കൊവിഡ് മരണ പട്ടികയിൽ കള്ളക്കളി തുടർന്ന് സർക്കാർ; ദുരനുഭവം പങ്കുവച്ച് പോത്തൻകോട് സ്വദേശിയുടെ ബന്ധുക്കൾ
തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിച്ചവരുടെ പേര് പട്ടികയിൽ ഉൾപ്പെടുത്താതെ സർക്കാർ കള്ളക്കളി കളിക്കുന്നു എന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്ന അനുഭവമാണ് തിരുവനന്തപുരത്ത് മരണപ്പെട്ട അനിൽ കുമാറിന്റെ കുടുംബം പങ്കുവെയ്ക്കുന്നത്. പോത്തൻകോട് സ്വദേശിയായ അനിൽകുമാർ കൊവിഡ് ബാധിച്ച് മരിച്ചിട്ടും അദ്ദേഹത്തെ കൊവിഡ് ബാധിത മരണങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് ബന്ധുക്കൾ വൺ ഇന്ത്യ മലയാളത്തിനോട് വെളിപ്പെടുത്തി. അനിൽ കുമാറിന്റെ ആരോഗ്യാവസ്ഥ അന്വേഷിച്ച് ഇപ്പോഴും ഫോൺകോളുകൾ ലഭിക്കുന്നതായും കുടുംബാംഗങ്ങൾ പറയുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇക്കഴിഞ്ഞ മെയ് ആറിനാണ് പോത്തൻകോട് പണിമൂല സ്വദേശി അനില്‍കുമാര്‍ കൊവിഡ് ബാധിച്ച് മരിക്കുന്നത്. ശേഷം തങ്ങൾക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് വൺ ഇന്ത്യ മലയാളത്തോട് അനിൽ കുമാറിന്റെ ബന്ധുക്കൾ പ്രതികരിച്ചു.
പുത്തൻ ഗെറ്റപ്പിൽ എല്ലാരേയും ഞെട്ടിച്ച് മമ്മൂക്ക, ഏറ്റെടുത്ത് ആരാധകർ

അനിൽകുമാർ മരിച്ച് രണ്ടു മാസം പിന്നിടുമ്പോഴും അദ്ദേഹത്തെ കൊവിഡ് മരണപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നാണ് ആക്ഷേപം. മരണ ശേഷം ആരോഗ്യ വകുപ്പിൽ നിന്ന് മൂന്ന് തവണ ബന്ധുക്കൾക്ക് ആരോഗ്യം സംബന്ധിച്ച വിവരാന്വേഷണത്തിന് കോളുകൾ ലഭിച്ചതായും കുടുംബം ആരോപിക്കുന്നു. ഇദ്ദേഹത്തിൻ്റെ ബന്ധുക്കൾക്ക് ലഭിച്ച മരണ സർട്ടിഫിക്കറ്റിലും കൃത്യമായ മരണകാരണം രേഖപ്പെടുത്തിയിട്ടില്ല. കൊവിഡ് ബാധിച്ച് മരിച്ചവരോടുള്ള സർക്കാരിൻ്റെ അനാസ്ഥ തെളിയിക്കുന്നതാണ് പോത്തൻകോട് സ്വദേശിയുടെ ദുരനുഭവം എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചാല്‍ ആ ആനുകൂല്യം നഷ്ടമാകുമോയെന്ന ആശങ്കയിലാണ് അനില്‍കുമാറിന്റെ കുടുംബം. ഭാര്യയും ഏകമകളും അടങ്ങുന്നതാണ് ഇദ്ദേഹത്തിൻ്റെ കുടുംബം.അനിലിനെ ചെറിയ പനി അനുഭവപ്പെട്ടതിനെ തുടർന്ന് മണക്കാട് ഐരാണിമുട്ടത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. മറ്റൊരു രോഗത്തിനും ഇയാൾ അടിമയല്ലെന്നും വിവരങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. കൂലിപ്പണിക്കാരനായിരുന്ന അനിൽകുമാർ മരിച്ച ശേഷം എങ്ങനെ ജീവിക്കണമെന്നറിയാതെ നട്ടംതിരിയുകയാണ് ഇവർ.

കുടുംബത്തിൻ്റെ ഏക അത്താണിയായിരുന്ന അനിലിൻ്റെ മരണത്തോടെ തീർത്തും വിഷമഘട്ടത്തിലാണ് ഭാര്യയും മകളും. മരണത്തിന് ശേഷം ഒരു സ്വകാര്യ സ്ഥാപനത്തിൽ തുച്ഛ വരുമാനത്തിന് ജോലിക്ക് പോവുകയാണ് അനിലിൻ്റെ ഭാര്യ മായ.
കൊവിഡ് ബാധിച്ച് മെഡിക്കല്‍ കോളേജില്‍ മരിച്ചിട്ടും പട്ടികയില്‍ അനില്‍കുമാറിന്റെ പേരില്ലെന്നാണ് വാര്‍ഡ് മെമ്പർ ഷീജയും വ്യക്തമാക്കുന്നത്. ആരോഗ്യ വകുപ്പിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറോട് വിവരം പറഞ്ഞപ്പോൾ ജില്ല മെഡിക്കൽ ഓഫീസർക്ക് റിപ്പോർട്ട് കൈമാറിയെന്നാണ് അവർ പറയുന്നതെന്നും ഷീജ 'വൺ ഇന്ത്യ മലയാള'ത്തോട് വ്യക്തമാക്കി.ഇതിൽമേൽ ഇതുവരെയും സർക്കാരിൻ്റെ ഒരു ഇടപ്പെടലും പ്രത്യക്ഷത്തിൽ നടന്നതായി തനിക്ക് ഒരു അറിവും ലഭിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.
കൊവിഡ് ബാധിച്ച് മരിച്ചവരുടെ പട്ടിക തയ്യാറാക്കുന്നതിൽ സർക്കാരിൻ്റെ കള്ളക്കളി വ്യക്തമാക്കുന്നതാണ് പോത്തൻകോട് സ്വദേശിയുടെ മരണം.മുമ്പൊരിക്കൽ, എറണാകുളം സ്വദേശിയുടെ മരണം കൊവിഡ് പട്ടികയിൽ ഉൾപ്പെടാതിരുന്നത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

അനുദിനം ആരോഗ്യ വകുപ്പിൽ നിന്ന് പുറത്ത് വരുന്ന കൊവിഡ് മരണ പട്ടികയിലും പുതുതായി ഉണ്ടാകുന്ന രോഗബാധിതരുടെ എണ്ണത്തിലും സർക്കാർ കൃത്യമായ രേഖ പുറത്തുവിടുന്നില്ലെന്ന പ്രതിപക്ഷത്തിൻ്റെ ആരോപണത്തിന് മൂർച്ഛ കൂട്ടുന്നതാണ് ഈ സംഭവവും.പ്രതിപക്ഷം ആദ്യം മുതൽക്കേ ആരോപിക്കുന്ന ഈ വിഷയത്തിൽ കൃത്യയാർന്ന നിലപാട് സ്വീകരിക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
കൊവിഡ് പട്ടിക തയ്യാറാക്കുന്നതിൽ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ പുന:പരിശോധിക്കാമെന്ന് ആരോഗ്യ മന്ത്രി പറയുമ്പോഴും വീണ്ടും ഇത്തരത്തിലുള്ള അനാസ്ഥകൾ തുടരുകയാണ്.കൊവിഡ് ബാധിച്ച് മരിച്ചിട്ടും സർക്കാരിൻ്റെ പട്ടികയിൽ ഇടംപിടിക്കാതെ പോകുന്നവരുടെ കാര്യത്തിൽ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപ്പെടലുണ്ടാകണമെന്നാണ് അനിൽകുമാറിൻ്റെ ബന്ധുക്കൾ ആവശ്യപ്പെടുന്നത്.












Click it and Unblock the Notifications