സ്ത്രീകളെ ശല്യം ചെയ്‌തത് ചോദ്യം ചെയ്‌തു; ട്രെയിനിൽ യാത്രക്കാരന് സ്ക്രൂ ഡ്രൈവർ കൊണ്ട് കുത്തേറ്റു
കണ്ണൂർ: ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിൽ ട്രെയിൻ യാത്രക്കാരന് കുത്തേറ്റു. കോച്ചിനുള്ളിൽ സ്ത്രീകളെ ശല്യം ചെയ്‌തത് ചോദ്യം ചെയ്‌ത വ്യക്തിക്കാണ് കുത്തേറ്റത്. മറ്റൊരു യാത്രക്കാരൻ സ്ക്രൂ ഡൈവർ ഉപയോഗിച്ചാണ് ഇയാളെ കുത്തിയത്. ഇന്നലെ രാത്രി 11.25ന് പയ്യോളിക്കും വടകരയ്ക്കും ഇടയിൽ ട്രെയിനിന്റെ ജനറൽ കോച്ചിൽ വച്ചായിരുന്നു സംഭവം നടന്നത്.
ട്രെയിനിൽ വച്ച ആക്രമി സ്ത്രീകളെ ശല്യം ചെയ്‌തിരുന്നു. ഒടുവിൽ ശല്യം ചെയ്‌ത യാത്രക്കാരനോട് മാറിനില്‍ക്കാന്‍ സ്ത്രീകള്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, ഇയാള്‍ ഇത് അനുസരിക്കാൻ തയ്യാറായില്ല. ഇതോടെ ഇയാളോട് മാറിനില്‍ക്കാനായി അടുത്തുണ്ടായിരുന്ന യാത്രക്കാരനും ആവശ്യപ്പെടുകയായിരുന്നു. ഈ സമയത്താണ് സ്ക്രൂ ഡ്രൈവർ കൊണ്ട് ഇയാൾ സഹയാത്രികനെ കുത്തിയത്.

നെറ്റിയിലാണ് ഇയാൾ കുത്തിയത്. തുടർന്ന് വടകര റെയിൽവേ സ്‌റ്റേഷനിൽ വച്ച് ആക്രമിയെ റെയിൽവേ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ഇയാൾ മദ്യ ലഹരിയിലായിരുന്നു എന്നാണ് കോച്ചിലെ മറ്റ് യാത്രക്കാരും ദൃക്‌സാക്ഷികളും പറയുന്നത്. എന്നാൽ ആർക്കും പരാതി ഇല്ലാതിരുന്നതിനെ തുടർന്ന് ഇയാളെ വിവരങ്ങൾ ശേഖരിച്ച ശേഷം വിട്ടയക്കുകയായിരുന്നു.
പരിക്ക് സാരമുള്ളതല്ലാത്തതിനാൽ കുത്തേറ്റ യാത്രക്കാർ കണ്ണൂരിലേക്ക് യാത്ര തുടരുകയും ചെയ്‌തു. അടുത്തിടെയായി ട്രെയിനിലെ ആക്രമണ സംഭവങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. നേരത്തെ എലത്തൂരിൽ ട്രെയിൻ തീവെപ്പ് സംഭവം നടന്നത് ഇതേ ആലപ്പുഴ- കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലായിരുന്നു.
കഴിഞ്ഞ വർഷം ഏപ്രില്‍ രണ്ടിന് രാത്രിയായിരുന്നു കേസിന് ആസ്‌പദമായ സംഭവമുണ്ടായത്. ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ ഡി-1 കോച്ചിന് പ്രതി തീവെക്കുകയായിരുന്നു. സംഭവത്തില്‍ ഒരു കുഞ്ഞടക്കം മൂന്നുപേര്‍ക്ക് ജീവന്‍ നഷ്‌ടമാകുകയും ഒമ്പതോളം യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.












Click it and Unblock the Notifications