സ്വർണവില സ്ലിപ്പായി വീണ്ടും താഴേക്ക്; ഒറ്റ ദിവസം രണ്ട് വട്ടം കുറഞ്ഞു, ഇനിയും കുറയുമോ? പവൻ വില അറിയാം
കഴിഞ്ഞ ദിവസത്തെ സർവകാല റെക്കോർഡ് ഉയർച്ചയ്ക്ക് ശേഷം സ്വർണം പിടിവിട്ടത് പോലെ താഴേക്ക് പതിക്കുകയാണ്. ഇന്ന് രണ്ടാം തവണയാണ് സ്വർണത്തിന്റെ വിലയിൽ മാറ്റമുണ്ടാവുന്നത്. ഒരേ ദിവസം തന്നെ രണ്ട് തവണ വില മാറുന്നത് പതിവില്ലെങ്കിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിപണിയിൽ നടക്കുന്ന അസാധാരണ സംഭവങ്ങളുടെ കൂട്ടത്തിൽ ഇതും ഉൾപ്പെടും. ഇതോടെ സ്വർണവില ഇനിയും കുറയുമോ എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്.
ഇന്നലെ രാവിലെ 1080 രൂപ ഗ്രാമിന് വർധിച്ച് 22 കാരറ്റ് സ്വർണവില ഗ്രാമിന് 16395 ആയിരുന്ന സ്ഥിതി വരെ ഉണ്ടായിരുന്നു എന്ന് നിങ്ങൾ ഓർക്കണം. അവിടെ നിന്നാണ് തിരിച്ചിറങ്ങിയത്. വൈകുന്നേരം സ്വർണവില കുറഞ്ഞ് ഗ്രാമിന് 16295 ആയി മാറുകയും ചെയ്‌തിരുന്നു. ഇതോടെ പവൻ സ്വർണവില രാവിലെ രേഖപ്പെടുത്തിയ 1,31,160 ൽ നിന്ന് 1,30,360 രൂപയായി കുറഞ്ഞു. അതേ ട്രെൻഡ് ആണ് ഇന്ന് രണ്ട് വട്ടവും തുടർന്നത്.

കേരളത്തിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം മാത്രം ഒരു ഗ്രാം സ്വര്‍ണത്തിന് 130 രൂപയാണ് കുറഞ്ഞത്. ഇതോടെ ഇന്ന് രാവിലെ 15,640 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഉച്ചയോടെ 15510 ലേക്ക് കൂപ്പുകുത്തി. ഒരു പവന് 1040 രൂപയുടെ കുറവാണ് ഇന്ന് ഉച്ചയോടെ മാത്രം ഉണ്ടായിരുന്നത്. ഇതോടെ ഇന്നലെ വൈകീട്ട് 130360 രൂപയായിരുന്ന ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 12,40,80 ആയി കുറഞ്ഞു. ഇന്നലെ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് സർവകാല റെക്കോർഡിൽ എത്തിയ ശേഷമാണ് സ്വർണത്തിന്റെ തിരിച്ചിറങ്ങൽ.
രാവിലെയും ഉച്ചയ്ക്കും വില കുറഞ്ഞതോടെ സ്വർണം വാങ്ങാൻ നിൽക്കുന്നവർ ആശ്വാസത്തിലാണ്. ഇന്ന് രണ്ടുതവണയായി പവന് കുറഞ്ഞത് 6280 രൂപയാണ്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് ആനുപാതികമായി 105 രൂപ കുറഞ്ഞ് 12,740 രൂപയ്ക്കാണ് ഉച്ചക്കുശേഷം വ്യാപാരം നടക്കുന്നത്. എങ്കിലും ഈ വീഴ്‌ച്ചയ്ക്ക് ഇടയിലും ഉച്ചയ്ക്ക് വെള്ളിവിലയില്‍ മാറ്റമുണ്ടായില്ല. ഗ്രാമിന് 395 രൂപയാണ് ഇപ്പോഴത്തെ വില.
കഴിഞ്ഞ ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം എന്ന നാഴികക്കല്ല് മറികടന്നത്. അന്താരാഷ്ട്ര വിപണിയിൽ ഉണ്ടാവുന്ന മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണവിലയെ നേരിട്ട് സ്വാധീനിക്കുന്നത്. സ്വര്‍ണവില ഉടന്‍ ഒന്നേ കാല്‍ ലക്ഷം രൂപ തൊടുമെന്ന പ്രവചനത്തിനിടെ വില അപ്രതീക്ഷിതമായി ഒരു ലക്ഷത്തി മുപ്പതിനായിരം കടക്കുകയായിരുന്നു. അത് പക്ഷേ ഇപ്പോൾ തിരിച്ചിറങ്ങിയെന്നതാണ് ആശ്വാസം.
സ്വർണവില ഇനിയും കുറയുമോ?
എല്ലാ കോണുകളിൽ നിന്നും ഉയരുന്ന പ്രധാന ചോദ്യം ഇപ്പോൾ സ്വർണവില കുറയുമോ എന്നതാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ വലിയൊരു ഇടിവ് പ്രതീക്ഷിക്കേണ്ട എന്ന് തന്നെയാണ് പല വിദഗ്‌ധരും അഭിപ്രായപ്പെടുന്നത്. മറ്റന്നാൾ കേന്ദ്ര ബജറ്റ് വരാനിരിക്കെ അതിൽ സ്വർണവിലയെ സ്വാധീനിക്കുന്ന പ്രഖ്യാപനങ്ങൾ ഉണ്ടാവുമോ എന്നും കണ്ടറിയണം.












Click it and Unblock the Notifications