ഹേമ കമ്മിറ്റി റിപ്പോർട്ട്: അറിയാത്ത കാര്യത്തെ കുറിച്ച് പറയാനില്ലെന്ന് വിനയ് ഫോർട്ട്, മിണ്ടാതെ രമ്യ നമ്പീശൻ
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കൂടുതൽ പ്രതികരണത്തിന് തയ്യാറാവാതെ മലയാളത്തിലെ സിനിമാ താരങ്ങൾ. റിപ്പോർട്ടിനെ കുറിച്ച് കൂടുതൽ അറിയില്ലെന്നും അതിനാൽ പ്രതികരിക്കുന്നതിൽ കാര്യമില്ലെന്നുമായിരുന്നു നടൻ വിനയ് ഫോർട്ടിന്റെ മറുപടി. പിന്നാലെ എത്തിയ രമ്യ നമ്പീശൻ ചോദ്യത്തിന് മറുപടി നൽകാൻ തയ്യാറായില്ല. നേരത്തെ സിനിമയിലെ സ്ത്രീകളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നതിന് എതിരെ ആദ്യം ശബ്‌ദം ഉയർത്തിയ നടിമാരിൽ ഒരാളായിരുന്നു രമ്യ നമ്പീശൻ.
ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ചുള്ള ചോദ്യത്തിന് നിന്ന് ഒഴിഞ്ഞു മാറിയ വിനയ് ഫോർട്ട് ഒടുവിൽ അതിന്റെ കാര്യാ കാരണങ്ങൾ തൊടാതെയുള്ള പ്രതികരണമാണ് നടത്തിയത്. 'എനിക്ക് അതിനെ കുറിച്ച് ഒന്നും അറിഞ്ഞുകൂടാ. ഞാനും ഇതേ പോലെ റിപ്പോർട്ട് വന്ന കാര്യം മാത്രമേ അറിയുകയുള്ളൂ. അതിൽ കൂടുതൽ ഒന്നും എനിക്ക് അറിയില്ല' എന്നായിരുന്നു വിനയ് ഫോർട്ട് നൽകിയ മറുപടി.

'ഏറ്റവും അടിസ്ഥാനപരമായിട്ടുള്ള ഒരു കാര്യം നിങ്ങൾക്ക് അറിയാത്ത ഒരു കാര്യത്തെ പറ്റി സംസാരിക്കാതിരിക്കുക എന്നതാണ്. ഞാൻ അതിനെ കുറിച്ച് മനസിലാക്കിയിട്ടോ പഠിച്ചിട്ടോ ഒന്നുമില്ല. അപ്പൊ നിങ്ങൾ ചോദിക്കുമ്പോൾ ഞാൻ എന്തെങ്കിലും പറഞ്ഞിട്ട് കാര്യമില്ലലോ. എനിക്ക് അറിഞ്ഞുകൂടാത്ത ഒരു വിഷയത്തെ കുറിച്ച് ഞാൻ സംസാരിക്കുകയേ ഇല്ല' താരം വ്യക്തമാക്കി.
'അതിനെ കുറിച്ച് പത്ത്-ഇരുനൂറ്റിമുപ്പത്തഞ്ച് പേജുള്ള എന്തോ പരിപാടി വന്നിട്ടില്ലേ..? ഞാനത് വായിച്ചിട്ടില്ല. ആകെ അത്ര സമയമല്ലേ ഉള്ളൂ. അതിന്റെ ഇടയിൽ വേറെ എന്തൊക്കെ പരിപാടികൾ ഉണ്ട്. സമയം കിട്ടണ്ടേ. മലയാള സിനിമ അടിപൊളിയാണ്' താരം തമാശരൂപേണ പറഞ്ഞു. ഇതിന് ശേഷമെത്തിയ രമ്യ നമ്പീശൻ ആവട്ടെ മാധ്യമങ്ങളുടെ ചോദ്യങ്ങൾ അവഗണിച്ചു കൊണ്ട് മുന്നോട്ട് പോവുകയായിരുന്നു.
അതേസമയം, ഇന്നലെയാണ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിട്ടത്. നിലവിൽ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ടിൽ വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ പൂർണമായും ഒഴിവാക്കിയ ഭാഗങ്ങൾ മാത്രമേയുള്ളൂ. നിരവധി നടിമാർ ഈ വിഷയത്തിൽ ഹേമ കമ്മീഷന് മുൻപാകെ മൊഴി നൽകിയിരുന്നു. അതുൾപ്പെടെ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നു.
മലയാള സിനിമയിൽ വ്യാപകമായ ലൈംഗിക ചൂഷണം, കാസ്‌റ്റിങ് കൗച്ച് തുടങ്ങിയ ഗുരുതര ആരോപണങ്ങൾ റിപ്പോർട്ടിൽ ഉന്നയിക്കപ്പെടുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഹേമ കമ്മിറ്റി സിനിമയിലെ സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങളെ കുറിച്ച് വിശദമായി പഠിച്ചതും വിഷയത്തിൽ റിപ്പോർട്ട് സമർപ്പിച്ചതും.












Click it and Unblock the Notifications