'ഒരുതരം പകയാണ് സ്ഥായിയായ വികാരം, ലീഗും സംഘപരിവാറിനൊപ്പമാണോ'? വിമർശിച്ച് തോമസ് ഐസക്
കാലടി സർവ്വകലാശാലയിൽ സമരം ചെയ്ത വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാനുളള അനുമതി നൽകിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ അപ്പീൽ നൽകിയ വൈസ് ചാൻസലർ സിസ തോമസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് ഡോ. ടിഎം തോമസ് ഐസക്. ഒരുതരം പകയാണ് അവരെ ഭരിക്കുന്ന സ്ഥായിയായ വികാരമെന്ന് തോമസ് ഐസക് തുറന്നടിച്ചു.
കേരളത്തിലെ സർവകലാശാലകളെ കൈപ്പിടിയിൽ ഒതുക്കാനുള്ള സംഘപരിവാർ തന്ത്രത്തിന്റെ ഭാഗമാണ് വിദ്യാർത്ഥികൾക്കെതിരെയുളള നീക്കമെന്നും ഇക്കാര്യത്തിൽ ലീഗ് സംഘപരിവാറിനൊപ്പമാണോ എന്നും തോമസ് ഐസക് ചോദിക്കുന്നു.
തോമസ് ഐസകിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: "അതുകൊണ്ടരിശം തീരാഞ്ഞവനാ പുരയുടെ ചുറ്റും മണ്ടി നടന്നു" എന്ന് ഹൈക്കോടതി പരാമർശിച്ചപ്പോൾ സിസ തോമസിനെക്കുറിച്ച് ഇത്രയും നിനച്ചില്ല. സുപ്രിം കോടതിയിൽ പോയി തോറ്റ്, സിംഗിൾ ബഞ്ചിൽ തിരിച്ചുവന്ന അവർ വീണ്ടും അപ്പീലുമായി ഡിവിഷൻ ബഞ്ചിൽ പോകുന്നത്രേ. വൈസ് ചാൻസലർ പോയിട്ട് നല്ലൊരു അധ്യാപിക ആകാനുള്ള ധാർമ്മികതപോലും അവർക്ക് ഇല്ലായെന്നതിന് നേരത്തെ ഞാൻ പല ഉദാഹരങ്ങളും ചൂണ്ടിക്കാണിച്ചിരുന്നു.

ദേ, ഇപ്പോൾ ഏറ്റവും അവസാനം വെളിപ്പെട്ടിരിക്കുന്നത് വലിയമലയിലെ IIST യിലെ ഓംബുഡ്സ്മാൻ പദവയിലിരുന്നുകൊണ്ടുള്ള അവരുടെ വിദ്യാർത്ഥിവിരുദ്ധ ചെയ്തികളെക്കുറിച്ചുള്ള റിപ്പോർട്ടുകളും മാധ്യമങ്ങളിൽ വന്നു. ഒരുതരം പകയാണ് അവരെ ഭരിക്കുന്ന സ്ഥായിയായ വികാരമെന്ന് തോന്നുന്നു. ഇങ്ങനെ അല്ലാതെ അപ്പീലിനു പോകാനുള്ള തീരുമാനത്തെ എങ്ങനെ വിശദീകരിക്കാൻ കഴിയും?
സംഘപരിവാർ ബന്ധുവായ കെഎസ് രാധാകൃഷ്ണൻ സിസ തോമസിനെ ന്യായീകരിച്ചുകൊണ്ട് ഇറങ്ങിയിട്ടുണ്ട്. അദ്ദേഹത്തിന്റെ യുക്തി വളരെ ലളിതമാണ്: "സർവ്വകലാശാല നിയമവും ചട്ടവും നടപടിക്രമവും കീഴ് വഴക്കവും വിദ്യാർത്ഥികൾ ലംഘിച്ചു. നിയമലംഘനം നടത്തിയവർ ശിക്ഷിക്കപ്പെടണമോ എന്നതാണ് അടിസ്ഥാന പ്രശ്നം." ലംഘിച്ചതിന് തെളിവില്ല എന്നാണ് കോടതി പറഞ്ഞത്.
ഡോ. രാധാകൃഷ്ണന് തെളിവ് ഇല്ലാത്തതൊന്നും പ്രശ്നമല്ല. ഉറച്ചവിശ്വാസമാണ് അദ്ദേഹത്തിന്- 'വിദ്യാർത്ഥികൾ വിസിയുടെ ശവസംസ്കാരം നടത്തി. വിസിയെ മർദ്ദിച്ചു.' അത് അദ്ദേഹത്തിന്റെ സംഘി വിശ്വാസം. കോടതിയിൽ നിലനിൽക്കില്ല. രാധാകൃഷ്ണന്റെ അടിസ്ഥാന പ്രശ്നം എസ്എഫ്ഐ വിരോധമാണെന്ന് അദ്ദേഹത്തിന്റെ കുറുപ്പിൽ നിന്നു വ്യക്തം. ഇതിനു സർവകലാശാല ഓട്ടോണമിയുടെ അനിവാര്യതയുടെ സാഹിത്യമൊന്നും വിളമ്പണ്ട.
സിംഗിൾ ബഞ്ച് വിധിയോടുകൂടി സർവകലാശാല ഓട്ടോണമിയും അച്ചടനടപടികൾ സ്വീകരിക്കാനുള്ള അവകാശങ്ങളും തകരുന്നുവെന്ന വിലാപങ്ങൾക്കൊന്നും ഒരടിസ്ഥാനവുമില്ല. സിംഗിൾ ബഞ്ച് വിധി ഒരു പ്രത്യേക പ്രശ്നത്തിന്റെ മേലാണ്. അവിടെ സർവകലാശാല ക്രമപ്രകാരമോ തെളിവുകളുടെ അടിസ്ഥാനത്തിലോ അല്ല നടപടിയെടുത്തത് എന്നാണ് കോടതിയുടെ കണ്ടെത്തൽ.
സർവകലാശാലയുടെ വീഴ്ചയെ മറച്ചുവയ്ക്കുന്നതിന് ഓട്ടോണമി വാദത്തെ ഉപയോഗപ്പെടുത്തുകയാണ്. കോടതിയുടെ സാരോപദേശം കേൾക്കണമെന്നു നിർബന്ധമില്ല. അത് ഇതുവരെയുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ കോടതിക്കും തോന്നിയിട്ടുണ്ട്. അതുകൊണ്ടാണല്ലോ സർവകലാശാലയ്ക്ക് വീണ്ടും ക്രമപ്രകാരം അച്ചടക്കനടപടിക്ക് സ്വാതന്ത്ര്യമുണ്ടെന്ന് പറഞ്ഞത്.
വിദ്യാർത്ഥികളുടെ സസ്പെൻഷൻ റദ്ദായിട്ടുണ്ട്. റോജി ജോൺ അവർ ക്ലാസുകളിലേക്ക് പോവുകയാണ്. നിങ്ങളാണെങ്കിൽ അവരെ ക്ലാസിൽ കയറ്റില്ലെന്ന വാശിയിലും. സുപ്രിം കോടതിയുടെ പോലും പരാമർശങ്ങളുടെ സ്പിരിറ്റിനു വിരുദ്ധമാണ് ഇപ്പോൾ കാലടി സർവകലാശാല സ്വീകരിച്ചിരിക്കുന്ന നിലപാട്. സുപ്രിം കോടതിയിൽ ഹൈക്കോടതി സിംഗിൾ ബഞ്ച് വിധി നിഷ്കർഷിക്കുകയാണെങ്കിൽ സസ്പെന്റ് ചെയ്യപ്പെട്ട വിദ്യാർത്ഥികളെ പരീക്ഷ എഴുതിക്കാമെന്നു പറഞ്ഞ സർവകലാശാല അധികൃതർ ആ നിലപാടിൽ നിന്നും പിന്നാക്കം പോകാനാണ് ശ്രമിക്കുന്നത്. ഒന്നുകൂടി നാണംകെട്ടാലേ പഠിക്കൂവെന്ന് തോന്നുന്നു.
എന്താണ് ഇതിനൊക്കെ പിന്നിൽ? ഒരു സംശയവും വേണ്ട കേരളത്തിലെ സർവകലാശാലകളെ കൈപ്പിടിയിൽ ഒതുക്കാനുള്ള സംഘപരിവാർ തന്ത്രത്തിന്റെ ഭാഗമാണ്. സർവകലാശാലകളിൽ ഗവർണർമാർക്ക് ഭരണഘടനാപരമായ ഒരു സ്ഥാനവുമില്ല. ആ സ്ഥാനം കേരള നിയമസഭ കൽപ്പിച്ചു നൽകിയിട്ടുള്ളതാണ്. അത് പിൻവലിച്ചുകൊണ്ട് നിയമം പാസ്സാക്കിയിട്ടും ഒപ്പിടാതെ മാറ്റിവച്ച് ചൊൽപ്പടിക്കാരായ വിസിമാരെക്കൊണ്ട് സർവകലാശാലകളെ ഹിന്ദുത്വ വർഗീയവൽക്കരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
കോൺഗ്രസ് ഭൂരിപക്ഷ സിൻഡിക്കേറ്റിന്റെ ആശിർവാദത്തോടെയാണത്രേ ആർഎസ്എസിനു വിടുപണി ചെയ്യാൻ സിസ തോമസ് ഇറങ്ങിത്തിരിച്ചിരിക്കുന്നത്. നിരാഹാരസമരം അവസാനിപ്പിച്ചുകൊണ്ട് എംഎസ് ശിവകുമാർ പറഞ്ഞത് കേരളം മുഴുവൻ ഏറ്റെടുക്കാൻ പോവുകയാണ്: "ജീവിതത്തിൽ തോറ്റാലും.. സംഘപരിവാറിന്റ മുന്നിൽ തല കുനിക്കില്ല.." കോൺഗ്രസിന്റെ കാര്യം നിൽക്കട്ടെ. ലീഗിന്റെ നിലപാട് എന്താണ്? സംഘപരിവാറിനൊപ്പമോ അല്ലയോ?



Click it and Unblock the Notifications
