അൻവറിന്റെ ആരോപണം ഏറ്റെടുത്ത് ഗവർണർ; ഫോൺ ചോർത്തൽ അതീവ ഗൗരവമുള്ള വിഷയം, റിപ്പോർട്ട് തേടി
തിരുവനന്തപുരം: പിവി അൻവറിന്റെ ആരോപണങ്ങളുടെ ചുവടുപിടിച്ച് സർക്കാരിനെതിരെ പുതിയ പോർമുഖം തുറന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അൻവർ കെട്ടഴിച്ചുവിട്ട ആരോപണങ്ങളിൽ നിന്ന് സർക്കാർ ഒരുവിധം ഓടിയൊളിക്കുന്നതിനിടെയാണ് കൃത്യമായി ഇക്കാര്യത്തിൽ ഇടപെടലുമായി ഗവർണർ രംഗത്ത് വരുന്നത്. ഫോൺ ചോർത്തൽ ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഗൗരവകരമാണ് എന്നാണ് ഗവർണറുടെ നിലപാട്.
കൂടാതെ ഈ വിഷയത്തിൽ അടിയന്തരമായി റിപ്പോർട്ട് നൽകണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയനോട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച കത്ത് രാജ്ഭവൻ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. സംസ്ഥാനത്തിലെ പോലീസ് സേനയിലെ ഉന്നതർക്കും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കും എതിരെ നിരന്തരം ആരോപണങ്ങൾ നടത്തുന്ന അൻവറിനെ അനുനയിപ്പിക്കാൻ ശ്രമം നടക്കുന്നതിനിടെയാണ് ഗവർണറുടെ നടപടി.

എഡിജിപി എംആർ അജിത്കുമാറിനെ പ്രതികൂട്ടിൽ നിർത്തിയായിരുന്നു അൻവറിന്റെ ആരോപണങ്ങളിൽ ഏറെയും. എഡിജിപി മന്ത്രിമാരുടെ ഉൾപ്പെടെ ഫോൺ ചോർത്തിയെന്ന ഗുരുതരമായ വിഷയവും അൻവർ ഉന്നയിക്കുകയുണ്ടായി. ഇതാണ് ഗവർണറും ഏറ്റുപിടിക്കുന്നത്, കൂടാതെ പോലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തിയെന്ന അൻവറിന്റെ പ്രസ്‌താവനയും ഗൗരവത്തിൽ എടുക്കണമെന്നാണ് രാജ്ഭവൻ ആവശ്യപ്പെട്ടിരിക്കുന്നത്.
ഫോൺ ചോർത്തൽ ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങൾ അൻവർ ഉന്നയിച്ചപ്പോൾ ഇതിനോട് പ്രതികരിക്കാതെ മുന്നോട്ട് പോവുകയായിരുന്നു സർക്കാർ ഇതുവരെ. എന്നാൽ ഗവർണറുടെ ഇടപെടൽ ഉണ്ടായതോടെ വിഷയത്തിൽ സർക്കാർ നിലപാട് എന്താണെന്ന് വൈകാതെ അറിയാൻ കഴിയും. ആരോപണ വിധേയനായ എഡിജിപി എംആർ അജിത്കുമാർ ആവട്ടെ ഇപ്പോഴും സർവീസിൽ തുടരുന്നുണ്ട് താനും.
ഈ സാഹചര്യത്തിൽ പോലീസ് അന്വേഷണം നടത്തിയാൽ പോലും അത് എത്രത്തോളം ഫലപ്രദമാകും എന്നാണ് ഉയരുന്ന ചോദ്യം. ഫോൺ ചോർത്തൽ മാത്രമല്ല എഡിജിപിക്കെതിരെ വേറെയും ചില ആരോപണങ്ങൾ അൻവർ ഉന്നയിച്ചിരുന്നു. അനധികൃത സ്വത്ത് സമ്പാദന വിഷയം ഉൾപ്പെടെ അതിൽ ഉൾപ്പെടുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സർക്കാരിന്റെ മെല്ലെപോക്ക് ഇപ്പോഴും തുടരുകയാണ്.
പക്ഷേ, എഡിജിപിക്കെതിരെ സിപിഐ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് നീക്കണമെന്നാണ് അവരുടെ പ്രധാന ആവശ്യം. തൃശൂരിലെ തിരഞ്ഞെടുപ്പ് പരാജയത്തിൽ നേരത്തെ തന്നെ ഇടഞ്ഞ് നിൽക്കുന്ന സിപിഐയെ ഇനിയും പറഞ്ഞു സമാധാനിപ്പിക്കാൻ സിപിഎമ്മിന് കഴിഞ്ഞെന്ന് വരില്ല. എഡിജിപി-ആർഎസ്എസ് നേതാവ് കൂടിക്കാഴ്‌ച തന്നെയാണ് സിപിഐ പ്രധാനമായും ഉന്നയിക്കുന്ന വിഷയം. ഇതിൽ നടപടി ഉണ്ടാവുമോ എന്ന് ഇന്നത്തെ എൽഡിഎഫ് യോഗത്തിന് ശേഷമേ അറിയാൻ കഴിയൂ.












Click it and Unblock the Notifications