കോഴിക്കോട് ജില്ലയിലെ കൊടുവള്ളി, ഓമശ്ശേരി തുടങ്ങിയ ഇടങ്ങളിൽ ഇന്ന് ഹർത്താൽ; കാരണം ഫ്രഷ് കട്ട് സംഘർഷം
കോഴിക്കോട്: താമരശ്ശേരി ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റ് വിരുദ്ധ സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ ഉണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കോഴിക്കോട് വിവിധ ഇടങ്ങളിൽ ഹർത്താലിന് ആഹ്വാനം ചെയ്‌ത് സമരസമിതി. കോഴിക്കോട് ജില്ലയിൽ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് ഇന്ന് പന്ത്രണ്ട് മണിക്കൂർ ഹർത്താലിന് സമരസമിതി ആഹ്വാനം ചെയ്‌തത്. നേരത്തെ സമരം ചെയ്‌തവർക്ക് എതിരെ പോലീസ് കേസ് എടുത്തിരുന്നു.
സമരക്കാർക്ക് എതിരെ പോലീസ് സ്വീകരിച്ച നടപടിയിൽ പ്രതിഷേധിച്ച് കോടഞ്ചേരി, ഓമശേരി, കട്ടിപ്പാറ,പഞ്ചായത്ത് കൊടുവള്ളി നഗരസഭ എന്നിവിടങ്ങളിലെ വിവിധയിടങ്ങളിലാണ് സമര സമിതി ഹർത്താലിന് ആഹ്വാനം ചെയ്‌തത്. ഇന്നലെ വൈകീട്ട് നടന്ന സംഘർഷത്തിൽ സമരക്കാർക്കും പോലീസുകാർക്കും പരിക്കേറ്റിരുന്നു.

ഓമശ്ശേരി, താമരശ്ശേരി, കോടഞ്ചേരി, കൊടുവള്ളി ഭാഗങ്ങളിലെ 11 വാർഡുകളിലാണ് സമരമിതി ഹർത്താലിന് ആഹ്വാനം നൽകിയിട്ടുള്ളത്. വെളിമണ്ണ, കൂടത്തായി, ചക്കിക്കാവ് , വെഴുപ്പൂർ, കുടുക്കിലുംമാരം, കരിങ്ങമണ്ണ, അണ്ടോണ, പൊയിലങ്ങാടി, ഓർങ്ങാട്ടൂർ, കളരാന്തിരി, മാനിപ്പുരം എന്നിവിടങ്ങൾ ഹർത്താലിന് കീഴിൽ വരും. ഇവിടെ സാധാരണ ഹർത്താൽ ദിനത്തിൽ എന്നപോലെ കടകൾ അടച്ചിടും മറ്റും ചെയ്യുമെന്നാണ് ലഭ്യമായ വിവരം.
ഫ്രഷ് കട്ട് മാലിന്യ പ്ലാന്റിന് സമീപമുണ്ടായ സംഘർഷത്തിൽ കോഴിക്കോട് റൂറൽ എസ്‌പി ഉൾപ്പെടെ 16 പോലീസുകാർക്കും 25ലധികം നാട്ടുകാർക്കും പരിക്കേറ്റു. ഇതോടെയാണ് പോലീസ് കർശന നടപടികളുമായി രംഗത്ത് വന്നത്. നാട്ടുകാർ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. സമരക്കാർ പ്ലാന്റിന് തീവെക്കുകയും കമ്പനിയുടെ മാലിന്യ ശേഖരണ വാഹനങ്ങൾക്ക് നേരെ കല്ലെറിയുകയും ചെയ്‌തതോടെയാണ് തുടക്കം.
ദുർഗന്ധം വമിക്കുന്നതായും പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നതായും ആരോപിച്ച് നേരത്തെയും ഫ്രഷ് കട്ടിന്റെ അറവ് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ പ്രദേശത്ത് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. പക്ഷേ ആദ്യമായാണ് ഇത്തരത്തിൽ സംഘർഷത്തിൽ കലാശിക്കുന്നത്. താമരശ്ശേരിയിൽ ആസൂത്രിത അക്രമമാണ് നടത്തിയതെന്നാണ് പോലീസ് ഭാഷ്യം.
സ്ത്രീകളെയും കുട്ടികളെയും മനുഷ്യ കവചമാക്കി അക്രമം നടത്തിയെന്നാണ് പോലീസ് ചൂണ്ടിക്കാണിക്കുന്നത് അക്രമത്തിന് പിന്നിൽ ചില തൽപരകക്ഷികളാണെന്നും ഇവരിൽ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കണ്ണൂർ റേഞ്ച് ഡിഐജി യതീഷ് ചന്ദ്ര പറഞ്ഞു. രാവിലെ മുതൽ വൈകിട്ടുവരെ സമാധാനപരമായിരുന്നു കാര്യങ്ങൾ. വൈകിട്ടാണ് ആസൂത്രിത ആക്രമണമുണ്ടായതെന്നും ഫ്രഷ് കട്ടിലെ ജീവനക്കാർ അകത്തുള്ളപ്പോഴാണ് ഫാക്റ്ററിക്ക് തീയിട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, സംഭവത്തിൽ മൂന്ന് എഫ്ഐആറുകളിലായി 361 പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഡിവൈഎഫ്‌ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ടി മെഹറൂഫാണ് ഒന്നാം പ്രതി. കലാപം സൃഷ്‌ടിക്കൽ, വഴി തടയൽ, അന്യായമായി സംഘം ചേരൽ തുടങ്ങിയ വകുപ്പുകൾ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. അഞ്ച് കോടിയുടെ നാശനഷ്‌ടങ്ങൾ ഉണ്ടായെന്നാണ് വിലയിരുത്തൽ.












Click it and Unblock the Notifications