ചെയ്തതെല്ലാം മനസ്സിലുണ്ട്, 3 തവണയും ക്ഷണിച്ചില്ല; ക്ഷണം നിരസിച്ചതില്‍ വിശദീകരണവുമായി ഗവര്‍ണര്‍
തിരുവനന്തപുരം: ലോക കേരള സഭയുടെ ഉദ്ഘാടനത്തിനുള്ള ക്ഷണം നിരസിച്ചതില്‍ വിശദീകരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്നെ കഴിഞ്ഞ മൂന്ന് ലോക കേരള സഭകളിലേക്ക് ക്ഷണിച്ചിട്ടില്ലായിരുന്നു. തന്നോട് മുമ്പ് ചെയ്തത് എല്ലാം മനസ്സിലുണ്ടെന്നും ഗവര്‍ണര്‍ പ്രതികരിച്ചു. രോഷത്തോടെയായിരുന്നു ഗവര്‍ണറുടെ പ്രതികരണം.
തന്നെ ആക്രമിക്കാന്‍ ശ്രമിച്ചവരുടെ പരിപാടിക്ക് എന്തിനാണ് പോകുന്നത്. കൊല്ലത്ത് വെച്ച് തനിക്ക് നേരെ ആക്രമണം ഉണ്ടായി. അക്രമത്തെ പിന്തുണയ്ക്കുന്നവര്‍ക്കൊപ്പം നില്‍ക്കില്ല. കണ്ണൂരിലെ ജനങ്ങള്‍ അക്രമത്തിന്റെയും ബോംബിന്റെയും സംസ്‌കാരത്തെ തിരസ്‌കരിച്ചു. അവരെ പ്രത്യേക അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

അക്രമ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്നവര്‍ ഭരണഘടനയ്ക്കും നിയമത്തിനുമെതിരെ പ്രവര്‍ത്തിക്കുന്നവരാണ്. അത്തരക്കാരുടെ പരിപാടിക്ക് പോകാന്‍ വേണ്ടിയാണോ നിങ്ങള്‍ എന്നെ പ്രേരിപ്പിക്കുന്നതെന്ന ചോദിച്ച ഗവര്‍ണര്‍ താന്‍ പോകില്ലെന്ന് തറപ്പിച്ച് പറയുകയും ചെയ്തു.
കഴിഞ്ഞ ദിവസമാണ് ചീഫ് സെക്രട്ടി വി വേണു ലോക കേരള സഭ ഉദ്ഘാടനം ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്ഭവനിലെത്തി ഗവര്‍ണറെ ക്ഷണിച്ചത്. എന്നാല്‍ ചീഫ് സെക്രട്ടറിയെ കടുത്ത ഭാഷയിലാണ് ഗവര്‍ണര്‍ വിമര്‍ശിച്ചത്. താന്‍ കേരള സഭ ഉദ്ഘാടനം ചെയ്യാനില്ലെന്നും അറിയിക്കുകയായിരുന്നു. ഭരണഘടനാ സ്ഥാപനങ്ങളെ സര്‍ക്കാര്‍ ദുര്‍ബലമാക്കുന്നുവെന്നും, അതിനോട് യോജിക്കാനാവില്ലെന്നും ഗവര്‍ണര്‍ അറിയിച്ചു.
പലതവണ ലോക കേരള സഭ ചേര്‍ന്നിട്ടും അതിലേക്ക് തന്നെ ക്ഷണിക്കാത്തതിലുള്ള നീരസവും അദ്ദേഹം അറിയിച്ചു. ഈ മാസം 13 മുതല്‍ 15 വരെ ലോക കേരളസഭ. നേരത്തെ എസ്എഫ്‌ഐക്കാര്‍ കാര്‍ തടഞ്ഞതില്‍ അടക്കമുള്ള സര്‍ക്കാര്‍ നടപടികളുണ്ടായ വീഴ്ച്ചകള്‍ ഗവര്‍ണറെ ചൊടിപ്പിച്ചിരുന്നു.












Click it and Unblock the Notifications