Get Updates
Get notified of breaking news, exclusive insights, and must-see stories!

താനൂർ ബോട്ടപകടം മുതൽ ഷഹനയുടെ ആത്മഹത്യ വരെ; ഈ വർഷം കേരളം ഏറ്റവുമധികം കേട്ട വാർത്തകൾ...

വാർത്തകളെ അങ്ങേയറ്റം ഗൗരവത്തോടെ സമീപിക്കുന്നവരാണ് മലയാളികൾ. നെല്ലും പതിരും തിരിച്ചറിയാനും വാർത്തകൾ വിശകലനം ചെയ്‌ത്‌ അഭിപ്രായം രൂപീകരിക്കാനും കെൽപുള്ളവർ. 2023 അവസാനത്തിലേക്ക് അടുത്തിരിക്കവേ ഇക്കുറി മലയാളികളുടെ പൊതുബോധത്തെ ഉണർത്തിയതും, വേദനിപ്പിച്ചതും, ചിന്തിപ്പിച്ചതുമായ ഒട്ടനേകം വാർത്തകൾ കടന്നുപോയിട്ടുണ്ട്. അതിൽ കേരളം ഏറ്റവുമധികം ശ്രദ്ധിച്ച പത്ത് വാർത്തകൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം...

1. താനൂർ ബോട്ട് അപകടം

ഈ വർഷം മെയ് ഏഴിനായിരുന്നു കേരളത്തെ നടുക്കിയ മലപ്പുറം താനൂരിലെ ബോട്ട് അപകടം നടന്നത്. ഉൾക്കൊള്ളാവുന്നതിലും അധികം ആളുകളെ കയറിയതാണ് വൻ ദുരന്തത്തിലേക്ക് നയിച്ചത്. മരണപ്പെട്ടവരിൽ ഒരു കുടുംബത്തിൽ നിന്നുള്ള എട്ട് പേർ ഉൾപ്പെട്ടിരുന്നു എന്നത് അതിന്റെ വ്യാപ്‌തി വെളിവാക്കുന്നു. ഇതിന് പിന്നാലെ കേരളത്തിലെ വിനോദ സഞ്ചാരം മേഖലയിൽ ഉപയോഗിക്കുന്ന ഹൗസ് ഉൾപ്പെടെയുള്ളവയുടെ സുരക്ഷിതത്വത്തെ കുറിച്ചുള്ള ആശങ്കകൾ ഉയരുകയും ചെയ്‌തിരുന്നു.

news2023

2. കൊല്ലത്ത് കുട്ടിയെ തട്ടികൊണ്ട് പോയ സംഭവം

ഏറെ ജനശ്രദ്ധ നേടിയ വാർത്തയായിരുന്നു കൊല്ലത്ത് ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസ്. നവംബർ 27ന് വൈകുന്നേരം നാലരയോടെയാണ് ഓയൂരിൽ വച്ച് ആറു വയസുകാരിയെ അജ്ഞാത സംഘം തട്ടികൊണ്ട് പോയെന്ന വാർത്ത പരന്നത്.

ഇതിന് പിന്നാലെ പോലീസ് അന്വേഷണവും ആരംഭിച്ചു. എന്നാൽ ഇതിനിടയിൽ പിറ്റേന്ന് കുട്ടിയെ ഇവർ ഉപേക്ഷിച്ചതോടെ കേസിന്റെ ഗതിമാറി. ഒടുവിൽ ചാത്തന്നൂർ സ്വദേശി പത്മകുമാറും, ഭാര്യയും മകളും കേസിൽ അറസ്‌റ്റിലാവുന്നത് വരെ അതിന്റെ ഉദ്വേഗം നിലനിന്നു.

3. ഉമ്മൻചാണ്ടി വേർപാട്

ഈ വർഷം ജൂലൈ 18നാണ് കേരളത്തിന്റെ സമുന്നതനായ നേതാവ് ഉമ്മൻ ചാണ്ടി അന്തരിച്ചത്. കോൺഗ്രസ് നേതാവ് എന്നതിലുപരി ജനകീയനായിരുന്ന മുഖ്യമന്ത്രി കൂടിയായിരുന്നു അദ്ദേഹം. തന്റെ അഞ്ച് പതിറ്റാണ്ടിലധികം നീണ്ട പൊതുപ്രവർത്തനത്തിന്റെ അവശേഷിപ്പുകൾ ബാക്കിയാക്കി പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ് മടങ്ങിയപ്പോൾ, മലയാളിയുടെ വാർത്തകളിലെ പ്രഥമ സ്ഥാനം അതിനായിരുന്നു.

4. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്

ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെ ഒഴിവ് വന്ന പുതുപ്പള്ളി മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് കേരളം ഉറ്റുനോക്കുന്ന ഒന്നായിരുന്നു. സർക്കാരിന്റെ വികസന പ്രവർത്തനങ്ങളുടെ പ്രതിഫലനം എന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള യുഡിഎഫ് കക്ഷികൾ ചാണ്ടി ഉമ്മാന്റെ വിജയത്തെ വിശേഷിച്ചപ്പോൾ സഹതാപ തരംഗം എന്നായിരുന്നു ജയ്ക്കിന്റെ തോൽ‌വിയിൽ സിപിഎം മറുപടി.

5. എലത്തൂർ ട്രെയിൻ തീവെപ്പ്

ഏപ്രിൽ മാസം രണ്ടാം തീയതിയാണ് കേരളത്തിനെ ഭയത്തിലാഴ്ത്തിയ മറ്റൊരു സംഭവം അരങ്ങേറിയത്. ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസിലെ ഡി വൺ കോച്ചിൽ യാത്രക്കാരെ പെട്രോൾ ഒഴിച്ചു തീകൊളുത്തിയ യുവാവ് സൃഷ്‌ടിച്ച നഷ്‌ടം ചെറുതായിരുന്നില്ല.

പെട്ടെന്നുണ്ടായ സംഭവത്തിന്റെ പരിഭ്രാന്തിയിൽ ട്രെയിനിൽനിന്ന് എടുത്തുചാടിയ ഒരു കുട്ടിയടക്കം മൂന്നുപേർ മരിക്കുകയും ഒൻപത് പേർക്ക് പൊള്ളലേൽക്കുകയും ചെയ്‌തിരുന്നു. കേസിലെ ഏക പ്രതിയായ ഷാരൂഖ് സെയ്‌ഫി ഇപ്പോഴും ജയിലിൽ കഴിയുകയാണ്.

6. വിഴിഞ്ഞം തുറമുഖത്തിലേക്ക് ആദ്യ കപ്പൽ

കേരള സർക്കാരിന്റെ വികസന നേട്ടമെന്ന് ഉയർത്തി കാട്ടിയ വിഴിഞ്ഞം തുറമുഖത്തിലേക്ക് ആദ്യ കപ്പൽ അടുത്ത് ചരിത്രം കുറിച്ചതും ഈ വർഷമായിരുന്നു. ചൈനീസ് കപ്പല്‍ ഷെന്‍ ഹുവ -15 ആണ് വിഴിഞ്ഞം തുറമുഖത്ത് എത്തിയത്. ഒക്ടോബർ മാസം നടന്ന പ്രൗഡ ഗംഭീരമായ ചടങ്ങിലൂടെ ഈ നേട്ടം സംസ്ഥാന സർക്കാർ ഏവരെയും അറിയിച്ചു.

7. കളമശ്ശേരി സ്ഫോടനം

ഒക്ടോബർ 29നാണ് കളമശ്ശേരി സാമ്ര കൺവെൻഷൻ സെന്ററിൽ യഹോവ സാക്ഷികളുടെ കൺവെൻഷൻ നടക്കുന്ന സമയത്ത് സ്ഫോടനമുണ്ടായത്. കേരളത്തിന് അത്രത്തോളം പരിചിതമല്ലാത്ത സ്ഫോടനം ഭയത്തിന്റെ നിമിഷങ്ങളാണ് വിതറിയത്. സംഭവത്തിൽ ആകെ എട്ട് പേർക്കാണ് ജീവൻ നഷ്‌ടമായത്. കേസിൽ അറസ്‌റ്റിലായ തമ്മനം സ്വദേശി ഡൊമിനിക് മാർട്ടിൻ റിമാൻഡിലാണ്.

8. ആലുവ കൊലപാതകം-ശിക്ഷാവിധി

ജൂലായ് 28നാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. എറണാകുളത്തെ ഏറ്റവും തിരക്കേറിയ നഗരപ്രദേശങ്ങളിൽ ഒന്നായ ആലുവയിലായിരുന്നു കുറ്റകൃത്യം റിപ്പോർട്ട് ചെയ്‌തത്‌. വൈകുന്നേരം മൂന്ന് മണിയോടെ വീടിന് സമീപം കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതായത്.

പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിനോടുവിൽ പിറ്റേന്ന് ആലുവ മാർക്കറ്റിന് പിന്നിലുള്ള കുറ്റിക്കാട്ടിൽ നിന്ന് കുട്ടിയുടെ മൃതദേഹം പോലീസ് കണ്ടെടുക്കുകയായിരുന്നു. മൂന്നര മാസങ്ങൾക്ക് ശേഷം കേസിൽ പ്രതി അസ്‌ഫാക് ആലത്തിന് കോടതി വധ ശിക്ഷ വിധിക്കുകയും ചെയ്‌തു.

9. കുസാറ്റ് ദുരന്തം

നിറംപിടിപ്പിച്ച ആഘോഷങ്ങൾക്ക് വേദിയാകേണ്ടിയിരുന്ന ഒരു കലാലയ പരിസരം വലിയ ദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ട വന്നതും ഇക്കുറി കേരളത്തിന് കാണേണ്ടി വന്നു. കാമ്പസിൽ ടെക്ഫെസ്‌റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച സംഗീത പരിപാടിക്കിടെയുണ്ടായ അപകടത്തിൽ നാല് വിദ്യാർത്ഥികളാണ് മരിച്ചത്.

സ്‌കൂൾ ഓഫ് എഞ്ചിനിയറിങ്ങിലെ രണ്ടാം സെമസ്‌റ്റർ വിദ്യാർഥി കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി, നോർത്ത് പറവൂർ സ്വദേശിനി ആൻ റുഫ്റ്റ, കോഴിക്കോട് താമരശ്ശേരി സ്വദേശിനി സാറ തോമസ്, പാലക്കാട് മുണ്ടൂർ സ്വദേശി ആൽവിൻ ജോസഫ് എന്നിവരാണ് മരിച്ചത്.

10. ഡോ. ഷഹനയുടെ ആത്മഹത്യ

ഈ വർഷം അവസാനിക്കാനിരിക്കെയാണ് ദൗർഭാഗ്യകരമായ മറ്റൊരു വാർത്ത കൂടി പുറത്ത് വന്നത്. മറ്റൊരു സ്ത്രീധന ആത്മഹത്യ കൂടി നടന്നത് കേരളത്തെ ശരിക്കും ഞെട്ടിച്ചു. തിരുവനന്തപുരം: മെഡിക്കൽ കോളജിലെ പിജി വിദ്യാർഥിയായിരുന്ന ഷഹനയുടെ ആത്മഹത്യയുടെ നിജസ്ഥിതി പിന്നീടാണ് പുറത്തുവന്നത്.

വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്ന മറ്റൊരു ഡോക്‌ടറായ റുവൈസിന്റെയും കുടുംബത്തിന്റെയും അത്യാർത്തി ഒരു ജീവനെടുക്കുന്നതിലേക്ക് നയിക്കുകയായിരുന്നു. കേസിൽ റുവൈസ് പോലീസ് പിടിയിലായിരുന്നു. അന്വേഷണം പുരോഗമിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+