കണ്ണൂരിൽ പലരേയും ജീവനോടെ കത്തിച്ചിട്ടില്ലേ..? കോലം കത്തിച്ചതിൽ എസ്എഫ്ഐക്കെതിരെ ഗവർണർ
കണ്ണൂർ: എസ്എഫ്ഐക്കെതിരെ കടുത്ത വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് വീണ്ടും രംഗത്ത്. എസ്എഫ്ഐ നേതാക്കൾ തന്റെ കോലം കത്തിച്ചതില്‍ അത്ഭുതമില്ലെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഏറ്റവും ഒടുവിൽ പറഞ്ഞത്. അവർ അവരുടെ സംസ്‌കാരമാണ് കാണിക്കുന്നത്. എത്രയോ പേരെ കൊന്നവരാണ് കോലം കത്തിച്ചതെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു.
മുഖ്യമന്ത്രിയാണ് ഈ പ്രതിഷേധങ്ങൾക്ക് അനുമതി നൽകുന്നതെന്നും ഗവർണർ ചൂണ്ടിക്കാട്ടി. അവരെന്തിനാണ് ഈ നാടകം തുടരുന്നതെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആക്രമണം നടത്തിയവരെ മുഖ്യമന്ത്രി തന്നെ പിന്തുണയ്ക്കുകയാണ്. മുഖ്യമന്ത്രിയുടെ പങ്കാണ് ഇത് സൂചിപ്പിക്കുന്നത്. എന്റെ കോലം മാത്രമേ കത്തിച്ചിട്ട് ഉള്ളു, പക്ഷേ കണ്ണൂരിൽ പലരെയും ജീവനോടെ കൊന്നിട്ടില്ലേയെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ചോദിച്ചു.

സർക്കാരിനെതിരായ പോർമുഖം തുറന്നുകൊണ്ട് ബില്ലുകളിൽ വ്യക്തത വരുത്തിയാൽ ഒപ്പിടുമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. കണ്ണൂർ പയ്യാമ്പലത്താണ് പാപ്പാഞ്ഞി മാതൃകയിൽ ഗവർണറുടെ കോലം കത്തിച്ചത്. സംഭവത്തില്‍ എസ്എഫ്ഐ നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
സംസ്ഥാന പ്രസിഡന്റ് അനുശ്രീ ഉൾപ്പെടെ ഇരുപതോളം പേർക്കെതിരെയാണ് കലാപശ്രമമടക്കം വകുപ്പുകൾ ചുമത്തി കേസെടുത്തത്. കലാപശ്രമത്തിനും നിയമവിരുദ്ധമായി സംഘം ചേർന്നതിനുമുൾപ്പെടെ നാല് വകുപ്പുകൾ ഇവർക്കെതിരെ ചേർത്തിട്ടുണ്ട്. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീ, ജില്ലാ സെക്രട്ടറി സഞ്ജീവ്, പ്രസിഡന്‍റ് വിഷ്‌ണു വിനോദ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വൈഷ്‌ണവ് ചന്ദ്രൻ തുടങ്ങിയവരാണ് പ്രതികൾ.
അതേസമയം, ഇന്ന് പി ജയരാജനും ഗവർണർക്ക് എതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ചിരുന്നു. ഗവർണർ പദവി കൊളോണിയൽ അവശേഷിപ്പാണ്. ആരിഫ് മുഹമ്മദ് ഖാൻ വിഡ്ഢി വേഷം കെട്ടുകയാണ്. മുമ്പ് ഗവർണറായിരുന്ന പി സദാശിവം കോമാളി വേഷം കെട്ടിയില്ല. സ്ഥാനത്തിന്റെ മഹത്വം അറിയുന്ന ആളായിരുന്നു സദാശിവം. എന്നാൽ ആരിഫ് മുഹമ്മദ് ഖാന്റെ ഇടപെടലുകൾ അധഃപതിച്ചതാണ്; എന്നായിരുന്നു ജയരാജന്റെ പ്രതികരണം. കൂടാതെ അപൂർവമായി മാത്രം കേരളത്തിൽ എത്തുന്ന അദ്ദേഹം മുഖ്യമന്ത്രിയെ അസഭ്യം പറയുന്നത് പതിവാക്കുകയാണെന്നും ജയരാജൻ ചൂണ്ടിക്കാട്ടി.
'ആരിഫ് മുഹമ്മദ് ഖാൻ ഭരണഘടനയെയും സുപ്രീം കോടതിയെയും പരിഹസിക്കുന്നു. ബില്ലുകളിൽ ഒപ്പിടാതെ അടയിരിക്കുന്നു. ഗവർണർ ഒരിക്കലും കേന്ദ്ര സർക്കാരിന്റെ ഏജന്റ് ആയി പ്രവർത്തിക്കാൻ പാടില്ല. ആര്‍എസ്എസ് മേധാവിയെ അങ്ങോട്ട് പോയി കണ്ട് ആജ്ഞ സ്വീകരിക്കുകയാണ്. അപമാനമാണ് ഈ നീക്കം. ഇത്തരം ബന്ധങ്ങൾ അവസാനിപ്പിച്ച് വേണം ഗവർണറായി തുടരാൻ.' പി ജയരാജൻ ചൂണ്ടിക്കാട്ടിയിരുന്നു.












Click it and Unblock the Notifications