കൊച്ചിക്കാർക്ക് സന്തോഷ വാർത്ത; ഫോർട്ട് കൊച്ചി-വൈപ്പിൻ മൂന്നാമത്തെ റോ-റോ സർവീസ് ജൂലൈ 12 മുതൽ
കൊച്ചി: ഏറെക്കാലമായി യാത്രക്കാർ ആവശ്യപ്പെടുന്ന ഫോർട്ട് കൊച്ചി-വൈപ്പിൻ റോ-റോ മൂന്നാമത്തെ സർവീസ് ഉടൻ തുടങ്ങും. ജൂലൈ 12 ഞായറാഴ്‌ചയാണ് സർവീസ് ഉദ്‌ഘാടനം നടക്കുക. മുഖ്യമന്ത്രി വിഡി സതീശൻ റോ-റോ സർവീസ് ഫ്ലാഗ് ഓഫ് ചെയ്യും. വൈപ്പിൻ റോ-റോ ജെട്ടിയിൽ വച്ചായിരിക്കും ചടങ്ങ് നടക്കുക. കൊച്ചി കോർപ്പറേഷൻ മേയർ വികെ മിനിമോളുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന യോഗത്തിലാണ് തീരുമാനം.
ഇന്നലെ നടന്ന യോഗത്തിൽ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ആന്റണി പൈനുത്തറ, ടികെ അഷ്‌റഫ്, പിഎം നസിമ, ശകുത സുരേഷ് ബാബു, സീന ഗോകുലൻ, കെഎ മനാഫ്, ജിസ്‌മി ജെറൽ, കോർപ്പറേഷൻ സെക്രട്ടറി പിഎസ് ഷിബു, കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (സിഎസ്എൽ), കെഎസ്‌ഐഎൻസി, പോലീസ്, കോർപ്പറേഷൻ എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ എന്നിവരാണ് പങ്കെടുത്തത്.

സംസ്ഥാന സർക്കാർ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച പ്രിയദർശിനി പദ്ധതിക്ക് സമാനമായി റോ-റോ സർവീസിലും സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാവുമെന്ന് മേയർ വികെ മിനിമോളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഇത് റോ-റോ സർവീസിനെ ദിവസവും ആശ്രയിക്കുന്ന നൂറുകണക്കിന് സ്ത്രീകൾക്ക് ഗുണകരമായ പ്രഖ്യാപനമാണ്.
സിഎസ്എൽ നിർമ്മിക്കുന്ന മൂന്നാമത്തെ റോ-റോ വെസലിൽ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇതിൽ ഒരേസമയം 14 ട്രക്കുകൾ, 12 കാറുകൾ, 50 യാത്രക്കാരെ എന്നിങ്ങനെ ഉൾക്കൊള്ളാനുള്ള സൗകര്യങ്ങൾ ഉണ്ടായിരിക്കും. പടിഞ്ഞാറൻ കൊച്ചിയിൽ,പ്രത്യേകിച്ച് വൈപ്പിൻ-ഫോർട്ട് കൊച്ചി മേഖലയിൽ ഏറെക്കാലമായി നിലനിന്നിരുന്ന യാത്രാ ബുദ്ധിമുട്ടുകൾക്ക് ഒരുപരിധിവരെ പരിഹാരമാവും പുതിയ റോ-റോ സർവീസ് എന്നാണ് അധികൃതർ പറയുന്നത്.
അതേസമയം, കൊച്ചിയിലെ റോ-റോ സർവീസിന്റെ ഭാവി പ്രവർത്തന മാതൃക കോർപ്പറേഷൻ സൂക്ഷ്‌മമായി പരിശോധിക്കുന്ന സമയത്താണ് മൂന്നാമത്തെ വെസൽ കൂടി എത്തുന്നത്. നടത്തിപ്പിലെ വീഴ്‌ചയും വർധിച്ചുവരുന്ന ചെലവുകളും സംബന്ധിച്ച ആശങ്കകൾ ഇതിനിടയിൽ റോ-റോ സർവീസുകൾക്ക് മേൽ സംശയത്തിന്റെ കരിനിഴൽ വീഴ്ത്തിയിരുന്നു. കൂടാതെ വെസലുകളുടെ അറ്റകുറ്റപ്പണിയും യാത്രക്കാരെ വലച്ചിരുന്നു.
ഇതിന് പിന്നാലെ കൊച്ചി വാട്ടർ മെട്രോയെ പ്രവർത്തനങ്ങൾ ഏൽപ്പിക്കുകയോ സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ രൂപീകരിക്കുകയോ ചെയ്യുന്നതുൾപ്പെടെ വിവിധ നിർദ്ദേശങ്ങൾ കൊച്ചി കോർപ്പറേഷൻ അടുത്തിടെ പരിശോധിച്ചിരുന്നു. യാത്രക്കാരുടെ എണ്ണം കുത്തനെ കൂടിയിട്ടും സർവീസ് നഷ്‌ടത്തിലാണെന്ന റിപ്പോർട്ടുകൾ കൂടി കണക്കിലെടുത്തായിരുന്നു കൊച്ചി കോർപ്പറേഷന്റെ നീക്കം. നിലവിൽ ഈ വിഷയത്തിൽ ഒരു അന്തിമ തീരുമാനവും കോർപറേഷൻ എടുത്തിട്ടില്ല.














Click it and Unblock the Notifications