കേരളത്തില്‍ നാളെ കനത്ത മഴ..... 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 15 സംസ്ഥാനങ്ങളിലും മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. അടുത്ത 24 മണിക്കൂറില്‍ ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. അതേസമയം പ്രളയ സമാന സാഹചര്യം ഇപ്പോഴില്ലെന്നാണ് സൂചന. നേരത്തെ ഹിക്ക ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക് പോകുന്നതിനാല്‍ ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ മഴ ശക്തിപ്പെടുമെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഹിക്ക ചുഴലിക്കാറ്റ് നാളെ ഒമാന്‍ തീരം തൊടുമെന്നാണ് പ്രവചനം. അതേസമയം വിവിധ സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പലയിടത്തും ജാഗ്രതാ നിര്‍ദേശം തുടരുന്നുണ്ട്. കേരളത്തില്‍ ഭൂരിഭാഗം ജില്ലകള്‍ക്കും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തില്‍ ജാഗ്രത
സംസ്ഥാനത്ത് നാളെ വ്യാപകമായി കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ലക്ഷദ്വീപ്് തീരത്ത് ശക്തമായ കാറ്റ് വീശിയടിക്കുമെന്നും മുന്നറിയിപ്പുണ്ട്. മണിക്കൂറില്‍ 55 കിലോ മീറ്റര്‍ വരെ വേഗത്തില്‍ ലക്ഷദ്വീപ് തീരത്തെ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്നാണ് നിര്‍ദേശം.

യെല്ലോ അലര്‍ട്ട് ഇങ്ങനെ
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്, ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം കൊല്ലം, തിരുവനന്തപുരതം ജില്ലകളിലെ ചില ഭാഗങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പുമുണ്ട്. അടുത്ത 48 മണിക്കൂറില്‍ ഇടുക്കി, പാലക്കാട്, മലപ്പുറം കോഴിക്കോട് വയനാട്, കണ്ണൂര്‍, കാസര്‍കോട്, ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അറബികടലില്‍ ന്യൂനമര്‍ദം
അറബികടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ഗുജറാത്ത് തീരത്ത് ചുഴലിക്കാറ്റായി അടിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. ഇതിന്റെ പേരായിരുന്നു ഹിക്ക. ഇതിന്റെ ഫലമായി ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയുണ്ടാവുമെന്നായിരുന്നു പ്രവചനം. 15 സംസ്ഥാനങ്ങളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴ ഒഡീഷ, തമിഴ്‌നാട്, പുതുച്ചേരി, കാരയ്ക്കല്‍ എന്നിവിടങ്ങളില്‍ ഉണ്ടാവും.

ഉത്തരേന്ത്യയിലും ശക്തം
ഉത്തര്‍പ്രദേശിലും രാജസ്ഥാനില്‍ കനത്ത മഴ തന്നെ ഉണ്ടാവും. ഇതിന് പുറമേ വിദര്‍ഭ, ഛത്തീസ്ഗഡ്, ബ ംഗാള്‍ എന്നിവിടങ്ങളില്‍ പരക്കെ മഴ ലഭിക്കും. അസം, മേഘാലയ, മഹാരാഷ്ട്ര, മറാത്ത് വാഡ, കൊങ്കണ്‍, ഗോവ, ആന്ധ്രപ്രദേശ്, യാനം, തെലങ്കാന, കര്‍ണാടക എന്നിവിടങ്ങളിലുണ്ടാവും. കേരളത്തില്‍ ഇത്തവണ റെക്കോര്‍ഡ് മഴയാണ് ലഭിച്ചത് ഇത് കുറയില്ലെന്നാണ് തല്‍ക്കാലമുള്ള സൂചന. അതേസമയം ഹിക്ക ചുഴലിക്കാറ്റിന്റെ ഭാഗമായി ജാര്‍ഖണ്ഡിലും ബീഹാറിലും മഴ ശക്തമാകും.

ഹിക്ക ചുഴലിക്കാറ്റ്
അറബി കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ഹിക്ക ചുഴലിക്കാറ്റായി മാറിയിരിക്കുകയാണ്. ഇത് ശക്തമായ മഴയ്ക്ക് കാരണമായെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. ഇത് ഒമാന്‍ തീരം തൊടുന്നതോടെ മഴയുടെ ശക്തി വര്‍ധിക്കും. മുംബൈയിലും മേഘാലയയിലും മഴ ആരംഭിച്ചിട്ടുണ്ട്. ഹിമാചല്‍ പ്രദേശില്‍ സെപ്റ്റംബര്‍ 29 വരെ കനത്ത മഴ തുടരും. ന്യൂനമര്‍ദം ചുഴലിക്കാറ്റായി രൂപം കൊണ്ട് കറാച്ചി വഴി ഒമാനിലെ മാസിറഹയിലെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കഴിഞ്ഞ ദിവസം പ്രവചിച്ചത്.












Click it and Unblock the Notifications