കൊച്ചിക്കാർക്ക് സന്തോഷ വാർത്ത; പുതിയ ബോട്ട് സർവീസ്, ഫോർട്ട് കൊച്ചിയിലും കടമക്കുടിയിലും കറങ്ങാം
കൊച്ചി: വിനോദസഞ്ചാരികൾക്കായി കൊച്ചിയിൽ പുതിയ ബോട്ട് സർവീസുകൾ ആരംഭിക്കുന്നു. കടമക്കുടിയിലേക്കും ഫോർട്ട് കൊച്ചിയിലേക്കുമാണ് സംസ്ഥാന ജലഗതാഗത വകുപ്പ് പുതിയ വിനോദസഞ്ചാര സർവീസ് തുടങ്ങുന്നത്. സൗരോർജത്തിൽ പ്രവർത്തിക്കുന്ന സൗര 2 എന്ന ബോട്ടിലാണ് സർവീസ് നടത്തുക. ശനിയാഴ്‌ച മുതലാണ് സർവീസ് ആരംഭിക്കുന്നത്. വെള്ളിയാഴ്‌ച മുതൽ ടിക്കറ്റ് ബുക്കിങ് തുടങ്ങും.
എറണാകുളം ബോട്ട് ജെട്ടിയിൽ നിന്നാണ് രണ്ട് സർവീസുകളും പുറപ്പെടുക. രാവിലെ 11 മണിക്കാണ് ഫോർട്ട് കൊച്ചി ഉൾപ്പെടുന്ന സീ കൊച്ചി സർവീസ് ആരംഭിക്കുന്നത്. ബോൾഗാട്ടി, വല്ലാർപാടം, വൈപ്പിൻ, ഫോർട്ട് കൊച്ചി തുടങ്ങിയ സ്ഥലങ്ങളിലൂടെ സഞ്ചരിക്കുന്ന ബോട്ട് രണ്ട് മണിക്കൂറിന് ശേഷം ഉച്ചയ്ക്ക് ഒന്നിന് എറണാകുളം ബോട്ട് ജെട്ടിയിൽ തിരിച്ചെത്തും. ഒരാൾക്ക് 200 രൂപയാണ് ടിക്കറ്റ് നിരക്ക്.

ഉച്ചയ്ക്ക് മൂന്നിനാണ് സീ കടമക്കുടി സർവീസ് പുറപ്പെടുന്നത്. ഏകദേശം നാല് മണിക്കൂർ നീളുന്ന യാത്രയിൽ കൊത്താട്, പിഴല ഉൾപ്പെടെ 12ഓളം ദ്വീപുകൾക്ക് സമീപത്തുകൂടി ബോട്ട് സഞ്ചരിക്കും. കടമക്കുടി വ്യൂ പോയിന്റിലെത്തിയ ശേഷം മടങ്ങുന്ന യാത്രയിൽ സഞ്ചാരികൾക്ക് സൂര്യാസ്‌തമയ കാഴ്‌ചകളും ആസ്വദിക്കാം. വൈകിട്ട് ഏഴോടെ എറണാകുളം ബോട്ട് ജെട്ടിയിൽ തിരിച്ചെത്തും. ഒരാൾക്ക് 300 രൂപയാണ് ടിക്കറ്റ് നിരക്ക്.
കടമക്കുടിയിൽ എത്തുന്ന സഞ്ചാരികൾക്ക് പ്രാദേശിക റിസോർട്ടിൽ കയാക്കിങ്, ജലവിനോദങ്ങൾ തുടങ്ങിയവയിൽ പങ്കെടുക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതിനായി 100 രൂപ അധികമായി നൽകണം. യാത്രയ്ക്കിടെ ലഘുഭക്ഷണവും ലഭിക്കും. 30 പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന ബോട്ടിൽ സംഗീത സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഓൺലൈൻ ബുക്കിങ് ഉടൻ ആരംഭിക്കുമെന്നും ജലഗതാഗത വകുപ്പ് അറിയിച്ചു.
ഏറ്റവും ശ്രദ്ധേയമായ കാര്യം എന്തെന്നാൽ കുട്ടികൾക്കായി പ്രത്യേക നിരക്കും ഏർപ്പെടുത്തിയിട്ടുണ്ട്. അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര അനുവദിക്കും. 11 വയസിൽ താഴെയുള്ള കുട്ടികൾക്ക് പകുതി നിരക്കാണ് ഈടാക്കുക. വിദ്യാഭ്യാസ യാത്രയുടെ ഭാഗമായി എത്തുന്ന സ്‌കൂൾ വിദ്യാർത്ഥികൾക്കും ഈ ഇളവ് ലഭിക്കും.
പുതിയ സർവീസ് കടമക്കുടിയിലെ പ്രാദേശിക മേഖലയ്ക്കും ഗുണം ചെയ്യുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കൂടുതൽ സഞ്ചാരികൾ എത്തുന്നതോടെ ചെറുകിട വ്യാപാരികൾ, കുടുംബശ്രീ യൂണിറ്റുകൾ, പ്രാദേശിക സ്ഥാപനങ്ങൾ, ഭക്ഷണശാലകൾ, വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട മറ്റ് സ്ഥാപനങ്ങൾ എന്നിവയ്ക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്നാണ് വിലയിരുത്തൽ.
ഒപ്പം കടമക്കുടിയിലേക്കുള്ള വിനോദസഞ്ചാരികളുടെ യാത്ര കൂടുതൽ എളുപ്പമാക്കുന്നതിനുള്ള പുതിയ നീക്കമായും സർവീസിനെ കാണുന്നുണ്ട്. നേരത്തെ കടമക്കുടിയിലേക്കുള്ള ജലഗതാഗതം വിപുലീകരിക്കുന്നതിൽ ചാനലിലെ ചെളിയും പരമ്പരാഗത ചീനവലകളും ഉൾപ്പെടെയുള്ള വിഷയങ്ങൾ തടസമായിരുന്നു. പുതിയ വിനോദസഞ്ചാര സർവീസിലൂടെ കടമക്കുടിയുടെ കായൽ കാഴ്‌ചകൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനാണ് ശ്രമം.


Click it and Unblock the Notifications
