സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ തുടങ്ങിയ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ ഉച്ചക്ക് ശേഷം മഴ ശക്തമായി പെയ്യാന്‍ സാധ്യയതുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസം ആറ് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ടുകള്‍ പിന്‍വലിച്ചിരുന്നു.

ശനിയാഴ്ച വരെ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മത്സ്യതൊഴിലാളികളും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിര്‍ദ്ദേശം നല്‍കി. അറബിക്കടലില്‍ ലക്ഷദ്വീപിന് മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്താലാണ് കേരളത്തില്‍ മഴ ലഭിക്കുന്നത്. ന്യൂനമര്‍ദ്ദം അടുത്ത ദിവസങ്ങളില്‍ വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച് കൂടുതല്‍ ശക്തി പ്രാപിക്കുമെങ്കിലും കേരളത്തെ കാര്യമായി ബാധിക്കാനിടയില്ലെന്നാണ് വിലയിരുത്തുന്നത്. കഴിഞ്ഞ ദിവസം രാത്രി പെയ്ത മഴയില്‍ തിരുവനന്തപുരം തമ്പാനൂരില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. രാത്രി 15 മിനുട്ട് ശക്തമായ മഴപെയ്തപ്പോഴാണ് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലെ മുന്നിലെ റോഡില്‍ വെള്ളംകയറിയത്. തമ്പാനൂര്‍ ബസ്റ്റോപ്പിന് മുന്നിലും വെള്ളക്കെട്ടുണ്ടായി. റെയില്‍വേ സ്റ്റേഷനിലേക്കെത്തിയവരും ഇരുചക്രവാഹനയാത്രക്കാരുമാണ് ഏറെ ബുദ്ധിമുട്ടിയത്.
അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പും ഉയര്‍ന്നിട്ടുണ്ട്. 138.70 അടിയാണ് നിലവിലെ ജലനിരപ്പ്. തമിഴ് നാട്ടില്‍ നിന്നുള്ള അഞ്ച് മന്ത്രിമാര്‍ ഇന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കും. സ്പില്‍വേ ഷട്ടറുകള്‍ തുറന്ന സാഹചര്യം വിലയിരുത്താനാണ് സന്ദര്‍ശനം. സെക്കന്റില്‍ മൂവായിരത്തി തൊള്ളായിരം ഘനയടിയോളം വെള്ളമാണ് പെരിയാറിലൂടെ തുറന്ന് വിട്ടിരിക്കുന്നത്. മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശമായ പെരിയാര്‍ കടുവ സങ്കേതത്തില്‍ പെയ്ത കനത്ത മഴയാണ് ജലനിരപ്പ് വേഗത്തില്‍ ഉയരാന്‍ കാരണമായതെന്നാണ് കരുതുന്നത്. അഞ്ചു മണിക്കൂര്‍ കൊണ്ട് ജലനിരപ്പ് ഒരടിയോളം ഉയര്‍ന്നതിനെ തുടര്‍ന്നാണ് അടച്ചിട്ട ഷട്ടറുകള്‍ വീണ്ടും തുറക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. ജലസേചന വകുപ്പ് മന്ത്രി ദുരൈമുരുകനൊപ്പം, സഹകരണം, ധനകാര്യം, വാണിജ്യനികുതി, ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രിമാരാണ് മുല്ലപ്പെരിയാറിലെത്തുക. തേനി ജില്ലയിലെ കമ്പം, ആണ്ടിപ്പെട്ടി, പെരിയകുളം തുടങ്ങി ഏഴു മണ്ഡലങ്ങളിലെ എംഎല്‍എമാരും മന്ത്രിമാര്‍ക്കൊപ്പമുണ്ടാകും.
ഇത് അനുപമ സ്റ്റൈൽ.. ലൈറ്റുകൾക്ക് നടുവിൽ നടിയുടെ ദീപാവലി സ്പെഷ്യൽ ചിത്രങ്ങൾ വൈറൽ












Click it and Unblock the Notifications