കൊച്ചിയിലെ യാത്ര ഇനി സുഗമമാവും, വാരാപ്പുഴ പാലം ഉടൻ തുറക്കും; നീളം 1 കിലോമീറ്റർ, ചിലവ് 100 കോടി!
കൊച്ചി: നഗരത്തിലെ യാത്രാദുരിതത്തിന് വലിയൊരു അളവിൽ പരിഹാരമായി, ദേശീയപാത 66-ലെ എടപ്പള്ളി-മൂത്തകുന്നം 26 കിലോമീറ്റർ പാതയിലെ ഏഴ് പ്രധാന പാലങ്ങളിൽ ആദ്യത്തേതായ വാരാപ്പുഴ പാലം ഡിസംബർ ആദ്യവാരം ഗതാഗതത്തിനായി തുറന്നു കൊടുത്തേക്കും. പുതുതായി നിർമ്മിച്ച വരാപ്പുഴ പാലം, പഴയ പാലത്തിലെ ഇരുവശത്തേക്കുമുള്ള ഗതാഗതക്കുരുക്കിന് നല്ല രീതിയിൽ പരിഹാരമാകുമെന്നാണ് കരുതപ്പെടുന്നത്.
റെക്കോർഡ് വേഗതയിൽ, 604 ദിവസം കൊണ്ട് 100 കോടി രൂപ ചിലവഴിച്ചാണ് ഓറിയന്റൽ സ്ട്രക്ച്ചറൽ എഞ്ചിനിയേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 1.03 കിലോമീറ്റർ നീളമുള്ള ഈ പുതിയ പാലം നിർമ്മിച്ചത്. പാലത്തിൽ എട്ട് ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവ തിരശ്ചീനമായും ലംബമായും ചലിപ്പിക്കാനും സൂം ചെയ്യാനും വിദൂരമായി നിയന്ത്രിക്കാനും സാധിക്കുമെന്നതാണ് പ്രത്യേകത.

Image Credit: Gemini AI
പെരിയാറിന് കുറുകെയാണ് പാലം നിർമ്മിച്ചിരിക്കുന്നത്. ഇത് ഇൻലാൻഡ് വാട്ടർവേസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ അധികാരപരിധിയിൽ വരുന്നതുകൊണ്ട് ബാലൻസ്ഡ് കാന്റിലിവർ രീതിയാണ് പാലത്തിന്റെ രൂപകൽപ്പനയ്ക്ക് അവലംബിച്ചത്. പാലത്തിന്റെ അന്തിമഘട്ട ജോലികൾ പുരോഗമിക്കുകയാണെന്നും ഡിസംബർ ആദ്യവാരം ഇത് ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്നുമാണ് മുതിർന്ന ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥൻ അറിയിച്ചത്.
ദേശീയപാതയുടെ ഭൂരിഭാഗം ഭാഗങ്ങളിലും ഉള്ളതുപോലെ, മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയ്ക്ക് അനുയോജ്യമായാണ് ഇത് രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കപ്പലുകൾക്കും ബോട്ടുകൾക്കും സുരക്ഷിതമായി കടന്നുപോകാൻ ആവശ്യമായ ലംബവും തിരശ്ചീനവുമായ ക്ലിയറൻസ് ഉറപ്പാക്കുന്നതിനായാണ് ഇത്തരമൊരു നിർമ്മാണ രീതി തിരഞ്ഞെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും ശ്രദ്ധേയമായ കാര്യം എന്തെന്നാൽ 2001 ജനുവരി 16ന് ഉദ്ഘാടനം ചെയ്‌ത പഴയ വരാപ്പുഴ പാലമാണ് കേരളത്തിലെ ആദ്യത്തെ ബാലൻസ്ഡ് കാന്റിലിവർ പാലം. പുതിയ പാലം നിലവിൽ മേഖലയിലുള്ള ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനൊപ്പം, യാത്രികർക്ക് മനോഹരമായ കാഴ്‌ചകളും അനുഭവങ്ങളും സമ്മാനിക്കുമെന്നുമാണ് ദേശീയപാത അധികൃതർ അവകാശപ്പെടുന്നത്.
പാലത്തിന്റെ പ്രത്യേകതകൾ
50 മീറ്ററിൽ കൂടുതൽ നീളമുള്ള സ്‌പാനുകൾക്ക് (സാധാരണയായി 150 മീറ്റർ വരെ) അനുയോജ്യമായ നിർമ്മാണ രീതിയാണ് ബാലൻസ്ഡ് കാൻ്റിലിവർ. ഇത് സാധാരണ പാലങ്ങളിലെ സ്‌പാനുകളേക്കാൾ നീളമുള്ളതാണ്. പുതിയ പാലത്തിന് ആകെ 26 സ്‌പാനുകളാണുള്ളത്. പുഴയുടെ ഭാഗത്ത് 83 മീറ്റർ വീതമുള്ള രണ്ട് സ്‌പാനുകളും, കപ്പലുകൾക്ക് സഞ്ചരിക്കാൻ സൗകര്യമൊരുക്കുന്ന ഒരു വലിയ 120 മീറ്റർ മധ്യ സ്‌പാനുമുണ്ട്.
ദുഷ്‌കരമായ പ്രദേശങ്ങളിലും, വർഷം മുഴുവൻ വെള്ളമുള്ള പുഴകളിലും വേഗത്തിലും ചിലവ് കുറഞ്ഞും നിർമ്മിക്കാൻ ഈ രീതി അനുയോജ്യമാണ്. ഫോം ട്രാവലർ എന്ന് വിളിക്കുന്ന ഒരു പ്രത്യേക ചലിക്കുന്ന സ്‌റ്റീൽ ഘടനയിൽ ഉറപ്പിച്ച ഫോംവർക്കിലേക്ക് കോൺക്രീറ്റ് ഒഴിച്ച് പാലം ഭാഗങ്ങളായി നിർമ്മിക്കുന്ന രീതിയാണ് ഇവിടെ പയറ്റിയത്.
തൂണുകളിൽ നിന്ന് മധ്യഭാഗത്തേക്ക് ഇരുവശത്തേക്കും ഒരുപോലെ കോൺക്രീറ്റ് ചെയ്‌താണ് പാലം നിർമ്മിക്കുന്നത്. അതായത്, തൂണിന്റെ വലത്, ഇടത് വശങ്ങളിലെ ഭാഗങ്ങളുടെ എണ്ണം തുല്യമായിരിക്കണം. ഈ രീതിയിൽ, രണ്ട് കാന്റിലിവറുകളും മധ്യഭാഗത്ത് കൂടിച്ചേരുമ്പോൾ സ്‌പാൻ പൂർണ്ണമാകുന്നു. ഈ രൂപകൽപ്പനയുടെ ഒരു പ്രധാന സവിശേഷത തൂണുകൾക്ക് മുകളിൽ ക്യാപ്പുകൾ ഇല്ലായെന്നതാണ്.
കൊച്ചിയുടെ ഗതാഗതകുരുക്കിന് പരിഹാരമാവുമോ?
നിലവിലെ സാഹചര്യത്തിൽ കൊച്ചിയിലെ ഗതാഗത കുരുക്കിന് പരിഹാരമാവുന്ന ആദ്യ നടപടികളിൽ ഒന്നായിരിക്കും ഇത്. മാത്രമല്ല ഇടപ്പള്ളി-മൂത്തകുന്നം എന്‍എച്ച് 66 പാത ആറ് വരി പാതയാക്കി വീതികൂട്ടുന്നതിനുള്ള 1618 കോടി രൂപയുടെ പദ്ധതിയുടെ ഏതാണ്ട് 70 ശതമാനം പൂര്‍ത്തിയായതായി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥർ അറിയിച്ചു.
164 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇടപ്പള്ളി-രാമനാട്ടുകര എന്‍എച്ച് 66 വീതികൂട്ടല്‍ ശ്രമത്തിലെ അഞ്ച് റീച്ചുകളില്‍ ആദ്യത്തേതാണ് ഈ 26.03 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ ഭാഗം. അവിടെ പണി മുഴുവനായും പൂർത്തിയാവുന്നതോ യാത്ര കൂടുതൽ സുഗമമാവും. നിലവിലെ സഹചര്യത്തിൽ എത്രയും പെട്ടെന്ന് തന്നെ ജോലികൾ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് എൻഎച്ച്എഐയുടെ വിശ്വാസം.












Click it and Unblock the Notifications