപ്പിൻ റോ റോ സർവീസ്; ഭാവി വീണ്ടും ആശങ്കയിൽ, കൊച്ചി മെട്രോയെ ഏൽപ്പിച്ചേക്കും!

കൊച്ചി: വൈപ്പിൻ-ഫോർട്ട് കൊച്ചി റോ-റോ ഫെറി സർവീസിന്റെ ഭാവി വീണ്ടും അനിശ്ചിതത്വത്തിൽ. നടത്തിപ്പിലെയും കാര്യക്ഷമതയിലെയും ആശങ്കകൾ വർധിച്ചുവരുമ്പോൾ, കൊച്ചി കോർപ്പറേഷൻ കൂടുതൽ സാധ്യതകൾ തേടുകയാണ്. കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡിന് പ്രവർത്തന ചുമതല കൈമാറുന്നതും ഒരു സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ (എസ്‌പിവി) രൂപീകരിക്കുന്നതും ഉൾപ്പെടെയുള്ള നിർദ്ദേശങ്ങൾ സജീവ പരിഗണനയിലാണ്.

അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്ന് കൊച്ചി മേയർ വ്യക്തമാക്കി. പ്രവർത്തനപരമായ കാര്യങ്ങളിൽ നിലവിലെ ഓപ്പറേറ്ററായ കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനിൽ (കെഎസ്ഐഎൻസി) നിന്ന് വ്യക്തമായ മറുപടികൾ ലഭിക്കുന്നില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. ഈ പശ്ചാത്തലത്തിൽ, കോർപ്പറേഷൻ കെഎസ്ഐഎൻസിയോട് വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്.

fort kochi vypin ro ro service

നിലവിൽ കൊച്ചി വാട്ടർ മെട്രോയെ റോ-റോ സർവീസ് ഏൽപ്പിക്കാനാണ് കോർപ്പറേഷൻ പ്രഥമ പരിഗണന നൽകുന്നത്. സെന്റർ ഫോർ ഹെറിറ്റേജ്, എൻവയോൺമെന്റ് ആൻഡ് ഡെവലപ്‌മെൻ്റ് (സി-ഹെഡ്) വഴി സർവീസ് നടത്തുന്നതും ഒരു എസ്‌പിവി രൂപീകരിക്കുന്നതുൾപ്പെടെയുള്ള ബദൽ മാർഗങ്ങളും പരിഗണനയിലുണ്ടെന്നാണ് വിവരം. എസ്‌പിവി രൂപവത്കരിച്ചാൽ പോലും കോർപ്പറേഷന്റെ മേൽനോട്ടം നിലനിർത്തുവാനാണ് ലക്ഷ്യമിടുന്നത്.

നിലവിൽ, തിരക്കേറിയ ഈ റൂട്ടിൽ രണ്ട് റോ-റോ കപ്പലുകളാണ് സർവീസ് നടത്തുന്നത്. എന്നാൽ, പലപ്പോഴും ഒരു കപ്പൽ മാത്രമാണ് സർവീസിനുള്ളത്, ഇത് യാത്രക്കാർക്ക് വലിയ കാലതാമസം നൽകുന്നു. ഉച്ചവെയിലിൽ രണ്ട് മൂന്ന് മണിക്കൂർ സമയത്തേക്ക് ഒരു കപ്പൽ സർവീസിൽ നിന്ന് മാറ്റി നിർത്തുന്നത് നിർമ്മാതാക്കളുടെ മാർഗ്ഗനിർദ്ദേശങ്ങൾ കാരണമാണെന്നാണ് കെഎസ്ഐഎൻസി ഉദ്യോഗസ്ഥർ പറയുന്നത്.

എന്നാൽ ഇത്രയധികം ആവശ്യം ഉണ്ടായിരുന്നിട്ടും രണ്ട് കപ്പലുകളും ഒരേസമയം വിന്യസിക്കാത്തത് നടത്തിപ്പിലെ പോരായ്‌മ ആയാണ് കോർപ്പറേഷൻ പറയുന്നത്. 2017 മുതൽ ഫോർട്ട് കൊച്ചി പാസഞ്ചർ ബോട്ട് സർവീസും 2018 മുതൽ റോ-റോ സർവീസും കൊച്ചി കോർപ്പറേഷനുമായുള്ള കരാറൊപ്പിട്ട് നടത്തുന്നത് കെഎസ്ഐഎൻസിയാണ്.

പ്രവർത്തനച്ചെലവുകൾ ഉയർന്നുവരുന്നത് പ്രധാന വെല്ലുവിളിയായി കെഎസ്ഐഎൻസി ചൂണ്ടിക്കാട്ടുന്നു. സർവീസ് ആരംഭിക്കുമ്പോൾ ഒരു ലിറ്റർ ഡീസലിന് 53 രൂപയായിരുന്നത് ഇപ്പോൾ ഏകദേശം 95 രൂപയായി ഉയർന്നു. എന്നാൽ, ടിക്കറ്റ് നിരക്കുകൾ മാറ്റമില്ലാതെ തുടരുകയാണ്. ഇന്ധന ഉപഭോഗത്തിലെ വലിയ വ്യത്യാസവും അവർ ഉയർത്തി കാട്ടുന്നു. ഒരു പരമ്പരാഗത ഫെറിക്ക് പ്രതിദിനം ഏകദേശം 100 ലിറ്റർ ഡീസൽ മതിയാകുമ്പോൾ, ഒരു റോ-റോ കപ്പലിന് ഏകദേശം 300 ലിറ്റർ ഡീസൽ ആവശ്യമാണ്.

രണ്ട് കപ്പലുകൾ പ്രവർത്തിപ്പിക്കുമ്പോൾ പ്രതിദിന ഉപഭോഗം 600 ലിറ്റർ വരെ എത്താം. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന സ്പെയർ പാർട്സുകളും ഏകദേശം 4.5 കോടി രൂപ ചെലവ് വരുന്ന ഡ്രൈ ഡോക്കിംഗും അറ്റകുറ്റപ്പണികളെ വലിയ ഭാരമാക്കി മാറ്റുന്നു. ഈ വെല്ലുവിളികൾക്കിടയിലും, 2018 നും 2025 നും ഇടയിൽ റോ-റോ സർവീസ് ഏകദേശം 1.20 കോടി രൂപയുടെ പ്രവർത്തന ലാഭം നേടിയിട്ടുണ്ടെന്നും, ഇത് കോർപ്പറേഷനുമായി തുല്യമായി പങ്കിടുന്നുണ്ടെന്നും കെഎസ്ഐഎൻസി അവകാശപ്പെടുന്നു.

എന്നാൽ, സാമ്പത്തിക തീർപ്പാക്കലുകൾ ഇതുവരെ പൂർത്തിയായിട്ടില്ല. നഷ്‌ടത്തിൽ പ്രവർത്തിക്കുന്നതും 3 രൂപ ടിക്കറ്റ് നിരക്കിൽ ഇപ്പോഴും ഓടുന്നതുമായ ഫോർട്ട് കൊച്ചി പാസഞ്ചർ ബോട്ട് സർവീസുമായി ബന്ധപ്പെട്ട്, ക്രമീകരണങ്ങൾക്ക് ശേഷം കോർപ്പറേഷൻ കെഎസ്ഐഎൻസിക്ക് ഏകദേശം 87 ലക്ഷം രൂപ നൽകാനുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

കോവിഡ് മഹാമാരിയുടെ സമയത്തും പൊതു ഉപയോഗ സേവനമെന്ന നിലയിൽ തടസമില്ലാതെ തുടർന്ന ഈ സർവീസിന്, ഏകദേശം 15 കോടി രൂപ ചെലവിൽ നിർമ്മിച്ച മൂന്നാമത്തെ കപ്പൽ ഉടൻ എത്തുന്നതോടെ കരുത്ത് ലഭിക്കുമെന്നാണ് പ്രതീക്ഷ. പുതിയ കപ്പൽ പ്രവർത്തനക്ഷമമാകുന്നതോടെ, നിലവിലുള്ള ഒരു കപ്പലിനെ അറ്റകുറ്റപ്പണികൾക്കായി മാറ്റും.

പ്രതിദിന വരുമാനം ഏകദേശം 1.5 ലക്ഷം രൂപയും ആവശ്യകത ഉയർന്ന നിലയിലും തുടരുന്ന സാഹചര്യത്തിൽ, റോ-റോ സർവീസിന്റെ വെല്ലുവിളികൾ ലാഭക്ഷമതയിലെ പ്രശ്‌നങ്ങളേക്കാൾ പ്രവർത്തനപരമായ നടത്തിപ്പുമായി ബന്ധപ്പെട്ടതാണെന്നാണ് പൊതുവെ ഉയരുന്ന ആക്ഷേപം. അതുകൊണ്ട് തന്നെ കെഎസ്ഐഎൻസിയെ മാറ്റി നിർത്തികൊണ്ടുള്ള ഒരു നീക്കത്തിനാവും ഇനി കോർപ്പറേഷൻ ശ്രമിക്കുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+