കൊച്ചിക്കാർക്ക് ആശ്വാസ വാർത്ത; ഇടപ്പള്ളി-മുത്തകുന്നം ദേശീയപാത ഓഗസ്‌റ്റിൽ തുറന്ന് കൊടുക്കും, ചിലവ് 1618 കോടി
കൊച്ചി: നഗര നിവാസികളുടെ സ്വപ്‌ന പദ്ധതികളിൽ ഒന്നായ, ഇടപ്പള്ളി-മൂത്തകുന്നം ദേശീയപാത 66-ന്റെ 26.03 കിലോമീറ്റർ ഭാഗം 1618 കോടി രൂപ ചെലവിൽ ആറുവരിപ്പാതയാക്കുന്ന പ്രവൃത്തി അതിവേഗം പുരോഗമിക്കുകയാണ്. ഈ വർഷം ഓഗസ്‌റ്റോടെ പദ്ധതി പൂർത്തിയാക്കാനാണ് ദേശീയപാത അതോറിറ്റി ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഏകദേശം 70 ശതമാനം നിർമ്മാണവും ഇതിനോടകം പൂർത്തിയായിട്ടുണ്ട്. ബാക്കിയുള്ളവ അതിവേഗം നടന്നുകൊണ്ടിരിക്കുന്നു.
നിർണായക ഘട്ടത്തിലുള്ള ഈ പദ്ധതി, ഇടപ്പള്ളി-രാമനാട്ടുകര വരെയുള്ള 164 കിലോമീറ്റർ എൻഎച്ച്-66 വികസനത്തിന്റെ അഞ്ച് ഭാഗങ്ങളിൽ ആദ്യത്തേതാണ്. കൊടുങ്ങല്ലൂരിലാണ് ഈ ഘട്ടം നടക്കുന്നത്. പ്രധാന വഴിത്തിരിവായി, ഇടപ്പള്ളിയിലുള്ള പുതിയ മൂന്നുവരി റെയിൽവേ മേൽപ്പാലത്തിന്റെ മധ്യഭാഗത്തെ ജോലികൾക്ക് റെയിൽവേ അധികൃതർ അനുമതി നൽകിയിരിക്കുന്നത്. ഇത് ഡെക്ക് സ്ലാബ് സ്ഥാപിക്കാൻ വഴിയൊരുക്കും. റെയിൽവേയുമായി സഹകരിച്ച് ഗതാഗത നിയന്ത്രണങ്ങൾ അന്തിമമാക്കുന്ന മുറയ്ക്ക് പണികൾ തുടങ്ങും.

പ്രധാനപ്പെട്ട ഈ റെയിൽവേ മേൽപ്പാലം ജൂൺ അവസാനത്തോടെ കമ്മീഷൻ ചെയ്യാനാണ് നിശ്ചയിച്ചിരിക്കുന്നത്. പ്രീഫാബ്രിക്കേറ്റഡ് ഡെക്ക് സ്ലാബുകൾ മൂന്ന് ദിവസത്തിനുള്ളിൽ സ്ഥാപിക്കാമെങ്കിലും, പില്ലർ നിർമ്മാണത്തിനും അപ്രോച്ച് റോഡുകൾക്കും ഏകദേശം രണ്ടു മാസം വേണ്ടിവരും. നിലവിലുള്ള പഴയ രണ്ടുവരി മേൽപ്പാലം പുതിയ മേൽപ്പാലത്തിന് സമാന്തരമായി ഗതാഗതത്തിനായി നിലനിർത്തും.
പുതിയ പാലത്തിന് 607 മീറ്റർ നീളവും 15 മീറ്റർ വീതിയുമുണ്ട്, ഇത് 25 സ്‌പാനുകളോടെയാണ് നിർമ്മിച്ചിരിക്കുന്നത്. ഡൽഹിയിൽ നിർമ്മിച്ച് കൊച്ചിയിലേക്ക് എത്തിച്ച് ഇതിനോടകം കൂട്ടിച്ചേർത്ത, റെയിൽവേ ലൈനിന് മുകളിലുള്ള 63.48 മീറ്റർ ബോ-സ്ട്രിംഗ് ഗിർഡറാണ് ഈ പാലത്തിന്റെ പ്രധാന ആകർഷണം. ട്രാക്കുകൾക്ക് കുറുകെ ഡെക്ക് സ്ലാബുകൾ സ്ഥാപിക്കുന്ന അടുത്ത ഘട്ടം, ട്രെയിൻ സർവീസുകൾക്ക് തടസങ്ങൾ ഒഴിവാക്കാൻ രാത്രി സമയങ്ങളിലാണ് പ്രധാനമായും നടപ്പാക്കുക.
മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ രൂപകൽപ്പന ചെയ്‌ത ഈ ആറുവരി ദേശീയപാത, നിലവിൽ ഒരു മണിക്കൂറിലേറെയെടുക്കുന്ന യാത്രാ സമയം അര മണിക്കൂറായി കുറയ്ക്കുമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങളിൽ ഒന്ന്. പ്രധാന പാതയെ പിന്തുണച്ച്, ഇരുവശത്തും രണ്ട് വരി സർവീസ് റോഡുകളും നിർമ്മിക്കും.
ഈ ഇടനാഴിയിൽ ഇടപ്പള്ളി റെയിൽവേ ഓവർബ്രിഡ്‌ജ് കൂടാതെ, നാല് ഫ്ലൈഓവറുകൾ, ഏഴ് വലിയ പാലങ്ങൾ, എട്ട് ചെറിയ പാലങ്ങൾ, എട്ട് വാഹന അടിപ്പാതകൾ, അഞ്ച് ചെറുവാഹന അടിപ്പാതകൾ, നാല് ലൈറ്റ് വാഹന അടിപ്പാതകൾ, ഒരു കാൽനട അടിപ്പാത എന്നിവയും ഉൾപ്പെടുന്നു. അതുകൊണ്ട് തന്നെയാണ് പദ്ധതി പൂർത്തിയാക്കാൻ സമയം എടുക്കുന്നത് എന്നാണ് അധികൃതർ പറയുന്നത്.
അതിൽ ഇടപ്പള്ളി, കുന്നുംപുറം, ചേരാനല്ലൂർ എന്നിവിടങ്ങളിലെ ഫ്ലൈഓവറുകളുടെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. നിലവിൽ ദേശീയപാത വികസനത്തിൽ നിർണായകമാവുന്ന, കൊച്ചിയിലെ വിവിധ മേഖലകളിലെ യാത്രാ സമയം ഗണ്യമായി കുറയ്ക്കുന്ന, മലബാറിനെ മധ്യ കേരളവുമായി ബന്ധിപ്പിക്കുന്ന പദ്ധതികളിൽ ഒന്നാണിത്. അതുകൊണ്ട് തന്നെ ഇത് പൂർത്തിയാക്കാൻ കാത്തിരിക്കുന്നത് വലിയൊരു വിഭാഗം യാത്രക്കാരാണ്.












Click it and Unblock the Notifications