'റിപ്പോർട്ട് മുഴുവൻ വായിച്ചിട്ടില്ല, മലയാള സിനിമയിൽ എത്രയോ മാന്യൻമാരുണ്ട്'; പ്രതികരിച്ച് സജി ചെറിയാൻ
തിരുവനന്തപുരം: മലയാള സിനിമയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളിലൂടെ വലിയ ചർച്ചകൾക്ക് തുടക്കമിട്ട ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് മന്ത്രി സജി ചെറിയാൻ. മന്ത്രിയെന്ന നിലയിൽ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന മുഴുവൻ കാര്യങ്ങളും താൻ വായിച്ചിട്ടില്ലെന്ന് പറഞ്ഞ സജി ചെറിയാൻ എല്ലാവരെയും പ്രതിക്കൂട്ടിൽ ആക്കുന്നത് ശരിയല്ലെന്നും ഒട്ടേറെ മാന്യന്മാർ ഉണ്ടെന്നും ഒറ്റപ്പെട്ട സംഭവങ്ങളാണ് പലതുമെന്നും പറഞ്ഞു.
മന്ത്രിയായതിന് ശേഷം സിനിമയിൽ നിന്നുള്ള ഒരാൾ പോലും പരാതിയുമായി തന്റെ അടുക്കലേക്ക് വന്നിട്ടില്ലെന്നും സജി ചെറിയാൻ ചൂണ്ടിക്കാട്ടി. സ്ത്രീകൾക്ക് എതിരെ നടക്കുന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ നമുക്ക് മുൻപിലുണ്ടെങ്കിലും ആര് എന്ത് എന്നൊന്നും അറിയില്ലെന്നും സജി ചെറിയാൻ പറയുകയുണ്ടായി.സർക്കാർ വളരെ പ്രാധാന്യത്തോടെ തന്നെയാണ് വിഷയം കൈകാര്യം ചെയ്‌തതെന്നും സജി ചെറിയാൻ പറയുകയുണ്ടായി.

പതിനായിരക്കണക്കിന് പേർ ജോലി ചെയ്യുന്ന ഒരു വ്യവസായമാണ് സിനിമയെന്നും അതുമായി ബന്ധപ്പെട്ട വിഷയം ലാഘവത്തോടെ കൈകാര്യം ചെയ്യാൻ കഴിയുമോയെന്നും സജി ചെറിയാൻ ചോദിച്ചു. ലൊക്കേഷനുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തണം. താമസ സൗകര്യവും ടോയ്‌ലറ്റും ഒക്കെ വേണമെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇക്കാര്യത്തിൽ മേഖലയുമായി ബന്ധപ്പെട്ട് പല റൗണ്ട് ചർച്ച നടത്തിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ നിർമാതാക്കളുടേയും സംവിധായകരുടേയും യോഗം വിളിച്ചു. ലെെറ്റ് ബോയ്‌സിന്റെ സംഘടന മുതൽ അമ്മയുടെ ഭാരവാഹികളുമായി വരെ സംസാരിച്ചുവെന്നും മന്ത്രി പറഞ്ഞു. കെഎസ്എഫ്ഡിസി ചെയർമാൻ നേതൃത്വം നൽകുന്ന ഒരു കമ്മിറ്റി നിലവിലുണ്ടെന്നും രണ്ട് മാത്തിനുള്ളിൽ കോൺക്ലേവ് നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
മന്ത്രിയായിട്ട് മൂന്ന് വർഷത്തിൽ അധികമായെന്നും ഇതുവരെ ആരും പരാതിയുമായി തന്റെയടുത്ത് വന്നിട്ടില്ലെന്നും അദ്ദേഹം പറയുന്നു. മലയാള സിനിമയിലെ എല്ലാവരും അങ്ങനെയാണ് എന്ന അഭിപ്രായമില്ല. എത്രയോ മാന്യന്മാരുണ്ട്. ഒറ്റപ്പെട്ട എന്തെങ്കിലും കേസുകളുണ്ടെങ്കിൽ അവർക്ക് കോടതിയെയോ സർക്കാരിനെയോ സമീപിക്കാം. തെളിവുകൾ ഉണ്ടെന്ന് മാധ്യമങ്ങൾ പറയുമ്പോഴും തങ്ങൾ അത് കണ്ടിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, ഇന്നലെയാണ് ഏറെനാളത്തെ കാത്തിരിപ്പിന് ഒടുവിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് ഭാഗികമായി പുറത്തുവിട്ടത്. നടി രഞ്ജിനിയുടെ ഹർജി പരിഗണിക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചതിന് പിന്നാലെയാണ് ഉച്ചയോടെ റിപ്പോർട്ട് പുറത്തുവിട്ടത്. വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ഒഴിവാക്കിയായിരുന്നു റിപ്പോർട്ട് പുറത്തുവിട്ടത്.












Click it and Unblock the Notifications