ശ്രീരാമകൃഷ്ണന് ചികിത്സാ ചെലവായി ഖജനാവില്‍ നിന്ന് 37 ലക്ഷം രൂപ; 18 ലക്ഷം നല്‍കിയത് ചട്ടം മറികടന്ന്
തിരുവനന്തപുരം: മുന്‍ സ്പീക്കറും സി പി ഐ എം നേതാവുമായ പി ശ്രീരാമകൃഷ്ണന്റെ ചികിത്സ ചെലവിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവഴിച്ചത് 37, 44, 199 രൂപ. കെ പി സി സി സെക്രട്ടറി സി ആര്‍ പ്രാണകുമാറിന് നിയമസഭ സെക്രട്ടേറിയേറ്റില്‍ നിന്ന് ലഭിച്ച വിവരവകാശ അപേക്ഷയുടെ മറുപടിയില്‍ ആണ് പി ശ്രീരാമകൃഷ്ണന് വേണ്ടി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവഴിച്ച തുകയുടെ കണക്കുകള്‍ പുറത്ത് വന്നത്.
ശ്രീരാമകൃഷ്ണന് അനുവദിച്ച 37 ലക്ഷം രൂപയില്‍ 18 ലക്ഷം രൂപ മെഡിക്കല്‍ അഡ്വാന്‍സ് അനുവദിച്ചത് ചട്ടങ്ങള്‍ മറികടന്നാണ് എന്ന ആരോപണവും ഇതോടെ ഉയര്‍ന്നു. ശ്രീരാമകൃഷ്ണന്‍ സ്പീക്കറായിരുന്ന 2016 മേയ് മുതല്‍ 2021 മേയ് വരെ ചികിത്സാ ചെലവിനായി 15, 68, 313 രൂപയാണ് നല്‍കിയത്. സ്പീക്കര്‍ കാലാവധി കഴിഞ്ഞതിന് ശേഷം മുന്‍ എം എല്‍ എ എന്ന നിലയില്‍ ഏഴ് തവണ ശ്രീരാമകൃഷ്ണന് ചികിത്സാ ചെലവ് അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

ഇക്കാലയളവില്‍ 21,75, 886 രൂപയാണ് ചികിത്സാ ചെലവിനായി ശ്രീരാമകൃഷ്ണന് അനുവദിച്ചത്. 2021 ഒക്ടോബര്‍ 27 ലെ മന്ത്രിസഭ യോഗത്തില്‍ ആണ് ചട്ടങ്ങളില്‍ ഇളവ് വരുത്തി ശ്രീരാമകൃഷ്ണന് ചികിത്സാ ചെലവ് നല്‍കാന്‍ തീരുമാനിച്ചത്. ശ്രീരാമകൃഷ്ണന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ന്യൂറോ സര്‍ജറി നടത്തുന്നതിന് വേണ്ടിയാണ് 18 ലക്ഷം മെഡിക്കല്‍ അഡ്വാന്‍സ് അനുവദിച്ചത്.
മുന്‍ എം എല്‍ എമാര്‍ക്ക് സൗജന്യ ചികില്‍സക്ക് അര്‍ഹതയുണ്ട് എന്ന ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ആ ജില്ലയിലെ ഗവണ്‍മെന്റ് ആശുപത്രിയിലോ, ഗവണ്‍മെന്റ് ആശുപത്രി ഇല്ലെങ്കില്‍ മാത്രം അതേ ജില്ലയിലെ സര്‍ക്കാരിതര ആശുപത്രികളിലോ ചികിത്സ തേടാം എന്നാണ് ചട്ടം. ഇതിന് ചികിത്സക്ക് ചെലവായ തുക സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കുകയും ചെയ്യും എന്നുള്ളതാണ് രീതി.
എന്നാല്‍ മെഡിക്കല്‍ അഡ്വാന്‍സ് നല്‍കുന്നതിന് ചട്ടം അനുവദിക്കില്ല. അങ്ങനെയിരിക്കെ ഈ ചട്ടം ഇത് മറികടന്നാണ് 18 ലക്ഷം അഡ്വാന്‍സ് ശ്രീരാമകൃഷ്ണന് അനുവദിച്ചത്. അഡ്വാന്‍സ് തുക ചികിത്സാ ചെലവായി സര്‍ക്കാര്‍ പിന്നിട് ക്രമപ്പെടുത്തുകയും ചെയ്തു. അതേസമയം അസുഖത്തിന് വിദേശത്ത് പോയി ചികിത്സ തേടാനുള്ള ഒരുക്കത്തിലാണ് ശ്രീരാമകൃഷ്ണന്‍. ദുബായിലെ ആശുപത്രിയില്‍ ചികില്‍സ നടത്തുന്നതിനുള്ള ചെലവ് ലഭിക്കാന്‍ പ്രത്യേക അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് ശ്രീരാമകൃഷ്ണന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications