സ്വർണം പിടിവിട്ട് പോയി, ഇന്നും കുത്തനെ കൂടി; അന്താരാഷ്ട്ര വിപണിയിൽ കൂടിയതിന്റെ ഫലം, പവൻ വില?
കൊച്ചി: കേരളത്തിൽ ഇന്നും സ്വർണവിലയിൽ വർധനവ്. ഗ്രീൻലാൻഡ് വിഷയം ആഗോള തലത്തിൽ ആളിക്കത്തുന്നതിന് ഇടയിലാണ് സ്വർണവില കുതിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ വില ഉയരുന്നത് തുടരാനാണ് സാധ്യത. എന്നാൽ കേരളത്തിൽ ഇപ്പോൾ വിവാഹ സീസൺ ആയതിനാൽ സ്വർണം വാങ്ങുന്നവർക്ക് കനത്ത തിരിച്ചടിയാണ് നിലവിലെ വർധന. എന്നാൽ നിക്ഷേപം എന്ന നിലയിൽ സ്വർണത്തെ നോക്കി കണ്ടവർ ആശ്വാസത്തിലാണ്.
ഇപ്പോൾ അന്താരാഷ്ട്ര വിപണിയിലും സ്വർണവില കുത്തനെ കൂടുകയാണ്. ഗ്രീൻലാൻഡ് സംഘർഷ സാധ്യത തന്നെയാണ് ഇതിന് കാരണമായി വിലയിരുത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം ഇറാൻ-യുഎസ് ഭിന്നതയും പോർവിളിയുമാണ് വിലയെ സ്വാധീനിച്ചതെങ്കിൽ ഇന്ന് സാഹചര്യം മാറിയിരിക്കുകയാണ്. ഇറാനുമായി യുഎസ് കാര്യമായ പ്രശ്‌നങ്ങൾ ഇല്ലാതെ മുന്നോട്ട് പോവുന്നതിനിടയിലാണ് യൂറോപ്പുമായി യുഎസ് പിണങ്ങിയത്.

കേരളത്തിൽ ഇന്ന് സ്വർണത്തിന് ഗ്രാമിന് 175 രൂപയാണ് വർധിച്ചത്. അടുത്തിടെ ഉണ്ടായ വലിയ വർധനകളിൽ ഒന്നാണിത്. 22 കാരറ്റ് ഒരു ഗ്രാമിന് 13,355 രൂപയായാണ് സ്വർണവില വർധിച്ചത്. അതുപോലെ 22 കാരറ്റ് പവന്റെ വിലയിൽ 1400 രൂപയുടെ വർധനയാണ് ഒറ്റയടിക്ക് ഉണ്ടായിരിക്കുന്നത്. ഇതോടെ വില ഒരുലക്ഷത്തി പതിനായിരം എന്ന നിലവാരത്തിലേക്ക് കുതിക്കുകയാണ്. 1,06,840 രൂപയായാണ് സ്വർണവില പവന് നിലവിൽ.
18 കാരറ്റ് സ്വർണത്തിന്റെ വില 140 രൂപയോളം വർധിച്ചു. 11,060 രൂപയായാണ് ഗ്രാം വില ഉയർന്നത്. വെള്ളിയുടെ വിലയിലും കാര്യമായ ഉയർച്ചയാണ് കഴിഞ്ഞ നാളുകളിൽ കണ്ടത്. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 305 രൂപയാണ് വില. കിലോ വെള്ളിയ്ക്ക് മൂന്ന് ലക്ഷം കടന്നിരിക്കുകയാണ്. സ്വർണ വിലയോടൊപ്പം, അല്ലെങ്കിൽ അതിലും വേഗത്തിലാണ് വെള്ളിയുടെ വില കുതിച്ചുയരുന്നത്.
അതിനിടെ ഗ്രീൻലാൻഡിന്റെ പേരിൽ യുറോപ്യൻ രാജ്യങ്ങളോട് പിണങ്ങിയിരിക്കുകയാണ് ട്രംപ്. പിന്നാലെ അധിക നികുതി ഏർപ്പെടുത്താനും തീരുമാനിച്ചിരുന്നു. ഇതോടെയാണ് സ്വർണവില വീണ്ടും കുതിക്കുന്നതെന്നാണ് വിലയിരുത്തൽ. ഗ്രീൻലാൻഡ് വലിയൊരു ആഗോള ഭൗമരാഷ്ട്രീയ വിഷയമായി ഉയർന്നതോടെ ആളുകൾ കൂടുതലായി സ്വർണത്തിൽ നിക്ഷേപിക്കാൻ ശ്രമിക്കുകയാണ്.
ഇത് വില വർധനയ്ക്ക് കാരണമായി മാറുന്നുണ്ട്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന് ആവശ്യക്കാർ ഏറുകയാണ്. അതും വിലയെ സ്വാധീനിക്കുന്നു. നിലവിലെ സഹചര്യത്തിൽ വില കുറയാൻ ഇടയില്ലെന്നാണ് കരുതുന്നത്. ഭൗമ രാഷ്ട്രീയ സംഘർഷങ്ങളിൽ അയവ് വരാൻ ഇടയില്ലെന്നതും മറ്റ് വിഷയങ്ങളും ഇതിനെ അടിവരയിടുന്നു.
ഒരു പവൻ ആഭരണത്തിന് എത്ര കൊടുക്കണം?
ഒരു പവൻ സ്വർണാഭരണത്തിന് നൽകേണ്ട തുക ഇന്നത്തെ വില, പണിക്കൂലി, ഹാൾമാർക്ക് ചാർജ്, ജിഎസ്ടി എന്നിവയെ ആശ്രയിച്ചിരിക്കുമെന്നതാണ് കാര്യം. നിലവിലെ വില നിലവാരം അനുസരിച്ച് കുറഞ്ഞത് 5 ശതമാനം പണിക്കൂലി ഈടാക്കിയാൽ പോലും അത് 6000 രൂപയുടെ അടുത്ത് വരും. കൂടാതെ മറ്റ് ചാർജുകൾ, ജിഎസ്‌ടി ഒക്കെ കൂട്ടുമ്പോൾ ഒരു പവൻ ആഭരണം സ്വന്തമാക്കാൻ കുറഞ്ഞത് 1,12,500 രൂപയെങ്കിലും ചിലവാക്കേണ്ടി വരും.












Click it and Unblock the Notifications