വരുന്നു അതിവേഗ റോഡ് ഇടനാഴി, തിരുവനന്തപുരം-അങ്കമാലി പാതയ്ക്ക് മാറ്റം; 6 ജില്ലകള്‍ക്ക് നേട്ടം
കൊച്ചി: കേരളത്തില്‍ പുതിയ അതിവേഗ റോഡ് ഇടനാഴി വരുന്നു. തെക്ക്-മധ്യ ഭാഗങ്ങളെ ബന്ധിപ്പിച്ച് കൊണ്ടാണ് അതിവേഗ ഹൈവേ വരുന്നത്. കേന്ദ്ര സര്‍ക്കാര്‍ നേരത്തെ മുന്നോട്ട് വെച്ച തിരുവനന്തപുരം-അങ്കമാലി ഗ്രീന്‍ഫീല്‍ഡ് പാതയാണ് പുതിയ അതിവേഗ ഇടനാഴിയാക്കുന്നത്. കുറച്ചുകാലമായി ദേശീയ പാത അതോറിറ്റിയുടെ ചര്‍ച്ചകളില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്.
തിരുവനന്തപുരം-അങ്കമാലി അതിവേഗ പാതയുടെ പ്രവര്‍ത്തനങ്ങള്‍ ഇതോടെ വേഗം വെച്ചിരിക്കുകയാണ്. ഇതിന്റെ ആദ്യ നടപടികള്‍ ദേശീയ പാതാ അധികൃതര്‍ പൂര്‍ത്തിയാക്കി റോഡ് മന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. നിലവില്‍ റോഡ്-ഹൈവേ മന്ത്രാലയത്തിന്റെ വിഷന്‍ 2047ന്റെ ഭാഗമാണ് ഈ പദ്ധതി.

കേന്ദ്ര സര്‍ക്കാരിന്റെ തന്നെ ഭാരത് മാല പദ്ധതിക്ക് പകരമായിട്ടാണ് റോഡ്-ഹൈവേ മന്ത്രാലയം വിഷന്‍ 2047 മുന്നോട്ട് വെച്ചത്. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ മധ്യകേരളത്തിലെ ജില്ലകളിലേക്കും തെക്കന്‍ ജില്ലകളിലേക്കും അതിവേഗം എത്തിച്ചേരാനാകും. ആറോളം ജില്ലകള്‍ക്ക് ഇത് വലിയ നേട്ടമാകും.
2047ഓടെ 50000 കിലോമീറ്റര്‍ ഹൈവേകള്‍ നിര്‍മിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേരളവും അതിന്റെ ഭാഗമാണ്. കണ്‍ട്രോള്‍ഡ് ആക്‌സസ് ഹൈവേ നിര്‍മിക്കുകയാണ് ഗതാഗത മന്ത്രാലയത്തിന്റെ മുന്നിലുള്ള ലക്ഷ്യം. പുതിയ ഇടനാഴിയില്‍ എക്‌സിറ്റ് പോയിന്റുകളും കുറവായിരിക്കുമെന്ന് മാതൃഭൂമി.കോം റിപ്പോര്‍ട്ട് ചെയ്യുന്നു.
എത്ര ദൂരം സഞ്ചരിച്ചു എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും ഇതില്‍ ടോള്‍ ഈടാക്കുക. ജിപിഎസില്‍ അധിഷ്ഠിതമായ ടോള്‍ സംവിധാനങ്ങള്‍ ഉള്ളത് കൊണ്ട് ഇത് മനസ്സിലാക്കാനും ബുദ്ധിമുട്ടില്ല. ഈ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ ദേശീയ പാത കോഴിക്കോട്-പാലക്കാട് റൂട്ടിലുള്ളതാണ്. തിരുവനന്തപുരം-അങ്കമാലി പാതയ്ക്കും മാറ്റങ്ങള്‍ വരുന്നുണ്ട്.
ഇത് നാലുവരി പാതയായി നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാവും. തിരുവനന്തപുരം റിങ് റോഡ് മുതല്‍ അങ്കമാലി ബൈപ്പാസ് വരെ 205 കിലോമീറ്റര്‍ റോഡാണ് നിര്‍മിക്കുക. ഇതിനായി 950 ഹെക്ടര്‍ ഭൂമി കേരളത്തില്‍ ഏറ്റെടുക്കണം. നേരത്തെ തന്നെ കേരളത്തില്‍ ദേശീയ പാതയ്ക്കായി സ്ഥലം ഏറ്റെടുക്കുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ദേശീയ റോഡ്-ഹൈവേ മന്ത്രാലയം അറിയിച്ചിരുന്നു.
നെടുമങ്ങാട്, കൊട്ടാരക്കര, പുനലൂര്‍ തുടങ്ങി പല താലൂക്കുകളിലായിട്ടാണ് ഭൂമി ഏറ്റെടുക്കേണ്ടി വരിക. ജനങ്ങളില്‍ നിന്ന് എതിര്‍പ്പ് ഒഴിവാക്കാനായി സാധ്യമാകുന്ന അത്രയും ജനവാസ മേഖലകള്‍ ഒഴിവാക്കി പുതിയ അലൈന്‍മെന്റ് ഒരുക്കാനാണ് അധികൃതര്‍ പദ്ധതിയിടുന്നത്. നിര്‍ദിഷ്ട ശബരിമല വിമാനത്താവളത്തിന്റെ സമീപത്ത് കൂടി മലയോര മേഖലകളെ ബന്ധിപ്പിച്ചായിരിക്കും ഇടനാഴി കടന്നുപോകുക.












Click it and Unblock the Notifications