'കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിക്കൂ, കൂടുതൽ സഹായം നൽകാം'; വിവാദമായി ജോർജ് കുര്യന്റെ പ്രസ്‌താവന
കൊച്ചി: കേന്ദ്രബജറ്റിന് പിന്നാലെ കേരളത്തെ ആക്ഷേപിച്ച കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ പ്രസ്‌താവന വിവാദത്തിൽ. കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിച്ചാൽ കൂടുതൽ സഹായം നൽകാമെന്നായിരുന്നു ജോർജ് കുര്യൻ പറഞ്ഞത്. ഉരുൾപൊട്ടൽ ദുരിതം മൂലം വലയുന്ന വയനാടിന് സഹായം ലഭിക്കാത്തതിനെ കുറിച്ചുള്ള ചോദ്യത്തിനാണ് മലയാളിയായ കേന്ദ്ര സഹമന്ത്രി ഇത്തരത്തിൽ പ്രതികരിച്ചത്.
പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്കാണ് ആദ്യം സഹായം നൽകുന്നത്. 'കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിക്കൂ. കേരളം മറ്റു സംസ്ഥാനങ്ങളേക്കാൾ വിദ്യാഭ്യാസപരമായി പിന്നാക്കമാണ്, സാമൂഹികമായി പിന്നാക്കമാണ്, അടിസ്ഥാന സൗകര്യമേഖലയിൽ പിന്നാക്കമാണ് എന്ന് പറഞ്ഞാൽ അത് പരിശോധിച്ചു കേന്ദ്രത്തിന് റിപ്പോർട്ട് നൽകും' ജോർജ് കുര്യൻ പറഞ്ഞു.

എയിംസ് കേരളത്തിന് അനുവദിക്കാത്തതിനോടുള്ള ചോദ്യത്തോട് ബജറ്റിൽ അല്ല എയിംസ് പ്രഖ്യാപിക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ മുൻഗണന അനുസരിച്ച് എയിംസ് പ്രഖ്യാപിക്കും. നിലവിൽ കിഴക്കൻ മേഖലയിലെ സംസ്ഥാനങ്ങളുടെ വികസനത്തിലാണ് കൂടുതൽ ശ്രദ്ധ നൽകുന്നതെന്നും ജോർജ് കുര്യൻ ചൂണ്ടിക്കാട്ടി.
ബിഹാർ പതിറ്റാണ്ടുകളായി ആവശ്യപ്പെട്ട കാര്യങ്ങളാണ് ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിന് കൂടുതൽ പ്രാധാന്യം നൽകിയുള്ള ബജറ്റിനെതിരെ സംസ്ഥാനത്തെ യുഡിഎഫ്, എൽഡിഎഫ് നേതാക്കൾ രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ കടുത്ത ഭാഷയിലാണ് കേന്ദ്രത്തെ വിമർശിച്ചത്.
ഇതിന് പിന്നാലെയാണ് മന്ത്രിയുടെ വിവാദ പ്രസ്‌താവന. എന്നാൽ കേരളത്തിൽ നിന്നുള്ള ഏക ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി ഇതുവരെ ബജറ്റിനെ കുറിച്ച് തന്റെ പ്രതികരണം അറിയിച്ചിട്ടില്ല. ആദായനികുതി ഇളവ് നൽകുന്ന പ്രഖ്യാപനത്തെ സുരേഷ് ഗോപി പർലമെന്റിൽ ആർപ്പ് വിളിച്ചുകൊണ്ടാണ് സ്വീകരിച്ചത്.
അതിനിടെ എയിംസ് വിഷയത്തിൽ കേന്ദ്രത്തിനെതിരെ സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോർജ് രംഗത്ത് വന്നു. കേരളത്തിന്റെ ദീർഘനാളത്തെ ആവശ്യമായ എംയിസ് ഉൾപ്പെടെ കേന്ദ്ര ബജറ്റിൽ അനുവദിക്കാത്തത് പ്രതിഷേധാർഹമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ആരോഗ്യ മേഖലയോട് തികച്ചും അവഗണനയാണ് ബജറ്റിൽ ഉണ്ടായിരിക്കുന്നതെന്ന് വീണ ജോർജ് പറഞ്ഞു.
എയിംസിനായി കേന്ദ്രം പറഞ്ഞ നിബന്ധനകൾക്കനുസരിച്ച് കോഴിക്കോട് കിനാലൂരിൽ ഭൂമിയുൾപ്പെടെ ഏറ്റെടുത്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നു. കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിമാരെ കണ്ട് നിരവധി തവണ ഇക്കാര്യത്തിൽ അഭ്യർത്ഥനയും നടത്തിയിരുന്നുവെന്നും വീണ ജോർജ് കൂട്ടിച്ചേർത്തു.












Click it and Unblock the Notifications