'ഇനി ഒരു തീരുമാനവും എടുക്കുന്നില്ല, എല്ലാം ദൈവത്തിനറിയാം..'; വിവാദങ്ങളോട് പ്രതികരിച്ച് മന്ത്രി ഗണേഷ് കുമാർ
തിരുവനന്തപുരം: ഇലക്ട്രിക് ബസുകളുമായി ബന്ധപ്പെട്ട വിവാദ പ്രസ്‌താവനയിൽ പ്രതികരിച്ച് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ഞാൻ പറഞ്ഞതെല്ലാം സത്യമാണെന്നു ദൈവത്തിനറിയാം. ഞാൻ ഇനി കണക്ക് പറയുന്നില്ല. ഇനി ഒരു തീരുമാനവും എടുക്കുന്നില്ല. ശിക്ഷിച്ചു കഴിഞ്ഞാൽ പിന്നെ തീരുമാനം എടുക്കേണ്ടല്ലോ. എന്തെങ്കിലും അറിയിക്കാനുണ്ടെങ്കിൽ അത് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.
സ്വകാര്യ മേഖലയുമായി ബന്ധപ്പെട്ട വിഷയത്തിലും ഗണേഷ് തന്റെ നിലപാട് വ്യക്തമാക്കി. പ്രൈവറ്റ് മേഖല സംസ്ഥാനത്തിന് ആവശ്യമാണ്. ബസ് സർവീസുകളിൽ റീ ഷെഡ്യുളിങ് നടക്കുന്നുണ്ട്. തന്നെ ഉപദ്രവിക്കാൻ ചില ആളുകൾക്ക് താൽപര്യമുണ്ടെന്നും താൻ ആരെയും ദ്രോഹിക്കാറില്ലെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ നികുതി കൂടുതലാണ്. അതിനാൽ വാഹന രജിസ്ട്രേഷന്റെ വരുമാനം പുറത്ത് പോകുന്നു. ഇത് സർക്കാർ പരിശോധിക്കുമെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.

നേരത്തെ ഇലക്ട്രിക് ബസുകള്‍ ലാഭകരമല്ലെന്ന നിലപാട് വിവാദമാവുകയും, എന്നാൽ കെഎസ്ആര്‍ടിസി വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഇത് തെറ്റാണെന്ന് തെളിയിക്കുന്ന തരത്തിൽ ഇ ബസുകള്‍ ലാഭകരമാണെന്ന കണക്കുകള്‍ പുറത്ത് വരികയും ചെയ്‌ത സാഹചര്യത്തിലായിരുന്നു ഗതാഗത മന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്.
ഇലക്ട്രിക് ബസുകളുടെ വരവ് ചെലവ് കണക്കുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് കെഎസ്ആര്‍ടിസി, ഗതാഗത മന്ത്രി ഗണേഷ് കുമാറിന് കഴിഞ്ഞ ദിവസമാണ് സമര്‍പ്പിച്ചത്. കഴിഞ്ഞ 9 മാസത്തിനിടെ 2.89 കോടി രൂപ ഇ-ബസിന് ലാഭം കിട്ടിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. റിപ്പോര്‍ട്ട് പഠിച്ചശേഷമാകും തുടര്‍നടപടി. അതേസമയം റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ലഭിച്ചതില്‍ മന്ത്രി അതൃപ്‌തി അറിയിക്കുകയും, വിശദീകരണം തേടുകയും ചെയ്‌തിട്ടുണ്ട്.
ബസ് വാങ്ങിയ വിലയും കിട്ടുന്ന കളക്ഷനും ഒത്തുനോക്കുമ്പോള്‍ ഇലക്ട്രിക് ബസുകള്‍ ലാഭകരമല്ലെന്നായിരുന്നു ഗതാഗത മന്ത്രിയുടെ നിലപാട്. ഈ നിലയില്‍ തുടരേണ്ടതില്ലെന്ന അഭിപ്രായം കൂടി പങ്കുവച്ചതോടെ മന്ത്രിക്കെതിരെ എതിര്‍പ്പും ശക്തമായിയിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു കൃത്യമായ കണക്കുകള്‍ നല്‍കാന്‍ കെഎസ്ആര്‍ടിസി സിഎംഡിക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കിയത്. ബിജു പ്രഭാകര്‍ വിദേശത്തായതിനാല്‍ ജോയിന്റ് എംഡി പ്രമോജ് ശങ്കറാണ് മന്ത്രിക്ക് വാർഷിക റിപ്പോര്‍ട്ട് കൈമാറിയത്.
സിറ്റി സര്‍ക്കുലറിന്റെ 10 രൂപ ടിക്കറ്റ് എന്നത് അടിസ്ഥാന ചാര്‍ജാക്കി ഫെയര്‍ സ്‌റ്റേജ് കൊണ്ടുവരാനുള്ള നീക്കം ആലോചനയിലുണ്ട്. ഇലക്ട്രിക് ബസ് ഇനി വേണ്ട എന്ന് മന്ത്രി നിലപാടെടുത്തതോടെ 45 ഇലക്ട്രിക് ബസുകളുടെ ടെണ്ടര്‍ വിളിക്കുന്നത് കെഎസ്ആര്‍ടിസി മരവിപ്പിച്ചിരിക്കുകയാണ്. ഇക്കാര്യത്തിൽ ജോയിന്‍റ് എംഡി സമര്‍പ്പിച്ച റിപ്പോര്‍ട്ട് വിശദമായി പഠിച്ചശേഷമാകും മന്ത്രി തീരുമാനം എടുക്കുക.












Click it and Unblock the Notifications