സ്വർണം വാങ്ങാൻ ഇത് പറ്റിയ സമയം; സഡൻ ബ്രേക്കിട്ട് വില, എന്നിട്ടും 60,000ത്തിന് മുകളിൽ, പവന് എത്ര കൊടുക്കണം?
കൊച്ചി: കഴിഞ്ഞ ദിവസത്തെ പ്രവണത തുടർന്നുകൊണ്ട് ഇന്നും സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ ഇടിവുണ്ടായിരിക്കുകയാണ്. വലിയ മാറ്റം വിലയിൽ വന്നില്ലെങ്കിലും ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്ന വാർത്ത തന്നെയാണ് ഇത്. ഇന്നലത്തെ സാഹചര്യം അപേക്ഷിച്ചു നോക്കുമ്പോൾ ഇന്നത്തെ വില ഉപഭോക്താക്കളെ സംബന്ധിച്ച് അൽപ്പം കൂടി ആശ്വാസം നൽകുമെന്ന കാര്യത്തിൽ സംശയമേതുമില്ല. എങ്കിലും വലിയ ഇടിവ് വിലയിൽ വന്നിട്ടുമില്ല.
ഇപ്പോഴത്തെ വിലക്കുറവ് പുറമേ നിന്ന് നോക്കുമ്പോൾ ചെറുതായിട്ട് തോന്നുമെങ്കിലും ആഭരണം വാങ്ങുന്ന ആളുകളെ സംബന്ധിച്ച് നേട്ടം തന്നെയാണ്. കൂടുതൽ സ്വർണം വാങ്ങുന്നവർക്ക് കാര്യമായ സാമ്പത്തിക നേട്ടങ്ങൾ ഇത് നൽകുമെന്ന് സാരം. എങ്കിലും കഴിഞ്ഞ ദിവസങ്ങളിലെ വമ്പൻ വില വർധനയും റെക്കോർഡ് ഉയരവും ഒക്കെ കണക്കിലെടുക്കുമ്പോൾ ഇന്നും ഇന്നലെയുമായി വന്ന മാറ്റങ്ങൾ സാരമുള്ളതല്ല.

കേരളത്തിൽ ഇന്നും സ്വർണത്തിന് വിലകുറഞ്ഞു. പവന് 240 രൂപയുടെ കുറവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില കുറയുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. ഇന്നലെ 120 രൂപയുടെ ഇടിവാണ് സ്വർണ വിലയിൽ ഉണ്ടായത്. സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 60,080 രൂപയാണ്. വിലക്കുറവ് രണ്ടാം ദിനത്തിലേക്ക് കടക്കുമ്പോഴും 60,000 എന്ന ബെഞ്ച്മാർക്കിന് താഴേക്ക് വില പോയിട്ടില്ല.
ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7510 രൂപയാണ്. ഗ്രാമിന് 30 രൂപയുടെ കുറവുണ്ടായി എന്നതാണ് ഇതിലൂടെ അർത്ഥമാക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 6200 രൂപയാണ്. എന്നാൽ സ്വർണവിലയിൽ നിന്ന് വ്യത്യസ്‌തമായി വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 99 രൂപയാണ്.
നേരത്തെ ജനുവരി 22നാണ് സംസ്ഥാനത്തെ സ്വർണവില 60,000 കടന്നത്. പിന്നീടുള്ള ദിവസങ്ങളിൽ ഇത് താഴത്തെ കാക്കാൻ സ്വർണത്തിന് കഴിഞ്ഞു. ജനുവരി 24നാണ് ഈ ഒരു പവൻ സ്വർണത്തിന് 240 രൂപ വർധിച്ചു കൊണ്ട് വിപണി വില 60,440 രൂപ എന്ന റെക്കോർഡ് നിരക്കിലേക്ക് ആദ്യമെത്തിയത്. പിന്നീടുള്ള രണ്ട് ദിവസങ്ങളിൽ വില അതേപടി തുടരുകയായിരുന്നു. ശേഷം രണ്ട് ദിവസം കൊണ്ട് 360 രൂപയുടെ കുറവുണ്ടായി.
നേരത്തെ യുഎസ് പ്രസിഡന്റായി രണ്ടാം തവണയും ഡോണാള്‍ഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെയാണ് സ്വര്‍ണത്തിന്റെ വില കാര്യമായി ഉയരാൻ തുടങ്ങിയത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും രാജ്യത്തെ വില മുന്നേറ്റത്തിന് വഴിയൊരുക്കി. നിലവിലെ പ്രവണത കണക്കിലെടുക്കുമ്പോൾ കാര്യമായ ഇടിവ് വിലയിൽ ഉണ്ടാവാൻ സാധ്യത ഇല്ലെന്നാണ് വിദഗ്‌ധർ പറയുന്നത്.
ഒരു പവൻ ആഭരണത്തിന് എത്ര ചിലവ് വരും?
നിങ്ങൾ നേരത്തെ കണ്ടത് പോലെ ഇന്ന് ഒരു പവൻ സ്വർണത്തിന് വില 60,080 രൂപയാണ്. എന്നാൽ നിങ്ങൾ ഒരു ആഭരണമാണ് വാങ്ങാൻ ശ്രമിക്കുന്നതെങ്കിൽ ഈ വിലയ്ക്ക് അത് കിട്ടില്ലെന്ന് മനസിൽ ഓർക്കണം. ഇത് വെറും ശുദ്ധ സ്വർണത്തിന്റെ വിലയാണ്. ഇതിനൊപ്പം വേറെയും ഘടകങ്ങൾ ചേർത്തുകൊണ്ടാണ് ആഭരണത്തിന്റെ വില കണക്കാക്കുന്നത്. നിലവിലെ സാഹചര്യത്തിൽ പണിക്കൂലി, ജിഎസ്‌ടി എന്നിവയൊക്കെ ചേർക്കുമ്പോൾ കുറഞ്ഞത് 65000 രൂപയെങ്കിലും ഒരു പവനായി നിങ്ങൾ മുടക്കേണ്ടി വരും.












Click it and Unblock the Notifications