ബെംഗളൂരുവില്‍ വെച്ച് പീഡിപ്പിച്ചു: യുവാവിന്റെ പരാതിയില്‍ രഞ്ജിത്തിനെതിരെ വീണ്ടും കേസ്
കോഴിക്കോട് സംവിധായകനും മുന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിനെതിരെ വീണ്ടും കേസെടുത്തു. കോഴിക്കോട് സ്വദേശിയായ യുവാവ് നല്‍കിയ പരാതിയിലാണ് രഞ്ജിത്തിനെതിരെ കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമത്തിനാണ് കോഴിക്കോട് കസബ പോലീസ് കേസെടുത്തത്.
നേരത്തെ ബംഗാളി നടിയുടെ പരാതിയില്‍ രഞ്ജിത്തിനെതിരെ പോലീസ് കേസെടുത്തിരുന്നു. ഇത് രഞ്ജിത്തിനെതിരെയുള്ള രണ്ടാമത്തെ കേസാണ്. ബെംഗളൂരുവില്‍ വെച്ച് രഞ്ജിത്ത് പീഡിപ്പിച്ചുവെന്നാണ് യുവാവിന്റെ പരാതി. 2012ല്‍ താന്‍ സിനിമയില്‍ അവസരം ചോദിച്ച് വന്നപ്പോഴാണ് സംഭവമെന്നും യുവാവിന്റെ പരാതിയിലുണ്ട്.നേരത്തെ കോഴിക്കോട്ടെത്തി യുവാവിന്റെ മൊഴിയെടുത്തിരുന്നു അന്വേഷണ സംഘം.

ഐശ്വര്യ ഡോങ്‌റെ ഉള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘം കോഴിക്കോട് കാരപ്പറമ്പില്‍ എത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും കൈയ്യിലുള്ള തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറുമെന്നും യുവാവ് പറഞ്ഞു.
കേസ് പിന്‍വലിക്കാനായി സമ്മര്‍ദവും ഭീഷണിയുമുണ്ട്. പലരും സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ട്. തനിക്ക് നീതിയാണ് ആവശ്യം. കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ഉണ്ടെന്നും യുവാവ് പറഞ്ഞു. കോഴിക്കോട് സിനിമാ ഷൂട്ടിംഗിന് ഇടയിലാണ് സംവിധായകനെ പരിചയപ്പെട്ടതെന്ന് യുവാവ് പറഞ്ഞു.
രഞ്ജിത്ത് തന്നോട് ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വരാന്‍ ആവശ്യപ്പെടുകയായിരുന്നു. അവിടെ വെച്ച് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ക്രൂരമായി പീഡിപ്പിച്ചെന്നുമാണ് പരാതിയില്‍ യുവാവ് വെളിപ്പെടുത്തിിരിക്കുന്നത്. ഇക്കാര്യം അന്ന് തന്നെ ഒരു പ്രമുഖ നടി അറിയിച്ചിരുന്നു. എന്നാല്‍ പ്രതികരിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. നേരത്തെ ബംഗാളി നടിയുടെ പീഡന പരാതിയെ തുടര്‍ന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രഞ്ജിത്ത് രാജിവെച്ചിരുന്നു.
രഞ്ജിത്ത് തനിക്ക് ടിഷ്യൂ പേപ്പറില്‍ ഫോണ്‍ നമ്പര്‍ കുറിച്ചു തന്നു. അതില്‍ സന്ദേശം അയക്കാന്‍ ആവശ്യപ്പെട്ടു. ബെംഗളൂരു താജ് ഹോട്ടലില്‍ രണ്ട് ദിവസത്തിന് ശേഷം എത്താന്‍ ആവശ്യപ്പെട്ടു. രാത്രി പത്ത് മണിയോടെ ഹോട്ടലില്‍ എത്തിയ തന്നോട് പുറകുവശത്ത് ഗേറ്റ് വഴി റൂമിലേക്ക് എത്താന്‍ സംവിധായകന്‍ നിര്‍ദേശിച്ചു. മുറിയിലെത്തിയപ്പോള്‍ മദ്യം നല്‍കി കുടിക്കാനായി നിര്‍ബന്ധിച്ചു. പിന്നീട് വിവസ്ത്രനാക്കിയെന്നും പീഡിപ്പിച്ചെന്നുമാണ് യുവാവ് പറഞ്ഞത്.
സിനിമയില്‍ അവസരം തേടി വരുന്ന യുവാക്കള്‍ ഇനി ഒരിക്കലും ദുരുപയോഗം ചെയ്യപ്പെടാന്‍ പാടില്ലെന്ന് കരുതിയാണ് ഇപ്പോള്‍ എല്ലാം തുറന്നുപറയുന്നത്. ആ സമയത്ത് തുറന്നുപറയാനുള്ള ധൈര്യം തനിക്കില്ലായിരുന്നു. എന്നെ ഇങ്ങനെയൊക്കെചെയ്തിട്ടും രഞ്ജിത്ത് ഒരു സോറി പോലും പറഞ്ഞിട്ടില്ല. എല്ലാ രീതിയിലും അവഗണിച്ചത് കൊണ്ട് കൂടിയാണിത്.
ഇപ്പോള്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ നിരവധി പേര്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത് കൊണ്ടാണ് തുറന്ന് പറഞ്ഞത്. നിയമപരമായി തന്നെ മുന്നോട്ട് പോകുമെന്നും യുവാവ് പറഞ്ഞു.
അതേസമയം തന്റെ നഗ്നദൃശ്യങ്ങള്‍ നടി രേവതിക്ക് അയച്ചുനല്‍കിയെന്നും യുവാവ് ആരോപിച്ചിരുന്നു. അതേസമയം നഗ്നചിത്രം തനിക്ക് ലഭിച്ചിട്ടില്ല. ആരോപണങ്ങള്‍ തെറ്റാണ്. അതുകൊണ്ട് അക്കാര്യത്തില്‍ പ്രതികരിക്കേണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ലെന്നും രേവതി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.












Click it and Unblock the Notifications