ജോളി തന്നെ കുടുക്കാൻ ശ്രമിക്കുന്നു; കൊലപാതകങ്ങളിൽ തനിക്ക് പങ്കില്ലെന്ന് ആവർത്തിച്ച് ഷാജു
കോഴിക്കോട്: കൂടത്തായിയിലെ കൊലപതാക പരമ്പരകളിൽ താൻ നിരപരാധിയാണെന്ന് ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു. പോലീസിനോട് കുറ്റസമ്മതം നടത്തിയിട്ടില്ല. ഭാര്യയുടെയും കുഞ്ഞിന്റെയും കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്നും ഷാജു മാധ്യമങ്ങളോട് വ്യക്തമാക്കി. ചോദ്യം ചെയ്ത ശേഷം അന്വേഷണ സംഘം ഷാജുവിനെ വിട്ടയക്കുകയായിരുന്നു.
ജോളി കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം. എന്നാൽ ജോളിയെ പൂർണമായും തള്ളിപ്പറയാനാകില്ല. അന്വേഷണം പൂർത്തിയാകട്ടെയെന്നും ഷാജു വ്യക്തമാക്കി. ജോളി തനിക്കെതിരെ മൊഴി നൽകിയിട്ടുണ്ട് എന്ന വാർത്തകൾ സത്യമാണെങ്കിൽ അത് തന്നെ കുടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഇപ്പോഴീ കുറ്റത്തിലും കേസിലും ജോളി ഒറ്റയ്ക്കാണല്ലോ. ജോളിയുടെ കൂടെ ഒരാളെ കൂടി കുടുക്കണമെന്ന താൽപര്യത്തിലാണ് ഇതൊക്കെ പറഞ്ഞതെന്നും ഷാജു പറഞ്ഞു. കേസിൽ തനിക്ക് ഭയപ്പെടാൻ ഒന്നുമില്ലെന്നും ഷാജു പറഞ്ഞു.

ജോളിയുടെ രാഷ്ട്രീയ ബന്ധങ്ങളെ കുറിച്ചോ സാമ്പത്തിക ഇടപാടുകളെക്കുറിച്ചോ തനിക്ക് അറിയില്ല. ജോളിക്ക് അവരുടേതായ സ്വാതന്ത്രവും എനിക്ക് എന്റേതായ സ്വാതന്ത്രവും ഉണ്ടായിരുന്നു. അവരുടെ സ്വാതന്ത്രത്തിൽ അനാവശ്യ ഇടപെടലുകൾ നടത്തിയിട്ടില്ല. ബാങ്ക് അക്കൗണ്ടുകളെക്കുറിച്ചോ രേഖകളെക്കുറിച്ചോ ഒന്നും അറിയില്ലെന്നും ഷാജു വ്യക്തമാക്കി.
ജീവിതത്തിൽ ജാഗ്രത കുറവ് ഉണ്ടായെന്നും അങ്ങനെയുണ്ടായാൽ അതിന്റെ പരിണിത ഫലങ്ങൾ നമ്മൾ തന്നെ അനുഭവിക്കേണ്ടി വരുമെന്നും ഷാജു പറഞ്ഞു. മകളുടെ മരണകാരണം ചിക്കൻപോക്സോ ഭക്ഷണം നെറുകയിൽ കയറിയതോടെ ആണെന്നാണ് അന്ന് കരുതിയത്. അന്ന് യാതൊരു സംശയവും തോന്നിയിരുന്നില്ല. പിഞ്ചു കുഞ്ഞല്ലെ ഒന്നും പറയാനാകില്ലെന്നാണ് അന്ന് ഡോക്ടർമാരും പറഞ്ഞത്. കുഞ്ഞുശരീരം കീറിമുറിക്കേണ്ടതില്ല എന്നാണ് അന്ന് കരുതിയത്. എന്നാൽ നിലവിലെ സംഭവങ്ങൾ കാണുമ്പോൾ അന്ന് പോസ്റ്റ് മോർട്ടം നടത്തയാൽ മതിയായിരുന്നു എന്ന് തോന്നുന്നുവെന്നും ഷാജു വിശദീകരിച്ചു.
ഷാജുവിനും സക്കറിയയ്ക്കും കൊലപാതകങ്ങളെ കുറിച്ച് അറിയാമായിരുന്നു എന്നാണ് ജോളി മൊഴി നൽകിയിരിക്കുന്നത്. അതിനാലാണ് പോലീസ് ഷാജുവിനേയും സക്കറിയയേയും ചോദ്യം ചെയ്യലിനായി വിളിച്ചു വരുത്തിയത്. അതേസമയം മൃതദേഹങ്ങളിൽ സയനേഡിന്റെ സാന്നിധ്യം ഉണ്ടോയെന്ന് സ്ഥിരീകരിക്കാനായി വിദേശ പരിശോധനയ്ക്ക് അയക്കാനൊരുങ്ങുകയാണ് അന്വേഷണസംഘം.












Click it and Unblock the Notifications