മലപ്പുറം വഴിക്കടവില്‍ ഒരാള്‍ക്ക് എച്ച്1എന്‍1, ഒരാഴ്ച്ചയ്ക്കിടെ 12 പേര്‍ക്ക് രോഗബാധ; ജാഗ്രത
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും ഒരാള്‍ക്ക് എച്ച്1എന്‍1 രോഗബാധ. മലപ്പുറത്ത് വഴിക്കടവ് സ്വദേശിക്കാണ് എച്ച്1എന്‍1 രോഗം സ്ഥിരീകരിച്ചത്. രോഗ നിയന്ത്രണത്തിന്റെ ഭാഗമായി ഇന്ന് പഞ്ചായത്തില്‍ യോഗം ചേരും. ഈ മാസം ഒന്നാം തിയതി മുതല്‍ ഏഴാം തിയതി വരെ പന്ത്രണ്ട് പേര്‍ക്കാണ് എച്ച്1എന്‍1 കേസുകള്‍ സ്ഥിരീകരിക്കുന്നത്.
നേരത്തെ സമീപപ്രദേശത്തെ ഒരാള്‍ക്ക് രോഗബാധ കണ്ടെത്തിയിരുന്നു. ഇയാള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ നിലവില്‍ രോഗബാധ കണ്ടെത്തിയാല്‍ നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ ചികിത്സയിലാണ്.

രോഗ നിയന്ത്രണത്തിന്റെ ഭാഗമായി മണിമൂളി, മൊടപ്പൊയ്ക, മാമാങ്കര, ഹെല്‍ത്ത് സെന്ററുകളെ ഏകോപിപ്പിച്ച് ആരോഗ്യ വകുപ്പും ആശ വര്‍ക്കര്‍മാരും അടങ്ങുന്ന സംയുക്ത ടീം വ്യാഴാഴ്ച്ച ഫീല്‍ഡ് വര്‍ക്ക് നടത്തും. അതേസമയം രോഗവ്യാപന മേഖലയിലുള്ളവരോട് മാസ്‌ക് ധരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം മലപ്പുറം ജില്ലയില്‍ ഈ വര്‍ഷം മുപ്പത് കേസുകള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതല്‍ പേര്‍ക്ക് രോഗം ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഡെങ്കിപ്പനി, എലിപ്പനി, കോളറി, അമീബിക് മസ്തിഷ്‌ക ജ്വരം എന്നിങ്ങനെ കേരളത്തിലെ രോഗങ്ങളുടെ എണ്ണം വര്‍ധിച്ച് വരികയാണ്.
ഒരാഴ്ച്ചയ്ക്കിടെ 8379 പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. കോളറ തിരുവനന്തപുരത്താണ് സ്ഥിരീകരിച്ചത്. നേരത്തെ കേരളമാകെ ഭീതി പടര്‍ത്തി കൊണ്ട് കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നു. പിന്നീട് തൃശൂരിലും ഈ രോഗം റിപ്പോര്‍ട്ട് ചെയ്തത്. ജാഗ്രത വേണമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.
എന്താണ് എച്ച്1എന്‍1?
വായുവിലൂടെ പകരുന്ന വൈറല്‍ പനിയാണ് എച്ച്1എന്‍1. തുടക്കത്തില്‍ തന്നെ ചികിത്സിക്കുകയാണെങ്കില്‍ പ്രശ്‌നം ഗുരുതരമാകാതെ ശ്രദ്ധിക്കാന്‍ കഴിയും. ഇന്‍ഫ്‌ളുവെന്‍സ എന്ന ഗ്രൂപ്പില്‍പ്പെട്ട വൈറസാണ് ഈ രോഗത്തിന് കാരണം. പന്നികളിലാണ് സാധാരണ ഇത് കൂടുതലായി കണ്ടുവരുന്നത്.
രോഗലക്ഷണങ്ങള്‍ എന്തെല്ലാം
മൂക്ക്, തൊണ്ട, ശ്വാസകോശം, എന്നിവിടങ്ങളിലെ കോശങ്ങളെയാണ് ഈ രോഗം ബാധിക്കുക. എച്ച്1, എന്‍1 അല്ലെങ്കില്‍ പന്നിപ്പനി ഒരു പകര്‍ച്ചവ്യാധി ശ്വാസകോശ സംബന്ധമായ അസുഖമാണ്. പനി, ശരീരവേദന, തൊണ്ടവേദന, കഫമില്ലാത്ത വരണ്ട ചുമല, ക്ഷീണം, വയറിളക്കം എന്നിവയാണ് പൊതുവേ കണ്ടുവരുന്ന രോഗലക്ഷണങ്ങള്‍, മിക്കവരിലും ഒരു സാധാരണ പനിപോലെ വന്ന് നാലോ അഞ്ചോ ദിവസം കൊണ്ട് ഭേദമാകും.
ചിലരില്‍ അസുഖം ഗുരുതരമാകും. പന്നിപ്പനി വൈറസ് ബാധിച്ച പന്നികളുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ വൈറസ് മനുഷ്യരിലേക്ക് പകരാം. പന്നിപ്പനി ശ്വാസകോശം അണുബാധ, ന്യൂമോണിയ, മറ്റ് ശ്വസന പ്രശ്‌നങ്ങള്‍ എന്നിവ പോലുള്ള ഗുരുരമായ രോഗങ്ങള്‍ക്ക് കാരണമാകും.
അസുഖബാധിതനായ ആളില്‍ നിന്നും രണ്ട് മുതല്‍ ഏഴുമുതല്‍ വരെ ഇതുപകര്‍ന്നേക്കാം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ശ്വാസകോശത്തില്‍ നിന്നുള്ള സ്രവങ്ങള്‍ വായുവിലൂടെ മറ്റുള്ളവരിലേക്ക് പകരും.
പ്രതിരോധ മാര്‍ഗങ്ങള്‍
ജലദോഷവും പനിയുമെല്ലാം കണ്ടാല്‍ സ്വയം ചികിത്സയ്ക്ക് മുതിരാതെ ഡോക്ടറെ കാണുക. കൈകള്‍ സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കി സൂക്ഷിക്കുക. പനി ബാധിച്ചവരില്‍ നിന്നും കൈയ്യുടെ അകലം പാലിക്കണം.
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മറ്റുള്ളവവരില്‍ നിന്ന് അകന്ന് നില്‍ക്കുക. മാസ്‌ക് ഉപയോഗിക്കാം. പനിയും ജലദോഷവും ഉള്ള കുട്ടികളെ മരുന്ന് നല്‍കി സ്‌കൂളില്‍ വിടാതിരിക്കുക. പുറത്തുപോയി വന്നാല്‍ കൈയ്യും മുഖവും നന്നായി സോപ്പുപയോഗിച്ച് കഴുകുക.












Click it and Unblock the Notifications