എം ശിവശങ്കർ ആശുപത്രിയിൽ തന്നെ, ആൻജിയോഗ്രാം ടെസ്റ്റ് നടത്തി, കസ്റ്റംസ് എത്തിയത് അറസ്റ്റിനെന്ന് സൂചന
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ശുപത്രിയില്‍ തുടരുന്നു. വെള്ളിയാഴ് വൈകിട്ടോടെയാണ് ശിവശങ്കറിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തെ കാര്‍ഡിയാക് ഐസിയുവിലാണ് ചികിത്സിക്കുന്നത്. പരിശോധനയില്‍ ഇസിജിയില്‍ നേരിയ വ്യത്യാസം ഉളളതായി കണ്ടെത്തിയിരുന്നു.
ഈ സാഹചര്യത്തില്‍ ശിവശങ്കറിന് ആന്‍ജിയോഗ്രാം പരിശോധന നടത്തി. എന്നാല്‍ അദ്ദേഹത്തിന് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്നാണ് പരിശോധനാ ഫലം. ആരോഗ്യനില തൃപ്തികരമാണ് എങ്കിലും ശിവശങ്കര്‍ 24 മണിക്കൂര്‍ കൂടി നിരീക്ഷണത്തില്‍ തുടരും. 12 മണിക്കൂര്‍ തീവ്ര പരിചരണ വിഭാഗത്തിലും 12 മണിക്കൂര്‍ വാര്‍ഡിലും ശിവശങ്കര്‍ നിരീക്ഷണത്തില്‍ കഴിയും. ശിവശങ്കറിന്റെ ഭാര്യ ഡോക്ടറായി ജോലി ചെയ്യുന്ന സ്വകാര്യ ആശുപത്രിയില്‍ തന്നെയാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.
Recommended Video

ശിവശങ്കറിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല എന്നാണ് ഡോക്ടര്‍മാര്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ അറിയിച്ചത്. ഇന്നലെ വൈകിട്ട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി ശിവശങ്കറിനെ കാറില്‍ കൂട്ടിക്കൊണ്ട് പോകുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ അറസ്റ്റ് ചെയ്യാനായിരുന്നു കസ്റ്റംസ് നീക്കം എന്നാണ് സൂചന.
അതേസമയം സ്വര്‍ണ്ണക്കടത്ത് കേസില്‍ അല്ല ശിവശങ്കറിനെതിരെ കസ്റ്റംസ് നടപടിക്കൊരുങ്ങിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഡോളര്‍ അടക്കമുളള വിദേശ നാണ്യം കടത്തിയ കേസിലാണ് ശിവശങ്കറിനെതിരെ കസ്റ്റംസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുളളത് എന്നാണ് സൂചന. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായര്‍ ശിവശങ്കറിനെതിരെ മൊഴി നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ കസ്റ്റംസ് രണ്ട് തവണ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണമായി പറഞ്ഞ് ശിവശങ്കര്‍ ഒഴിഞ്ഞ് മാറിയിരുന്നു.












Click it and Unblock the Notifications