ഫോർട്ട് കൊച്ചി-വൈപ്പിൻ ഭൂഗർഭ തുരങ്കപാത; പണവും സമയവും ലാഭം..! പക്ഷേ, കടക്കാൻ കടമ്പകൾ ഏറെ
കൊച്ചി: നഗരത്തിന്റെ പ്രതീക്ഷകളെ വാനോളം ഉയർത്തി കൊണ്ടാണ് നിരവധി പദ്ധതികൾ നടപ്പിലാക്കി വരുന്നത്. അതിൽ ഏറെയും പൊതുഗതാഗത സംവിധാനങ്ങൾ, മറ്റ് സംഭവ വികാസങ്ങൾ എന്നിവയ്ക്ക് വേണ്ടിയാണ് ഭരണകൂടം ചിലവഴിക്കുന്നത്. ഒരു ഭാഗത്ത് മെട്രോ ഉൾപ്പെടെയുള്ളവയുടെ വികസനത്തിൽ സർക്കാർ ശ്രദ്ധ നൽകിയപ്പോൾ മറുവശത്ത് റോഡ് വികസനത്തിനും വലിയ തോതിൽ ഫണ്ടുകൾ അനുവദിക്കുന്നുണ്ട്.
അത്തരത്തിൽ കൊച്ചി നഗരം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പദ്ധതികളിൽ ഒന്നായാണ് ഫോർട്ട് കൊച്ചി-വൈപ്പിൻ ഭൂഗർഭ തുരങ്കപാത വിഭാവനം ചെയ്‌തിരിക്കുന്നത്. വെറുമൊരു യാത്രാ ഉപാധിയെന്നോ, സാധാരണ റോഡ് എന്നോ കരുതാൻ കഴിയാത്ത ഒന്ന് കൂടിയാണിത്. ഒരു പ്രദേശം മൊത്തം കാത്തിരിക്കുന്ന പദ്ധതികളിൽ മുൻപന്തിയിലാണ് ഇതെന്ന് നിസംശയം പറയാം. ഇതോടെ വൈപ്പിൻകാരുടെ വലിയൊരു പരാതി അവസാനിക്കുകയും ചെയ്യും.

എങ്കിലും കേരളത്തിന് തന്നെ പരിചിതമല്ലാത്ത ഒരു രീതി അവലംബിച്ചു കൊണ്ടാണ് ഫോർട്ട് കൊച്ചിക്കും വൈപ്പിനും ഇടയിൽ റോഡ് വരുന്നത് എന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണല്ലോ. നിലവിൽ ഇന്ത്യയിൽ തന്നെ ഇത്തരം പാത വേറെയില്ല. നടന്നാൽ രാജ്യത്തെ ആദ്യ ഭൂഗർഭ തുരങ്കപാതകളിൽ ഒന്നായി ഫോർട്ട് കൊച്ചി-വൈപ്പിൻ റോഡ് മാറും, പദ്ധതി നടക്കണമെങ്കിൽ ഏറെ വെല്ലുവിളികൾ താണ്ടി വേണമെന്ന് മാത്രം.
ഫോർട്ട് കൊച്ചി-വൈപ്പിൻ ഭൂഗർഭ തുരങ്കപാത നേരിടുന്ന വെല്ലുവിളികൾ
വൈപ്പിൻ-ഫോർട്ട് കൊച്ചി തുരങ്ക പദ്ധതിയിലെ പ്രധാന വെല്ലുവിളികളിൽ ഒന്നായി കണക്കാക്കുന്നത് കടൽത്തീരത്ത് നിന്ന് 35 മീറ്റർ താഴെ നിർമ്മിക്കുക എന്നതാണ്. ഇത് നിലവിൽ കേരളത്തിൽ ഒരിടത്തും നടത്തിയിട്ടുള്ള നിർമ്മാണ പ്രവർത്തിയല്ല. മാത്രമല്ല അത്രയും സാങ്കേതിക വിദ്യ കൈവശമുള്ള കമ്പനികൾക്ക് മാത്രമേ അത് സാധ്യമാവൂ.
മറ്റൊന്ന് ആഴത്തിലുള്ള ഷിപ്പിംഗ് ചാനൽ വഴി സഞ്ചരിക്കുക എന്നതാണ്. ജനസാന്ദ്രത ഏറിയതും ഉയർന്ന മൂല്യമുള്ളതുമായ ഫോർട്ട് കൊച്ചി പ്രദേശത്ത് ഭൂമി ഏറ്റെടുക്കുക എന്നിവയുടെ സാങ്കേതിക ബുദ്ധിമുട്ട് കൂടി ഉൾപ്പെടുന്നു. കൂടാതെ സ്ലറി ഫെയ്‌സ് ടണൽ ബോറിംഗ് മെഷീൻ പോലുള്ള പ്രത്യേക ഉപകരണങ്ങൾ നിർമ്മാണത്തിന് ആവശ്യമായി വരും.
മണ്ണിന്റെ ഘടന ഉൾപ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് വിശദമായ പഠനം നടത്തേണ്ടി വരും. കൂടുതൽ സാങ്കേതിക വിദ്യകൾ ഒരുപക്ഷേ വിദേശത്ത് നിന്ന് പോലും ഇവിടേക്ക് എത്തിക്കേണ്ടിയും വരും. മറ്റൊരു കാര്യം സ്വകാര്യ നിക്ഷേപമോ ടോൾ പിരിവോ ആവശ്യമായി വന്നേക്കാവുന്ന ഗണ്യമായ പദ്ധതി ചെലവ് ഇതിനുണ്ടാവും. അത് പലപ്പോഴും യാത്രക്കാരുടെ മേൽ വർധിച്ച ഭാരം അടിച്ചേൽപ്പിക്കുമോ എന്നുള്ള ആശങ്കയും ഉയരുന്നുണ്ട്.
യാത്രക്കാർക്ക് വലിയ രീതിയിൽ സമയലാഭവും ധനലാഭവും ഒക്കെ ഉണ്ടാക്കാൻ നിർദ്ദിഷ്‌ട ഫോർട്ട് കൊച്ചി-വൈപ്പിൻ ഭൂഗർഭ തുരങ്കപാതയ്ക്ക് കഴിയുമെന്നതാണ് സത്യം. പ്രതിമാസം 1500 രൂപയുടെ ലാഭമെങ്കിലും സ്ഥിരം യാത്രക്കാർക്ക് ഇതുവഴി സഞ്ചരിക്കുന്നതിലൂടെ ഉണ്ടാവുമെന്നാണ് പഠനം. കൂടാതെ ദിവസേന 2 മണിക്കൂർ വച്ച് കണക്ക് കൂട്ടിയാൽ മാസം 60 മണിക്കൂറോളമാണ് ഇവർക്ക് യാത്രക്കായി കുറഞ്ഞു കിട്ടുക.
ഫോർട്ട് കൊച്ചി-വൈപ്പിൻ ഭൂഗർഭ തുരങ്കപാത: വിശദാംശങ്ങൾ
കേരള റെയിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് 2,672 കോടി ചെലവിൽ ഭൂഗർഭ തുരങ്കപാത വികസിപ്പിക്കും. നിർദ്ദിഷ്‌ട ഘടനയിൽ രണ്ട് സമാന്തര തുരങ്കങ്ങൾ ഉണ്ടായിരിക്കും, ഓരോന്നിനും ഒരു ഹൈവേ ലെയ്‌നും ഒരു സർവീസ് ലെയ്‌നും ഉണ്ടായിരിക്കും.
12.5 മീറ്റർ പുറം വ്യാസവും 11.25 മീറ്റർ ആന്തരിക വീതിയുമുള്ള ഈ തുരങ്കങ്ങൾ സമുദ്രനിരപ്പിൽ നിന്ന് 35 മീറ്റർ താഴെയായിരിക്കും. ഇത് കപ്പലുകൾക്ക് 20 മീറ്റർ ആഴം നൽകുകയും ഭാവി തുറമുഖ വികസനത്തിന് സൗകര്യമൊരുക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ.












Click it and Unblock the Notifications