ഫോർട്ട് കൊച്ചി-വൈപ്പിൻ ഭൂഗർഭ തുരങ്കപാത; ഭാവി അനിശ്ചിതത്വത്തിൽ, പുതിയ സർക്കാർ പദ്ധതി ഉപേക്ഷിക്കുമോ?
ബെംഗളൂരു: എൽഡിഎഫ് സർക്കാരിന്റെ സ്വപ്‌ന പദ്ധതിയായ കെ റെയിൽ അഥവാ സിൽവർ ലൈൻ റദ്ദാക്കുന്നതായി കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി വിഡി സതീശൻ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ പല ബൃഹദ് പദ്ധതികളെ കുറിച്ചും ആശങ്ക ശക്തമാവുകയാണ്. അതിൽ പ്രധാനമാണ് ഫോർട്ട് കൊച്ചി-വൈപ്പിൻ ഭൂഗർഭ തുരങ്കപാത. പദ്ധതിയുടെ നടത്തിപ്പിനായി നിയോഗിച്ച കെ-റെയിലിന്റെ പ്രധാന പദ്ധതി ഇല്ലാതായതോടെ ഇതിന്റെ ഭാവി എന്താവുമെന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം.
കേരളത്തിലെ ആദ്യ കടലിനടി റോഡ് തുരങ്കമെന്ന വിശേഷണത്തോടെ ശ്രദ്ധ നേടുന്ന ഫോർട്ട് കൊച്ചി-വൈപ്പിൻ തുരങ്കപാത പദ്ധതി നിർണായക ഘട്ടത്തിലേക്ക് കടക്കുന്ന വേളയിലാണ് പുതിയ സർക്കാർ അധികാരമേറ്റത്. ഏകദേശം 2672 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി യാഥാർത്ഥ്യമായാൽ, കൊച്ചിയിലെ തീരദേശ ഗതാഗത രംഗത്ത് വലിയ മാറ്റത്തിന് വഴിയൊരുങ്ങും. യാത്രാസമയം ഗണ്യമായി കുറയുന്നതിനൊപ്പം യാത്രാചെലവും കുറഞ്ഞേക്കുമെന്നാണ് വിലയിരുത്തൽ.

അറബിക്കടലിനടിയിലൂടെ ഏകദേശം 2.75 കിലോമീറ്റർ ദൂരത്തിൽ ഫോർട്ട് കൊച്ചി-വൈപ്പിൻ മേഖലകളെ ബന്ധിപ്പിക്കുന്ന തരത്തിലാണ് തുരങ്കം രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. കൊച്ചി തുറമുഖത്തിന്റെ പ്രധാന കപ്പൽപ്പാതയ്ക്ക് അടിയിലൂടെയാകും തുരങ്കം കടന്നുപോകുക. 12.5 മീറ്റർ പുറം വ്യാസവും 11.25 മീറ്റർ ഉൾവ്യാസവുമുള്ള ഇരട്ട ട്യൂബുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കടലിനടിയിൽ ഏകദേശം 35 മീറ്റർ താഴ്‌ചയിലാണ് ഇവ സ്ഥാപിക്കുക.
ആകെ പദ്ധതിയിൽ 1.75 കിലോമീറ്റർ തുരങ്കഭാഗവും ഒരു കിലോമീറ്റർ കട്ട് ആൻഡ് കവർ സമീപന പാതകളും ഉൾപ്പെടും. ഓരോ ട്യൂബിലും പ്രധാന ഗതാഗത പാതയ്ക്കൊപ്പം സർവീസ് പാതയും ഉണ്ടാകും. 250 മീറ്റർ ഇടവേളകളിൽ അടിയന്തര സ്‌റ്റോപ്പ് ബേകളും 500 മീറ്ററിൽ രക്ഷാപാതകളും സജ്ജീകരിക്കും. വെന്റിലേഷൻ, ലൈറ്റിംഗ്, ഫയർ സേഫ്റ്റി, ആശയവിനിമയ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള ആധുനിക സുരക്ഷാ സംവിധാനങ്ങളും ഒരുക്കും.
യാത്രാ സമയം ഗണ്യമായി കുറയും
നിലവിൽ വൈപ്പിനിൽ നിന്ന് എറണാകുളത്തേക്കോ ഫോർട്ട് കൊച്ചിയിലേക്കോ എത്താൻ യാത്രക്കാർ ഫെറിയെയോ ഗോശ്രീ പാലം വഴിയുള്ള ദൈർഘ്യമേറിയ റോഡ് യാത്രയെയോ ആശ്രയിക്കേണ്ട സാഹചര്യമാണുള്ളത്. ഏകദേശം 16 കിലോമീറ്റർ ദൂരവും രണ്ടര മണിക്കൂർ വരെയുള്ള യാത്രാസമയവും പലപ്പോഴും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. തുരങ്കപാത യാഥാർത്ഥ്യമായാൽ ഈ ദൂരം മൂന്ന് കിലോമീറ്ററായി ചുരുങ്ങുകയും 30 മിനിറ്റിനുള്ളിൽ ലക്ഷ്യസ്ഥാനത്തെത്താനാകുകയും ചെയ്യും. യാത്രാചെലവും 50 മുതൽ 100 രൂപ വരെയായി കുറയുമെന്നാണ് പ്രതീക്ഷ.
സാധ്യതാപഠന റിപ്പോർട്ട് പ്രകാരം ഒരു സാധാരണ യാത്രക്കാരന് പ്രതിമാസം ഏകദേശം 1,500 രൂപയും 60 മണിക്കൂറിലേറെ യാത്രാസമയവും ലാഭിക്കാനാകും എന്നാണ് പറയപ്പെടുന്നത്. ടോൾ ഇല്ലാതെ തന്നെ 2025-ഓടെ പ്രതിദിനം 14,606 പാസഞ്ചർ കാർ യൂണിറ്റുകൾ തുരങ്കം ഉപയോഗിക്കുമെന്നാണ് കണക്ക്. തീരദേശ ഗതാഗതം വർധിക്കുന്നതിനനുസരിച്ച് ഭാവിയിൽ ഈ എണ്ണം ഇനിയും ഉയരാനാണ് സാധ്യത.
തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ നീളുന്ന കേരളത്തിന്റെ തീരദേശ ഹൈവേ പദ്ധതിയിലെ പ്രധാന കണ്ണിയായാണ് ഫോർട്ട് കൊച്ചി-വൈപ്പിൻ തുരങ്കത്തെ കണക്കാക്കുന്നത്. കൊച്ചി തുറമുഖത്തിന്റെ പ്രധാന ഷിപ്പിംഗ് ചാനലിന് മുകളിലൂടെ വലിയ പാലം നിർമിക്കുന്നത് സാങ്കേതികമായും സാമ്പത്തികമായും പ്രായോഗികമല്ലെന്ന വിദഗ്ധ അഭിപ്രായത്തെ തുടർന്നാണ് തുരങ്കപാതയ്ക്ക് മുൻഗണന ലഭിച്ചത്.
വെല്ലുവിളികൾ ഏറെ
നേരത്തെ കെ-റെയിൽ തയ്യാറാക്കിയ സാധ്യതാപഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് വകുപ്പ് താൽപ്പര്യപത്രം ക്ഷണിക്കാനുള്ള നടപടികളിലേക്ക് കടന്നിരുന്നു. കിഫ്ബി വഴിയാകും പദ്ധതിക്ക് ധനസഹായം ലഭിക്കുമെന്നാണ് പ്രതീക്ഷ. എഞ്ചിനീയറിംഗ് സങ്കീർണ്ണതയും ഭൂമി ഏറ്റെടുക്കലും പദ്ധതിയുടെ പ്രധാന വെല്ലുവിളികളായി തുടരുന്ന വേളയിലാണ് ഭരണമാറ്റവും ഉണ്ടായിരിക്കുന്നത്. ഇത് പദ്ധതിയുടെ ഭാവിയെ കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തുന്നു.














Click it and Unblock the Notifications