പകുതിവില തട്ടിപ്പ്; ജസ്‌റ്റിസ് സിഎൻ രാമചന്ദ്രനെതിരെ കേസെടുത്ത് പോലീസ്, കേസിൽ മൂന്നാം പ്രതി
കൊച്ചി: പകുതി വില തട്ടിപ്പില്‍ ജസ്‌റ്റിസ് സിഎന്‍ രാമചന്ദ്രനെതിരെ പോലീസ് കേസെടുത്തു. സന്നദ്ധ സംഘടന നല്‍കിയ പരാതിയില്‍ പെരിന്തല്‍മണ്ണ പോലീസാണ് കേസെടുത്തത്. ഇമ്പ്ലിമെന്റിങ് ഏജന്‍സിയായ അങ്ങാടിപ്പുറം കെഎസ്എസ് പ്രസിഡന്റിന്റെ പരാതിയിലാണ് സിഎൻ രാമചന്ദ്രൻ നായർക്കെതിരെ കേസെടുത്തത്.
പെരിന്തൽമണ്ണയിൽ രജിസ്‌റ്റർ ചെയ്‌ത കേസിൽ സിഎൻ രാമചന്ദ്രനെ പോലീസ് മൂന്നാം പ്രതിയാക്കുകയായിരുന്നു. സായി ഗ്രാമം ഗ്ലോബല്‍ ട്രസ്‌റ്റ് ചെയര്‍മാന്‍ ആനന്ദകുമാറും അനന്തുകൃഷ്‌ണനുമാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍. ഭാരതീയ ന്യായ സംഹിത 318(4), 3(5) എന്നീ വകുപ്പുകള്‍ പ്രകാരമാണ് അദ്ദേഹത്തിനെതിരെ കേസെടുത്തത്.

ചാരിറ്റി സംഘടനയായതിനാലാണ് സംഘടനയുടെ ഉപദേശക സ്ഥാനത്തേക്കുള്ള ക്ഷണം സ്വീകരിച്ചതെന്നും സ്‌കൂട്ടറിനായി പണപ്പിരിവ് നടക്കുന്നതായി അറിഞ്ഞതോടെ തൽ സ്ഥാനത്തുനിന്ന് തന്റെ പേര് മാറ്റണമെന്ന് ആനന്ദ് കുമാറിനോട് അഭ്യര്‍ത്ഥിച്ചെന്നും ജസ്‌റ്റിസ് സിഎന്‍ രാമചന്ദ്രന്‍ കേസെടുത്തുവെന്ന വാർത്തകൾക്ക് പിന്നാലെ പ്രതികരിച്ചിരുന്നു.
ഇത്രയും നാളിനിടെ ഒരു ഉപദേശവും അവർക്ക് നല്‍കിയിട്ടില്ല. എന്‍ജിഒ ഫെഡറേഷന്റെ രണ്ട് പൊതുയോഗങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. അനന്തുകൃഷ്‌ണനാണ് രണ്ടിലും സ്വാഗതം പറഞ്ഞത്. വിരമിച്ച ജഡ്‌ജിയെ ഉപദേശകനാക്കി വിശ്വാസ്യത നേടാമെന്ന് തട്ടിപ്പുസംഘം കരുതിയിട്ടുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, കസ്‌റ്റഡിയിലുള്ള അനന്തുകൃഷ്‌ണനുമായി കൊച്ചിയിലെ ഓഫീസുകളിലും വീട്ടിലും തെളിവെടുപ്പ് നടത്തിയിരുന്നു. പാതി വില തട്ടിപ്പിലൂടെ സമാഹരിച്ച പണത്തിൽ നിന്ന് 2 കോടി സായി ഗ്രാമം ഗോബൽ ട്രസ്‌റ്റ് ചെയർമാൻ ആനന്ദകുമാറിന് നൽകിയെന്ന് അനന്തു നേരത്തെ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ അമ്പതിലധികം നേതാക്കള്‍ക്ക് പണമെത്തിക്കുന്ന പൊളിറ്റിക്കല്‍ ഫണ്ടറായിരുന്നു അനന്തു കൃഷ്‌ണനെന്നാണ് പോലീസ് സംശയം പ്രകടിപ്പിക്കുന്നത്. രണ്ട് എംപിമാര്‍ക്ക് സമ്മാനപ്പൊതിയെന്ന ഓമനപ്പേരില്‍ 45 ലക്ഷത്തോളം രൂപ അനന്തു കൈമാറിയെന്നാണ് പോലീസ് പറയുന്നത്. ഇതിൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പോലീസ്.
40000 പേരില്‍ നിന്നാണ് സ്‌കൂട്ടർ പകുതി വിലയ്ക്ക് നൽകാമെന്ന് പറഞ്ഞ് പണം പിടിച്ചതെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ഇതില്‍ പതിനെണ്ണായിരം പേര്‍ക്ക് സ്‌കൂട്ടര്‍ കൈമാറിയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. തട്ടിപ്പ് പണം പിരിക്കാന്‍ നിന്ന് ജീവനക്കാര്‍ക്ക് താമസിക്കാന്‍ പ്രത്യേകം ഫ്ലാറ്റുകൾ ഉൾപ്പെടെ എടുത്തുനൽകിയിരുന്നു.












Click it and Unblock the Notifications