പകുതിവില തട്ടിപ്പ്; കോൺഗ്രസ് നേതാവ് ലാലി വിൻസെന്റിന്റെ വീട്ടിലടക്കം 12 ഇടങ്ങളിൽ ഇഡി റെയ്‌ഡ്
കൊച്ചി: പകുതിവില തട്ടിപ്പിൽ സംസ്ഥാനത്ത് 12 ഇടങ്ങളിൽ ഇഡി റെയ്‌ഡ്. കോൺഗ്രസ് നേതാവ് ലാലി വിൻസെന്റിന്റെ കൊച്ചിയിലെ വീട്ടിൽ അടക്കം പരിശോധന നടക്കുന്നുണ്ട്. കൂടാതെ പകുതിവില തട്ടിപ്പ് കേസിലെ മുഖ്യസൂത്രധാരനെന്ന് സംശയിക്കുന്ന ആനന്ദകുമാറിന്റെ വീട്ടിലും ഇഡി റെയ്‌ഡ് നടത്തുന്നുണ്ട്. ആനന്ദകുമാറിന്റെ ഭാരവാഹിത്വത്തിൽ ഉള്ള തോന്നയ്ക്കലിലെ സായിഗ്രാമത്തിലും പരിശോധന നടക്കുന്നുണ്ട്.
അനന്തു കൃഷ്‌ണന്റെ ഇടുക്കി കോളപ്രയിലെ ഓഫീസിലും പരിശോധന നടത്തുന്നുണ്ട്. കോളപ്രയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു പകുതിവില തട്ടിപ്പ് അരങ്ങേറിയത്. ഇഡിയുടെ കൊച്ചി ഓഫീസാണ് റെയ്‌ഡ് നടത്തുന്നത്. നേരത്തെ പകുതിവില തട്ടിപ്പുമായി ബാന്ധപ്പെട്ട് കൊച്ചി ഓഫീസിൽ കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നു. ഇതിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് റെയ്‌ഡ്.

നേരത്തെ ലാലി വിൻസെന്റിനെ പകുതിവില തട്ടിപ്പ് കേസിൽ പോലീസ് പ്രതിയാക്കിയിരുന്നു. കണ്ണൂർ ടൗൺ പോലീസ് എടുത്ത കേസിലെ ഏഴാം പ്രതിയാണ് ഇവർ. ഈ കേസിൽ ലാലി വിൻസെന്റിന്റെ അറസ്‌റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. മുൻകൂർ ജാമ്യാപേക്ഷയിലായിരുന്നു ഹൈക്കോടതിയുടെ നടപടി, എങ്കിലും ലാലിക്കെതിരായ ആരോപണം ഗൗരവമുള്ളതാണ് എന്നായിരുന്നു ഹൈക്കോടതി നിരീക്ഷണം.
അതിനിടെ പകുതിവില തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്‌ണന്റെ സ്ഥാപനത്തിലും ക്രൈം ബ്രാഞ്ച് എസ്‌പിയുടെ നേതൃത്വത്തിൽ പരിശോധന പുരോഗമിക്കുകയാണ്. കൊച്ചി കടവന്ത്രയിലെ സോഷ്യൽ ബി വെൻഞ്ചേസ് എന്ന സ്ഥാപനത്തിലാണ് ക്രൈം ബ്രാഞ്ച് പരിശോധന. ക്രൈം ബ്രാഞ്ച് എസ്‌പി എംജെ സോജൻ നേരിട്ടത്തിയാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്.
ഇന്ന് പുലർച്ചെ മുതലാണ് കൊച്ചി ഓഫീസിൽ നിന്നുള്ള അറുപതോളം ഉദ്യോഗസ്ഥർ വിവിധ സംഘങ്ങളായി തിരിഞ്ഞ് 12 ഇടത്ത് റെയ്‌ഡ് ആരംഭിച്ചത്. കള്ളപ്പണ, ചൂതാട്ടവിരുദ്ധ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇഡി സംഭവത്തിൽ കേസെടുത്തത്. ഇതിന് പിന്നാലെ ഏജൻസി കഴിഞ്ഞ ദിവസം പരാതിക്കാരിൽനിന്ന് വിശദമായ മൊഴിയെടുക്കുകയും ചെയ്‌തിരുന്നു.
ആകെ 159 കോടി രൂപയുടെ ഇടപാട് നടന്നുവെന്നാണ് ഇഡിയുടെ പ്രാഥമികാന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. പകുതി വിലയിൽ സ്ക്കൂട്ടർ ഉൾപ്പടെ നൽകാമന്ന് പറഞ്ഞ് സാധാരണക്കാരിൽ നിന്ന് പിരിച്ചെടുത്ത പണമാണ് ഇടപാടുകൾക്ക് ഉപയോഗിച്ചത്. ഈ തുക കള്ളപ്പണമായി പ്രതികൾ പലർക്കും കൈമാറി എന്നാണ് കരുതുന്നത്.
രാഷ്ട്രീയ ഭേദമില്ലാതെ വിവിധ നേതാക്കള്‍ക്ക് പ്രതിയായ അനന്തു കൃഷ്‌ണൻ പണം നല്‍കിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തിയിരിക്കുന്നത്. ഇടുക്കിയിലെ വിവിധ രാഷ്ട്രീയ നേതാക്കള്‍ക്ക് ഒന്നരക്കോടിയോളം രൂപ ഇയാള്‍ നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇടുക്കിയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ് നടന്നത്.


Click it and Unblock the Notifications