ഇരിങ്ങലിന് ഇനി ഉത്സവനാളുകള്‍; കരകൗശലമേള 21ന് തുടങ്ങും
കോഴിക്കോട്: പരമ്പരാഗത കരകൗശല വസ്തുക്കളുടെ സൗന്ദര്യം വിളിച്ചോതിക്കൊണ്ട് ഏഴാമത് സർഗാലയ അന്താരാഷ്ട്ര കരകൗശല മേളയ്ക്ക് ഈ മാസം 21 ന് കോഴിക്കോട് ഇരിങ്ങലിൽ തുടക്കമാകും. ഡിസംബർ 21 മുതൽ ജനുവരി 8 വരെ 19 ദിവസമാണ് മേള നടക്കുക. ബഹു. തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്റെ അധ്യക്ഷതയിൽ ബഹു. സഹകരണ, ടൂറിസം വകുപ്പു മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രൻ മേള ഉദ്ഘാടനം ചെയ്യും. ശ്രീ. കെ ദാസൻ എം എൽ എ, ടൂറിസം വകുപ്പ് ഡയരക്ടർ ശ്രീ പി ബാലകിരൺ ഐ എ എസ്, കോഴിക്കോട് ജില്ലാ കലക്ടർ ശ്രീ യു വി ജോസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
അനുപമം... ഈ അനുപമ ഐഎഎസ്സിന്റെ പ്രകടനം; തളരാതെ, തലയുയര്‍ത്തി
സൗത്ത് ആഫ്രിക്ക, ഉഗാണ്ട, നേപ്പാൾ, ശ്രീലങ്ക എന്നീ 4 വിദേശ രാജ്യങ്ങളിലെ കരകൗശല വിദഗ്ധർ മേളയിൻ പങ്കെടുക്കും. കൂടാതെ ഇന്ത്യയിലെ 27 സംസ്ഥാനങ്ങളിലെ ദേശീയ അന്തർദേശീയ പുരസ്കാര ജേതാക്കളായ 400 ഓളം കരകൗശല വിദഗ്ധരും സർഗാലയയിലെ 100 ഓളം സ്ഥിരം കരകൗശല വിദഗ്ധർ ഉൾപ്പെടെ 500 ലധികം കലാകാരന്മാരുടെ വ്യത്യസ്ത കലാ സൃഷ്ടികളും മേളയിലുണ്ടാകും കേരളത്തിലെ പരമ്പരാഗത കരകൗശല വസ്തുക്കൾ പ്രദർശിപ്പിക്കുന്ന പ്രത്യേക പവലിയൻ 'കേരള കരകൗശല പൈതൃക ഗ്രാമം' മേളയിലെ പ്രധാന കാഴ്ചകളിൽ ഒന്നാണ്.

ആറന്മുള കണ്ണാടികൾ നിർമ്മിക്കുന്ന ആറന്മുള ഗ്രാമം, കൈതോല പായകൾ നിർമ്മിക്കുന്ന തഴവ ഗ്രാമം തുടങ്ങി പരമ്പരാഗത വസ്തുക്കൾ കേന്ദ്രീകരിച്ച് കരകൗശല മാതൃക തയ്യാറാക്കി വിദഗ്ധരുടെ പങ്കാളിത്തത്തോടെ പ്രദർശനത്തിന് ഒരുക്കും. കേരള കൈത്തറി പൈതൃക ഗ്രാമവും അന്താരാഷ്ട്ര കരകൗശല മേളയിലെ പ്രധാന ഇനമാണ്. കൈത്തറി ഉൽപന്നങ്ങളുടെ പ്രത്യേക വിപണന സ്റ്റാളുകളും മേളയിലുണ്ടാകും. കേരളത്തിലെ കരകൗശല കൈത്തറി പൈതൃക ഗ്രാമങ്ങളെ പരിപോഷിപ്പിച്ച് അന്താരാഷ്ട്ര ടൂറിസത്തിന്റെ ഭാഗമാക്കി മാറ്റാൻ സർഗാലയ അന്താരാഷ്ട്ര കരകൗശല മേള സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സർഗാലയ കേരള ആർട്സ് & ക്രാഫ്റ്റ്സ് വില്ലേജ് സി ഇ ഒ, പി പി ഭാസ്കരൻ പറഞ്ഞു.
കൂടാതെ, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാർ അവതരിപ്പിക്കുന്ന കലാവിരുന്ന് മേളയുടെ ഭാഗമായി നടത്തും. ഭാരത സർക്കാർ സാംസ്കാരിക വകുപ്പിനു കീഴിലുള്ള സൗത്ത് സോൺ കൾച്ചറൽ സെൻറർ തഞ്ചാവൂരിന്റെ നേതൃത്വത്തിലുള്ള വിവിധ കലാപരിപാടികളും മേളയുടെ ഭാഗമായി ഒരുക്കുന്നുണ്ട്.
കേരള വിനോദ സഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ വ്യവസായ, സാംസ്കാരിക , കയർ വകുപ്പുകളുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. കരകൗശല മേളയിൽ സന്ദർശകരുടെ ക്രമാനുഗതമായ വർദ്ധനവ് കേരളത്തിലെ, പ്രത്യേകിച്ചും മലബാറിലെ ടൂറിസം സാധ്യതകളെ വർദ്ധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications