സംസ്ഥാനത്ത് കനത്ത മഴ തുടരും; ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്, ന്യൂനമർദ്ദത്തിന്റെ സ്വാധീനം
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത. പരക്കെ മഴ പെയ്തേക്കും എന്നാണ് കാലാവസ്ഥാ വകുപ്പ് നൽകിയ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. വരുന്ന വ്യാഴാഴ്‌ച വരെ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.
പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഒക്ടോബർ 16 വരെ ശക്തമായ മഴയ്ക്കും 17ന് അതിശക്തമായ മഴയ്ക്കും സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. ന്യൂനമർദ്ദത്തിന്റെ സ്വാധീന ഫലമായാണ് മഴ മുന്നറിയിപ്പ്.

നിലവിൽ അറബിക്കടലിന് മുകളിൽ സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദം അധികം വൈകാതെ തീവ്ര ന്യൂനമർദ്ദമായി മാറുമെന്നാണ് പ്രവചനം. ഇതിന് പുറമേ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതചുഴി നാളെയോടെ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. ഇതോടെയാണ് കേരളത്തിൽ വീണ്ടും മഴ ശക്തമാവുന്നത്.
ഇത് കൂടാതെ തെക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ചക്രവാതച്ചുഴി കൂടി സ്ഥിതി ചെയ്യുന്നുണ്ട്. കേരളത്തില്‍ വരുംദിവസങ്ങളിലും മഴ ലഭിക്കാനുള്ള കാരണമായി കാലാവസ്ഥ വകുപ്പ് ചൂണ്ടിക്കാണിക്കുന്നത് ഇക്കാര്യങ്ങളാണ്. ഇന്ന് എട്ട് ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയത് കൂടാതെ അടുത്ത അഞ്ച് ദിവസത്തേക്ക് വിവിധ ജില്ലകളിൽ അലർട്ടുകൾ കാലാവസ്ഥാ വകുപ്പ് നൽകിയിട്ടുണ്ട്.
നാളെ ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്‌ച ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും, ഒക്ടോബർ 16ന് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസർഗോഡ് ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് ഏർപ്പെടുത്തിയിട്ടുണ്ട്.
കാലവർഷം പിൻവാങ്ങുന്നു, തുലാവർഷം വരുന്നു
അതിനിടെ അടുത്ത നാല് ദിവസത്തിനുള്ളിൽ രാജ്യത്ത് നിന്ന് കാലവർഷം പൂർണമായും പിൻവാങ്ങിയേക്കും എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. എന്നാൽ കേരളം ഉൾപ്പെടെ തെക്കേ ഇന്ത്യൻ മേഖലയിൽ മഴ തുടരും. ഈ പ്രദേശങ്ങളിൽ തുലാവർഷം ആരംഭിക്കാനുള്ള സാധ്യതയാണ് കാലാവസ്ഥാ കേന്ദ്രം മുന്നോട്ട് വയ്ക്കുന്നത്.
ഇതോടെ കേരളത്തിൽ മഴ ഒഴിയില്ലെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. വിവിധ ജില്ലകളിൽ കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി ശക്തമായ മഴയാണ് പെയ്യുന്നത്. കോഴിക്കോട് ഉൾപ്പെടെയുള്ള ജില്ലകളിലാണ് മഴ ശക്തമായി പെയ്‌തത്. വൈകീട്ടോടെ ശക്തി പ്രാപിക്കുന്ന നിലയിലായിരുന്നു മഴ പെയ്‌തിരുന്നത്. എന്നാൽ ഇന്നത്തോടെ മഴയ്ക്ക് നേരിയ ശമനം ഉണ്ടായിരുന്നു.












Click it and Unblock the Notifications