സ്വർണം പണയം വെക്കാനൊരുങ്ങുകയാണോ: കൂടുതല്‍ പണം ആര് തരുമെന്ന് അറിയാം, കുറഞ്ഞ പലിശയുള്ള ബാങ്കുകള്‍
കൊച്ചി: രണ്ട് ദിവസത്തെ വർധനവിന് ശേഷം ഇന്ന് സ്വർണ വിലയില്‍ നേരിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്വർണ വില പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് 44880 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ വില്‍പ്പന. ഒരു ഗ്രാമിന് 5610 രൂപയാണ് വില. ഇന്നലെ ഒരു പവൻ സ്വർണത്തിന് 44,960 രൂപയായിരുന്നു വില. ഈ മാസം ഇതുവരെ 880 രൂപയോളമാണ് സ്വർണ വിലയില്‍ വർധിച്ചത്.
വില വലിയ തോതില്‍ വർധിച്ചതോടെ സ്വർണ പണയം വെക്കുന്നവരുടെ എണ്ണത്തിലും വർധനവ് ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. മുമ്പത്തേക്കാള്‍ കൂടുതല്‍ തുക ലഭിക്കുന്നു എന്നുള്ളതാണ് അനുകൂല ഘടകം. നിലവിലെ വിപണി മൂല്യത്തിന്റെ 75 ശതമാനത്തോളം ലഭിക്കും. ഈ സാഹചര്യത്തില്‍ ഏറ്റവും കുറഞ്ഞ പലിശ നിരക്കില്‍ ഗോള്‍ഡ് ലോണ്‍ ലഭിക്കുന്ന ബാങ്കുകള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കുകയാണ് ഇവിടെ.

സ്വർണ വായ്പയുടെ നേട്ടം
വീട്ടില്‍ ഒരു തരി പൊന്നെങ്കിലും ഉണ്ടെങ്കിലും ഒരു അന്ത്യാവശ്യ ഘട്ടം വലിയ ആശ്വാസമാണ്. ബാങ്കിലോ സഹകരണ സംഘത്തിലോ സ്വർണം കൊണ്ടുപോയി പണയം വെച്ച് വായ്പ നേടിയെടുക്കാം. വായ്പ പൂർണമായി തിരിച്ചടയ്ക്കുന്നത് വരെ, സ്വർണ്ണം ബാങ്കിൽ ഈടായി നില്‍ക്കും. ബിസിനസ് ആവശ്യത്തിന് മുതല്‍ കാർഷിക ആവശ്യങ്ങൾ നിറവേറ്റാൻ വരെ സ്വർണ്ണ വായ്പയെ ആശ്രയിക്കാം.
ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നൽകുന്ന ഒരു സുരക്ഷിത വായ്പ സൗകര്യമാണ് സ്വർണ്ണപ്പണയം. നല്‍കുന്ന പണത്തിന് പകരമായി നിങ്ങളുടെ സ്വർണ്ണാഭരണങ്ങളോ ബാങ്ക് ഇടായി വാങ്ങിച്ച് വെക്കുന്നു. നല്‍കുന്ന പണത്തിനായി ബാങ്ക് പലിശയും ഈടാക്കും. ഓരോ ബാങ്കിനും അനുസരിച്ച് സ്വർണ്ണ വായ്പയുടെ പലിശ നിരക്ക് വ്യത്യാസപ്പെടുന്നു. കൂടാതെ, പണയം വെക്കാന്‍ പോവുന്ന ബാങ്ക് തിരഞ്ഞെടുക്കുന്നതിന് മുമ്പ് പ്രോസസ്സിംഗ് ചാർജ്ജുകൾ, ഫോർക്ലോഷർ നിയമങ്ങൾ മുതലായവ പോലുള്ള മറ്റ് കാര്യങ്ങളും പരിശോധിക്കണം.
Travel Tips: സോളോ യാത്ര ഇഷ്ടപ്പെടുന്ന സ്ത്രീകളാണോ: എങ്കില്‍ ശ്രദ്ധിക്കണം ഈ 5 കാര്യങ്ങള്‍
സ്വർണ വായ്പയില്‍ ശ്രദ്ധിക്കേണ്ടത്
പണം തിരിച്ചയ്ക്കാനുള്ള കാലാവധിയും വായ്പ തരുന്ന ബാങ്കിന് അനുസരിച്ച് വ്യത്യാസപ്പെടും. സാധാരണയായി കുറഞ്ഞത് 3 മാസം മുതൽ പരമാവധി 48 മാസം വരെയാകാം തിരിച്ചടവിനുള്ള കാലാവാധി. ഒരു ഗോൾഡ് ലോണിൽ പ്രോസസിംഗ് ഫീസിന് പുറമെ, ലേറ്റ് പേയ്‌മെന്റ് ചാർജുകൾ, പലിശ അടയ്ക്കാത്തതിന്റെ പിഴ, മൂല്യനിർണ്ണയ ഫീസ് മുതലായവ പോലുള്ള നിരക്കുകളും അടങ്ങിയിരിക്കും. ഇതെല്ലാം വിശദമായി പരിശോധിച്ച് അറിഞ്ഞ് വെക്കേണ്ടതുണ്ട്.
നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മികച്ചതും നിങ്ങൾക്ക് മികച്ച തിരിച്ചടവ് ഹിസ്റ്ററിയും ഉണ്ടെങ്കില്‍, നിങ്ങൾക്ക് കുറഞ്ഞ പലിശ നിരക്കുകൾക്കായി ബാങ്കുമായി വില പേശാം. കൂടാതെ, ചില സ്ഥാപനങ്ങൾ ഉത്സവ സീസണുകളിൽ പലിശ നിരക്കിൽ നിങ്ങൾക്ക് കിഴിവ് നൽകിയേക്കാം. നിങ്ങളുടെ ലോൺ കാലതാമസമില്ലാതെ കൃത്യസമയത്ത് തിരിച്ചടയ്ക്കുന്നതാണ് ഉചിതം. തിരിച്ചടിവ് മുടങ്ങുകയാണെങ്കില്‍ പലിശയ്ക്ക് പുറമെ കൂട്ടുപലിശയും ഉള്‍പ്പടേയുള്ള അധിക പണം നല്‍കേണ്ടി വരും.

സ്ഥാപനത്തിന്റെ ആധികാരികത
സ്വർണം പണയം വെക്കാന്‍ പോവുന്നതിന് മുമ്പ് സ്ഥാപനത്തിന്റെ ആധികാരികത ഉറപ്പ് വരുത്തണം. ലോൺ പൂർണ്ണമായി തിരിച്ചടച്ചാലുടൻ നിങ്ങളുടെ സ്വർണ്ണം സുരക്ഷിതമായി നിങ്ങൾക്ക് തിരികെ നൽകേണ്ടതുണ്ട്. നിങ്ങളുടെ സ്വർണ്ണം കൈപ്പറ്റുമ്പോൾ അത് പരിശോധിച്ച് തൃപ്തിപ്പെട്ടതിന് ശേഷം മാത്രമേ പേപ്പറുകളിൽ ഒപ്പിടാവൂ. എല്ലായ്‌പ്പോഴും ഒരു പ്രശസ്ത സ്ഥാപനം തിരഞ്ഞെടുക്കാനും വിവിധ ബാങ്കുകളുടെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയും പലിശ നിരക്കുകൾ താരതമ്യം ചെയ്യാൻ ശ്രമിക്കുക.
കുറഞ്ഞ പലിശ നിരക്ക്
ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് പങ്കുവെക്കുന്ന വിവര പ്രകാരം യൂണിയന്‍ ബാങ്കിലാണ് ഏറ്റവും കുറഞ്ഞ പലിശ നിരക്കില്‍ സ്വർണ പണയ വായ്പ ലഭിക്കുക. 8.40 ശതമാനം മുതലാണ് യൂണിയന്‍ ബാങ്കിലെ പലിശ നിരക്ക്. സെന്‍ട്രല്‍ ബാങ്കില്‍ 8.45 ശതമാനവും എസ് ബി ഐയില്‍ 8.55 ശതമാനവും ആണ് പലിശ നിരക്കെങ്കില്‍ ഫെഡറല്‍ ബാങ്കില്‍ ഇത് 8.64 ശതമാനമായിരുന്നു.
ബാങ്ക് ഓഫ് ബറോഡയില്‍ 8.64 ശതമാനത്തിനും പഞ്ചാബ് നാഷണല്‍ ബാങ്കിലും ഇന്ത്യന്‍ ബാങ്കിലും 9 ശതമാനത്തിനും പണം ലഭിക്കും. കാനറ ബാങ്ക് - 9.50, ധനലക്ഷ്മി ബാങ്ക് - 9.80, കർണാടക ബാങ്ക് 9.86, ഐസി ഐ സി ഐ ബാങ്ക് 11, സൌത്ത് ഇന്ത്യന്‍ ബാങ്ക് 14.55 , ആക്സിസ് ബാങ്ക് 17, ബജാജ് ഫൈനാന്‍സ് - 9.50, മണപ്പുറം ഫിനാന്‍സ് 9.90, മുത്തൂറ്റ് ഫിനാന്‍സ് 12 ശതമാനം എന്നീ നിരക്കിലും വായ്പകള്‍ ലഭ്യമാണ്. അതേസമയം, എസ് ബി ഐ ഉള്‍പ്പടെയുള്ല ബാങ്കുകളില്‍ 4 ശതമാനം നിരക്കില്‍ കാർഷിക ഗോള്‍ഡ് ലോണുകള്‍ ലഭ്യമാവും.












Click it and Unblock the Notifications