പോലീസുകാരോട് ആക്രോശിച്ച് ഗവര്‍ണര്‍, എസ്എഫ്‌ഐ ബാനറുകള്‍ നീക്കി, വീണ്ടും ഉയര്‍ത്തി പ്രവര്‍ത്തകര്‍
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മിലുള്ള പോര് മുറുകുന്നു. ഗവര്‍ണര്‍ പോലീസിനെ ഉപയോഗിച്ച് എസ്എഫ്‌ഐ ബാനര്‍ നീക്കിയിരിക്കുകയാണ്. എന്നാല്‍ ഇതിന് പിന്നാലെ ക്യാമ്പസില്‍ വീണ്ടും ബാനര്‍ ഉയര്‍ത്തിയിരിക്കുകയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍. രാത്രിയില്‍ ഗവര്‍ണര്‍ പോലീസുകാരോട് കയര്‍ത്തതിന് പിന്നാലെയാണ് ബാനറുകള്‍ നീക്കം ചെയ്തത്.
ഈ സംഭവത്തിന് പിന്നാലെ സംസ്ഥാന സെക്രട്ടറി ആര്‍ഷോയുടെ നേതൃത്വത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് പ്രകടനവുമായി ക്യാമ്പസിലെത്തി. പോലീസും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പോലീസ് ഇവരെ തടഞ്ഞതോടെയാണ് ഉന്തും തള്ളുമുണ്ടായത്.

നേരത്തെ ബാനറുകള്‍ നീക്കം ചെയ്യാന്‍ രാവിലെ മുതല്‍ നിര്‍ദേശം നല്‍കിയിട്ടും ഇതിനുള്ള നടപടി വൈസ് ചാന്‍സലറോ പോലീസോ സ്വീകരിക്കാത്തതിലാണ് ഗവര്‍ണര്‍ രോഷം പ്രകടിപ്പിച്ചത്. വൈകീട്ടോടെ അപ്രതീക്ഷിതമായി ക്യാമ്പസിലൂടെ നടന്നുകൊണ്ടാണ് ബാനറുകള്‍ നീക്കം ചെയ്യാന്‍ പോലീസിനോട് രോഷത്തോടെ ഗവര്‍ണര്‍ ആവശ്യപ്പെട്ടത്.
പോലീസുകാരെ നാണംകെട്ട വര്‍ഗം എന്ന് അധിക്ഷേപിച്ചായിരുന്നു ഗവര്‍ണര്‍ സംസാരിച്ചത്. ബാനറുകള്‍ നീക്കം ചെയ്യാത്തതിലുള്ള അമര്‍ഷം അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തു. മലപ്പുറം എസ്പി അടക്കമുള്ളവരോടായിരുന്നു ഗവര്‍ണര്‍ കയര്‍ത്ത് സംസാരിച്ചത്. ഇതിന് പിന്നാലെ ബാനറുകള്‍ നീക്കം ചെയ്യുകയായിരുന്നു പോലീസ്.അതേസമയം എസ്എഫ്‌ഐ പ്രവര്‍ത്തകരും പോലീസുകരോട് കയര്‍ത്ത് സംസാരിച്ചത്.
ആര്‍ഷോയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഡൗണ്‍ ഡൗണ്‍ ഗവര്‍ണര്‍ എന്നെഴുതിയ ബാനറാണ് ഉയര്‍ത്തിയത്. ക്യാമ്പസിനുള്ളില്‍ ഗവര്‍ണര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകര്‍ കോലം കത്തിച്ചു. ഞങ്ങളെ തടയരുതെന്നും ഗവര്‍ണര്‍ക്ക് സുരക്ഷയൊരുക്കിയാല്‍ മതിയെന്നും, മിണ്ടാതെ നിന്നോളണമെന്നും പോലീസിനോട് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ ആക്രോശിച്ച് ശേഷമാണ് ബാനര്‍ ഉയര്‍ത്തിയത്.
നാളെ നടക്കാനിരിക്കുന്ന സെമിനാറിന്റെ ബാനര്‍ കീറിയെടുത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കത്തിച്ചു. അതേസമയം ബാനറുകള്‍ നീക്കിയ ശേഷം സര്‍വകലാശാല കവാടത്തിന് മുന്നില്‍ കൂടുതല്‍ പോലീസുകാരെയും നിയോഗിച്ചിട്ടുണ്ട്. ഗവര്‍ണര്‍ താമസിക്കുന്ന കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസിലെ ഗസ്റ്റ് ഹൗസില്‍ വൈസ് ചാന്‍സലര്‍ ജയരാജ് എത്തി. സ്ഥലത്തെത്തിയ വിസിയോടും ഗവര്‍ണര്‍ കയര്‍ത്തു.
രാജ്ഭവന്‍ ബാനര്‍ ഉയര്‍ത്തിയതിലും, മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചും രാജ്ഭവന്‍ വാര്‍ത്താക്കുറിപ്പ് ഇറക്കി. കറുത്ത ബാനറിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ഗവര്‍ണര്‍ ആരോപിച്ചു. മുഖ്യമന്ത്രി നിര്‍ദേശമില്ലാതെ എസ്എഫ്‌ഐ ബാനര്‍ കെട്ടില്ല. സംസ്ഥാനത്ത് ഭരണഘടന സംവിധാനം തകരുന്നതിന്റെ തുടക്കമാണെന്നും ഗവര്‍ണര്‍ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.












Click it and Unblock the Notifications