'കർഷകന്റെ ആത്മഹത്യക്ക് ഉത്തരവാദി സർക്കാർ, ഒഴിഞ്ഞുമാറാനാകില്ല'; വിമർശനവുമായി വിഡി സതീശൻ
തിരുവനന്തപുരം: കര്‍ഷകന്റെ ആത്മഹത്യക്ക് ഉത്തരവാദി സംസ്ഥാന സര്‍ക്കാരെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. കണ്ണൂര്‍ നടുവില്‍ പഞ്ചായത്ത് പാത്തന്‍പാറ നൂലിട്ടാമലയില്‍ ഇടപ്പാറക്കല്‍ ജോസിനെ ആത്മഹത്യയിലേക്ക് നയിച്ചതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും സര്‍ക്കാരിന് ഒഴിഞ്ഞു മാറാനാകില്ലെന്ന് സതീശൻ ചൂണ്ടിക്കാട്ടി. മൂന്ന് മാസത്തിനിടെ കണ്ണൂര്‍ ജില്ലയില്‍ മാത്രം നാലാമത്തെ കര്‍ഷക ആത്മഹത്യയാണ് ഉണ്ടായതെന്നും അദ്ദേഹം പറയുന്നു.
രണ്ട് വര്‍ഷത്തിനിടെ സംസ്ഥാനത്ത് 91 കര്‍ഷകരാണ് ആത്മഹത്യ ചെയ്‌തതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ന്യായവില കിട്ടാത്തതും വന്യമൃഗശല്യവും കാലാവസ്ഥാ മാറ്റവും രോഗബാധയുമൊക്കെ സംസ്ഥാനത്തെ ഭൂരിഭാഗം കര്‍ഷകരെയും കടക്കെണിയിലേക്ക് നയിച്ചിരിക്കുകയാണ്. വിളനാശവും വിളകളുടെ വിലയിടിവും കാരണം വായ്‌പ തിരിച്ചടയ്ക്കാന്‍ പോലും സാധിക്കാതെ പല കര്‍ഷകരും കൂടുതല്‍ കടക്കെണിയില്‍ അകപ്പെടുകയാണെന്നും സതീശൻ ആരോപിച്ചു.

നിലവിൽ ലക്ഷക്കണക്കിന് കര്‍ഷക കുടുംബങ്ങളാണ് ജപ്‌തി ഭീഷണിയിലുള്ളത്. ഇത്രയേറെ ഭീതിതമായ അവസ്ഥ നിലനില്‍ക്കുമ്പോഴും കര്‍ഷകരെയും കാര്‍ഷിക മേഖലയെയും പിണറായി സര്‍ക്കാര്‍ പൂര്‍ണമായും അവഗണിക്കുകയാണെന്നും, ഈ അവഗണനയുടെ ഏറ്റവും ഒടുവിലത്തെ ഇരയാണ് കണ്ണൂരിലെ ജോസെന്നും സതീശൻ പറഞ്ഞു.
കര്‍ഷകര്‍ക്കും വയോധികര്‍ക്കും സാധാരണക്കാര്‍ക്കും ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന നാടായി കേരളത്തെ ഈ സര്‍ക്കാര്‍ മാറ്റി. ക്ഷേമ പെന്‍ഷനുകള്‍ പോലെ തന്നെ കര്‍ഷക പെന്‍ഷന്‍ നല്‍കിയിട്ടും മാസങ്ങളായി. കര്‍ഷക ദ്രോഹ നടപടികള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇനിയെങ്കിലും തയ്യാറാകണമെന്നും സതീശൻ ആവശ്യപ്പെട്ടു.
നവകേരള സദസ് പരിപാടിയെയും സതീശൻ വിമർശിച്ചു. പലിശയ്ക്ക് പണമെടുത്ത് കൃഷിയിറക്കുന്ന കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാരെ ആത്മഹത്യ മുനമ്പില്‍ നിര്‍ത്തിയിട്ടാണ് ഖജനാവിലെ പണമെടുത്ത്, ഒരു കോടി രൂപയുടെ ബസില്‍ നവകേരള സദസെന്ന അശ്ലീല നാടകം നടത്തിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും ധൂര്‍ത്തടിച്ച പണമെങ്കിലും പാവങ്ങള്‍ക്ക് നല്‍കിയിരുന്നെങ്കില്‍ കർഷക ആത്മഹത്യകള്‍ ഒഴിവാക്കാമായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് കണ്ണൂരിൽ വീണ്ടും കട ബാധ്യതയെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്‌തത്. വ്യക്തികള്‍ക്കും സ്വാശ്രയ സംഘത്തിലുമായി ജോസിന് കട ബാധ്യതയുണ്ടായിരുന്നു. വാഴക്കൃഷി നഷ്‌ടത്തിലായതിന്റെ വിഷമത്തിലായിരുന്നു ജോസെന്ന് ബന്ധുക്കള്‍ പറയുന്നു. പാത്തന്‍പാറ സ്വദേശിയായ ജോസ് ഞായറാഴ്‌ച രാവിലെയാണ് തൂങ്ങിമരിച്ചത്. സുഹൃത്തിന്റെ വീട്ടുവളപ്പിലാണ് മുണ്ടില്‍ തൂങ്ങിയ നിലയില്‍ ജോസിനെ കണ്ടത്.
രണ്ട് മാസം മുന്‍പ് കൊളക്കാടും ഒരു കര്‍ഷകന്‍ ജീവനൊടുക്കിയിരുന്നു. ബാങ്കിലെ കടബാധ്യത കാരണമാണ് കൊളക്കാടും കര്‍ഷകന്‍ സ്വയം ജീവനൊടുക്കിയത്. ഇതിനുമുന്‍പായി അയ്യന്‍കുന്ന് പഞ്ചായത്തില്‍ സുബ്രഹ്‌മണ്യനെന്ന കര്‍ഷകനും ജീവനൊടുക്കിയിരുന്നു.












Click it and Unblock the Notifications