'ജനങ്ങൾക്ക് ആശ്വാസം പകരാനാണ് സർക്കാർ ശ്രമിക്കുന്നത്'; സപ്ലൈക്കോയിലെ വില വർധനവ് ന്യായീകരിച്ച് മന്ത്രി
തിരുവനന്തപുരം: ഓണത്തിന് മുന്നോടിയായി ജനങ്ങളെ വലച്ചു കൊണ്ട് സപ്ലൈക്കോ പ്രഖ്യാപിച്ച സബ്‌സിഡി സാധനങ്ങളുടെ വിലവര്‍ധനവിനെ ന്യായീകരിച്ച് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍. നിലവിലെ വിപണി വിലയുമായി താരതമ്യം ചെയ്‌ത് കൊണ്ടായിരുന്നു മന്ത്രിയുടെ ന്യായീകരണം. വില കുറഞ്ഞത് അറിഞ്ഞില്ലേ എന്ന് ചോദിച്ച മന്ത്രി സര്‍ക്കാര്‍ ഇക്കാര്യത്തിൽ ശ്രദ്ധേയമായ ഇടപെടലാണ് നടത്തിയതെന്നും പറഞ്ഞു.
'ഇപ്പോഴും പൊതുവിപണിയേക്കാള്‍ വിലക്കുറച്ചാണ് സപ്ലൈക്കോയില്‍ നല്‍കുന്നത്. 46 രൂപ വിലയുള്ള പഞ്ചസാര 33 രൂപയ്ക്ക് നല്‍കുന്നത് വിലക്കയറ്റമാണോ? ജനങ്ങള്‍ക്ക് ആശ്വാസം പകരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പൊതുവിപണിയേക്കാള്‍ വിലക്കുറവ് സപ്ലൈക്കോയില്‍ തന്നെയാണ്' ഇന്ത്യയില്‍ വേറെ ഏത് സര്‍ക്കാര്‍ സ്ഥാപനം ഇങ്ങനെ ചെയ്യുന്നുണ്ടെന്നും മന്ത്രി ചോദിച്ചു.

വില കൂട്ടുക മാത്രമല്ല ചെറുപയര്‍, വെളിച്ചെണ്ണ, മുളക് എന്നിവയുടെ വില കുറച്ചുവെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. 'പൈസയുടെ കണക്ക് നിങ്ങള്‍ നോക്കണ്ട. യഥേഷ്‌ടം സാധനം കിട്ടുന്നുണ്ടോയെന്ന് നോക്കിയാല്‍ മതി. സര്‍ക്കാര്‍ കൊടുക്കേണ്ട പണം സപ്ലൈക്കോയും സര്‍ക്കാരും തമ്മില്‍ തീര്‍ത്തോളും. ജനങ്ങളുടെ വിഷയമാണ് നോക്കേണ്ടത്' എന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാരിന്റെ വിപണി ഇടപെടലില്‍ ഓരോ ഉല്‍പന്നത്തിനും കുറയുന്നത് പത്തും പന്ത്രണ്ടും രൂപയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. എല്ലാ ഔട്ട്ലെറ്റുകളിലും സാധനങ്ങള്‍ വന്നു കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. ഇന്നലെ മാത്രം എട്ട് കോടി രൂപയുടെ വില്‍പ്പനയാണ് സപ്ലൈകോയിൽ നടന്നത്, രണ്ട് ദിവസമായി വലിയ തിരക്കാണ് അവിടെയൊന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, അരിയടക്കമുള്ള ഭക്ഷ്യ വസ്‌തുക്കളുടെ വില കുത്തനെ ഉയർത്തിയ സപ്ലൈക്കോ നടപടിക്ക് എതിരെ ശക്തമായ വിമർശനം ഉയർന്നിരുന്നു. സബ്‌സിഡി സാധനങ്ങളായ കുറുവ അരിക്കും തുവരപരിപ്പിനും കൂട്ടിയിട്ടുണ്ട്. കുറുവ അരിയുടെ വില കിലോഗ്രാമിന് 30 രൂപയിൽ നിന്ന് 33 രൂപയായി കൂട്ടി. തുവരപരിപ്പിന്റെ വില 111 രൂപയിൽ നിന്ന് 115 രൂപയാക്കി.
അത് മാത്രമല്ല മലയാളികളുടെ ഭക്ഷ്യ ഉത്പന്നങ്ങളിലെ പ്രഥമ സ്ഥാനം അലങ്കരിക്കുന്ന ഒന്നായ പഞ്ചസാരയുടെ വില ആറ് രൂപയോളമാണ് വർധിപ്പിച്ചത്. നേരത്തെ 27 രൂപ മാത്രമായിരുന്ന പഞ്ചസാരയ്ക്ക് ഇനി മുതൽ 33 രൂപ നൽകണം. ഓണം ഫെയറുകൾ ആരംഭിക്കുന്നതിന് മുന്നോടിയായാണ് സപ്ലൈക്കോ വില വർധനവ് പ്രഖ്യാപിച്ചത്.












Click it and Unblock the Notifications