'ഗണേഷ് കുമാർ സ്ത്രീ വിഷയത്തിൽ ഒട്ടും കൊള്ളരുതാത്തവൻ, ഉമ്മൻചാണ്ടിയെ ഒറ്റുകൊടുത്തു'; വെള്ളാപ്പള്ളി നടേശൻ
കൊല്ലം: മുൻ മന്ത്രിയും കേരള കോൺഗ്രസ് ബി നേതാവുമായ കെബി ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇടത് സർക്കാരിനെതിരെയും എഎൻ ഷംസീർ അടക്കമുള്ള നേതാക്കൾക്ക് എതിരെയും വെള്ളാപ്പള്ളി പ്രതികരിക്കുകയും ചെയ്‌തിട്ടുണ്ട്. ആലപ്പുഴയിൽ നടന്ന എസ്എൻ ട്രസ്‌റ്റിന്റെ പൊതുയോഗത്തിലാണ് ഗണേഷിനെതിരായ പരിഹാസം.
കെബി ഗണേഷ് കുമാർ ഒരു പരനാറിയാണെന്നും ജീവിതത്തിൽ യാതൊരുവിധ വ്യക്തിശുദ്ധിയുമില്ലാത്ത ആളാണെന്നും വെള്ളാപ്പള്ളി നടേശൻ ആഞ്ഞടിച്ചു. മാത്രമല്ല സാമ്പത്തിക കാര്യങ്ങളിലും സ്ത്രീവിഷയങ്ങളിലും ഒട്ടും കൊള്ളരുതാത്തവനാണ് ഗണേഷ് കുമാറെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. മുൻ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ ചതിക്കുകയും ഒറ്റിക്കൊടുക്കുകയും ചെയ്‌ത പശ്ചാത്തലത്തിലാണ് ഗണേഷിന് എൽഡിഎഫ് മന്ത്രിസ്ഥാനം നൽകിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മുൻ സ്‌പീക്കർ ഷംസീറിനെതിരെയും വെള്ളാപ്പള്ളി രൂക്ഷമായ ഭാഷയിലായിരുന്നു സംസാരിച്ചത്. ഷംസീർ യഥാർത്ഥത്തിൽ ഒരു കമ്മ്യൂണിസ്‌റ്റുകാരനല്ലെന്നും മറിച്ച് മുസ്ലിം ലീഗിന്റെ മനസുള്ള ആളാണെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. പിണറായി വിജയനെപ്പോലുള്ള മുതിർന്ന നേതാക്കൾ ഒരുപാട് ത്യാഗങ്ങൾ അനുഭവിച്ചാണ് ഇന്നത്തെ നിലയിലെത്തിയതെങ്കിൽ ഷംസീർ വളരെ ചുളുവിലൂടെ നേതാവായി മാറിയ ആളാണെന്നും അദ്ദേഹം പറയുന്നു.
തിരഞ്ഞെടുപ്പ് പരാജയത്തിൽ പിണറായി വിജയനെ മാത്രം ക്രൂശിക്കുന്നതിനെയും വെള്ളാപ്പള്ളി നടേശൻ വിമർശിച്ചു. ഭരണത്തിൽ പങ്കാളികളായ സഖാക്കൾ സുഖിച്ചു നടന്നതുകൊണ്ടാണ് ഇടതുപക്ഷത്തിന് കേരളത്തിൽ മൂന്നാം തവണയും സർക്കാർ രൂപീകരിക്കാൻ സാധിക്കാതെ പോയത്. അധികാരമോഹികളായ കമ്മ്യൂണിസ്‌റ്റുകാരും ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളുമാണ് ഇടതുപക്ഷത്തെയും പിണറായി വിജയനെയും തോൽപ്പിച്ചതെന്നും വെള്ളാപ്പള്ളി പറയുന്നു.
പരാജയത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ തലയിൽ മാത്രം കെട്ടിവെക്കാനാണ് ചിലർ ശ്രമിക്കുന്നത്. പിണറായിയെ നേരിട്ട് എതിർക്കാൻ മടിയുള്ളതുകൊണ്ടാണ് അവർ തനിക്കെതിരെ തിരിയുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. പിണറായി വിജയൻ തങ്ങൾക്ക് ചെയ്‌തുതരാൻ കഴിയുന്ന കാര്യങ്ങൾ പോലും ചെയ്‌തു തന്നിട്ടില്ലെങ്കിലും അദ്ദേഹത്തെ തള്ളിപ്പറയില്ലെന്നും വെള്ളാപ്പള്ളി പറയുന്നു.
പിണറായിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ആയിരുന്ന പി ശശിയേയും വെള്ളാപ്പള്ളി കടുത്ത ഭാഷയിൽ വിമർശിച്ചു. എസ്എൻഡിപിക്കെതിരായ കേസുകളിൽ ഇടപെട്ടുകൊണ്ട് പി. ശശി നിരന്തരം പാരകൾ വെക്കുകയായിരുന്നു. മുൻപ് നയനാരുടെ കൂടെ ഉണ്ടായിരുന്ന കാലത്തും ശശി പല വൃത്തികേടുകളും ചെയ്‌തിട്ടുണ്ടെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
അതേസമയം, കെബി ഗണേഷ് കുമാറിനെതിരെ കേരളത്തിലെ രണ്ട് പ്രബല സമുദായ സംഘടനകളും നിലവിൽ വാളെടുത്തിരിക്കുകയാണ്. നേരത്തെ സുകുമാരൻ നായരുമായുള്ള ഗണേഷ് കുമാറിന്റെ ഭിന്നത പരസ്യമായി മറനീക്കി പുറത്തുവന്നിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയും ഗണേഷിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.


Click it and Unblock the Notifications