'രാജ്യത്തെ നിയമവ്യവസ്ഥയെ വെല്ലുവിളിച്ച ആൾക്കെതിരെ കേസെടുത്തത് ഒരു മാസം കഴിഞ്ഞ്..'; ഒളിയമ്പുമായി ജി സുധാകരൻ
ആലപ്പുഴ: തപാൽ വോട്ട് വിവാദത്തിൽ കേസെടുത്ത പോലീസിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഐഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ. താൻ പറഞ്ഞതിന് എന്താണ് തെളിവുള്ളത് എന്നും തനിക്കെതിരെ കേസെടുത്ത പോലീസാണ് പുലിവാൽ പിടിച്ചതെന്നും സുധാകരൻ പറഞ്ഞു. പെട്ടെന്ന് കേസെടുത്തതിന്റെ കാരണം അറിയില്ലെന്നും അത് ജില്ലാ പോലീസ് മേധാവിയോട് ചോദിക്കേണ്ടി വരുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.
മാത്രമല്ല മന്ത്രി സജി ചെറിയാനെതിരെ ജി സുധാകരന്റെ വക ഒരു ഒളിയമ്പും ഉണ്ടായിരുന്നു. മുൻപ് ഭരണഘടനയുമായി ബന്ധപ്പെട്ട വിവാദത്തിൽ സജി ചെറിയാനെതിരെ കേസെടുക്കാൻ പോലീസ് വൈകിയെന്ന് വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയർന്നിരുന്നു. പ്രസംഗത്തിന്റെ വിഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ വ്യാപകമായി പ്രചരിച്ചിട്ടും എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യാൻ വൈകിയെന്ന പ്രതിപക്ഷ ആരോപണം ഏറ്റുപിടിക്കുകയാണ് സുധാകരൻ.

രാജ്യത്തിന്റെ നിയമവ്യവസ്ഥയെ മുഴുവൻ വെല്ലുവിളിച്ച ആൾക്കെതിരെ എന്ത് നിയമ നടപടിയാണ് സ്വീകരിച്ചത് എന്നായിരുന്നു ജി സുധാകരന്റെ ചോദ്യം. ഒരു മാസം എടുത്താണ് സംഭവത്തിൽ എഫ്ഐആർ റജിസ്‌റ്റർ ചെയ്‌തത് എന്നാണ് സുധാകരൻ പറഞ്ഞത്. എന്നാൽ തന്റെ സംഭവത്തിൽ മൂന്ന് ദിവസത്തിനുള്ളിലാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയതെന്നും ജി സുധാകരൻ ആരോപിക്കുന്നു.
തന്റെ പ്രസംഗത്തെ സുധാകരൻ ന്യായീകരിക്കുകയും ചെയ്‌തു. നെഗറ്റീവ് ആയ കാര്യം പറഞ്ഞ് പോസിറ്റീവ് ആക്കാനുള്ള പ്രസംഗ തന്ത്രമാണ് താൻ ഉപയോഗിച്ചത്. തനിക്കെതിരെ കേസെടുത്തത് തെറ്റായിപ്പോയി എന്ന് മുൻ ജസ്‌റ്റിസ് കമാൽ പാഷ വരെ പറഞ്ഞിട്ടുണ്ട്. ഇത്തരത്തിൽ അഭിഭാഷകർ വരെ തനിക്കൊപ്പമാണ് എന്നും ജി സുധാകരൻ ആത്മവിശ്വാസം പ്രകടിപ്പിക്കുകയുണ്ടായി.
തെറ്റ് ചെയ്‌തിട്ടില്ല എന്നതിനാൽ മുൻകൂർ ജാമ്യത്തിനായി അപേക്ഷിക്കുന്നില്ലെന്നും ജി സുധാകരൻ വ്യക്തമാക്കി. പോലീസ് അറസ്‌റ്റ് ചെയ്യാൻ വരുന്നത് കാത്തുനിൽക്കുകയാണ് താനും. എന്ത് തെറ്റാണ് താൻ ചെയ്‌തത് എന്ന് പോലീസ് കോടതിയിൽ പറയട്ടെ; ജി സുധാകരൻ സംഭവത്തിൽ നിലപാട് വ്യക്തമാക്കി. വിവാദ പ്രസംഗത്തിൽ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
36 വര്‍ഷം മുന്‍പ് ആലപ്പുഴയില്‍ മത്സരിച്ച കെവി ദേവദാസിനായി തപാല്‍ വോട്ട് തിരുത്തിയെന്ന ഗുരുതര വെളിപ്പെടുത്തലാണ് ജി സുധാകരന്‍ കഴിഞ്ഞ ദിവസം നടത്തിയത്. വെളിപ്പെടുത്തലില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തനിക്കെതിരെ കേസെടുത്താലും കുഴപ്പമില്ലെന്നും ജി സുധാകരന്‍ പറഞ്ഞിരുന്നു. തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരമാണ് സുധാകരനെതിരെ പോലീസ് കേസെടുത്തത്.












Click it and Unblock the Notifications