'ടിപി കേസ് പ്രതികൾക്ക് കേസ് നടത്താൻ പണം കൊടുക്കുന്നത് സർക്കാരും പാർട്ടിയും'; കെകെ രമ
തിരുവനന്തപുരം: ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷ വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പ്രതികളെ സർക്കാർ സംരക്ഷിക്കുകയാണെന്ന ആരോപണവുമായി കെകെ രമ എംഎൽഎ. പ്രതികളെ രക്ഷിക്കാനാണ് സർക്കാരിന്റെ ശ്രമം. നിയമസഭയിലാണ് ടിപി ചന്ദ്രശേഖരന്റെ ഭാര്യ കൂടിയായ കെകെ രമ വിഷയത്തിൽ എൽഡിഎഫ് സർക്കാരിനെതിരെ ആഞ്ഞടിച്ചത്.
വടക്കൻ മേഖലയിലെ പല ജയിലുകളും ടിപി കേസ് പ്രതികളാണ് ഭരിക്കുന്നത്. സർക്കാരിനെ പോലും പ്രതിസന്ധിയിലാക്കാൻ കഴിയുന്നവരാണ് ഇവരെന്നും രമ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ പ്രതികള്‍ക്കൊപ്പമാണ്. സര്‍ക്കാര്‍ നിര്‍ദേശമില്ലാതെ എങ്ങനെയാണ് ശിക്ഷാ ഇളവിനുള്ള പട്ടികയില്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രതികളെ ഉള്‍പ്പെടുത്താന്‍ കഴിയുകയെന്ന ചോദ്യവും രമ ഉന്നയിച്ചു.

സംഭവം പുറത്തായപ്പോള്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കി രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അവർ ആരോപിച്ചു. എന്റെ മൊഴിയെടുത്ത ഉദ്യോഗസ്ഥനെ വയനാട്ടിലേക്കു മാറ്റി. അദ്ദേഹം എന്ത് തെറ്റ് ചെയ്‌തിട്ടാണ്. മൊഴി എടുക്കാന്‍ പറഞ്ഞപ്പോള്‍ അത് ചെയ്‌തു. അതിനുള്ള പ്രതികാര നടപടിയായി സ്ഥലം മാറ്റിയെന്നും വടകര എംഎൽഎ ആരോപിക്കുന്നു.
ടിപി കേസ് പ്രതികൾ സുപ്രീം കോടതിയിൽ അപ്പീലിന് പോയിരിക്കുകയാണ്. 12 വർഷമായി ജയിലിൽ കഴിയുന്ന പ്രതികൾ എങ്ങനെയാണ് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും വലിയ അഭിഭാഷകരെ നിയമിച്ചതെന്നും കെകെ രമ ചോദിക്കുന്നു. സർക്കാരാണ് ഇതിന് ഒത്താശ ചെയ്‌തതെന്നായിരുന്നു അവരുടെ ആരോപണം.
നേരത്തെ ടിപി ചന്ദ്രശേഖരൻ വധക്കേസിലെ മൂന്ന് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാൻ നീക്കം ആരംഭിച്ചത് വലിയ വിവാദങ്ങൾക്കാണ് വഴിയൊരുക്കിയത്. സർക്കാർ നിർദേശ പ്രകാരം വിട്ടയക്കേണ്ട പ്രതികളുടെ പട്ടിക ജയില്‍ ഉപദേശകസമിതി തയ്യാറാക്കിയപ്പോള്‍ ജീവപര്യന്തം തടവിന് ഹൈക്കോടതി വിധിച്ച രണ്ടാം പ്രതി ടികെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത് എന്നിവരെ കൂടി ഉള്‍പ്പെടുത്തുകയായിരുന്നു.
ഇവരുടെ മോചനവുമായി ബന്ധപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ കത്ത് പുറത്തായതോടെയാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്. കണ്ണൂർ സിറ്റി പോലീസ് കമ്മിഷണറോടാണ് ജയിൽ സൂപ്രണ്ട് ഇത് സംബന്ധിച്ച റിപ്പോർട്ട് ആവശ്യപ്പെട്ടത്. മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള ആലോചന ഉണ്ടെന്നും അതിനാൽ ഇവരെ കുറിച്ച് അന്വേഷണം നടത്തണമെന്നുമായിരുന്നു കത്തിൽ പറഞ്ഞത്.
ഇത് വലിയ പ്രതിപക്ഷ പ്രതിഷേധത്തിനാണ് വഴിയൊരുക്കിയത്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പെടെ സഭയിൽ സർക്കാരിനെതിരെ ആഞ്ഞടിച്ചിരുന്നു. പിന്നാലെ മൂന്ന് പേർക്ക് എതിരെ ജയിൽ വകുപ്പ് നടപടി സ്വീകരിച്ചിരുന്നു. കണ്ണൂർ സെൻട്രൽ ജയിലിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യാനായിരുന്നു തീരുമാനം.












Click it and Unblock the Notifications