ഹിജാബ്; ഇന്ത്യക്കൊരു ഭരണഘടനയുണ്ടെന്ന കാര്യമാണ് അവർ മറന്നു പോയത്: കെടി കുഞ്ഞിക്കണ്ണന്‍
കോഴിക്കോട്: ഇസ്‌ലാമില്‍ ഹിജാബ് നിര്‍ബന്ധമാണോ എന്ന് അന്വേഷിക്കുന്നവര്‍ ഇന്ത്യക്കൊരു ഭരണഘടനയുണ്ടെന്ന കാര്യമാണ് മറക്കുന്നതെന്ന് സി പി എം നേതാവ് കെടി കുഞ്ഞിക്കണ്ണന്‍. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള സംസ്ഥാന സർക്കാർ ഉത്തരവ് ശരിവെച്ചുകൊണ്ടുള്ള കർണാടക ഹൈക്കോടതി വിധി പുറത്ത് വന്നതിന്റെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഓരോ പൗരനും സാമൂഹ്യവിഭാഗങ്ങൾക്കും അവരുടെ സ്വത്വവും സംസ്കാരവും സംരക്ഷിക്കാൻ ഭരണഘടന നൽകുന്ന അവകാശത്തെ എന്തുകൊണ്ടാകാം കർണാടക ഹൈക്കോടതിക്ക് കാണാൻ കഴിയാതെ പോയതെന്നും അദ്ദേഹം ചോദിക്കുന്നു. കെടി കുഞ്ഞിക്കണ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ഭരണഘടനയെയാണ് കോടതികൾ അടിസ്ഥാനമാക്കേണ്ടത്. ഓരോ പൗരനും സാമൂഹ്യവിഭാഗങ്ങൾക്കും അവരുടെ സ്വത്വവും സംസ്കാരവും സംരക്ഷിക്കാൻ ഭരണഘടന നൽകുന്ന അവകാശത്തെ എന്തുകൊണ്ടാകാം കർണാടക ഹൈക്കോടതിക്ക് കാണാൻ കഴിയാതെ പോയത്? വിശ്വാസപരവും സാംസ്കാരികവുമായ വൈവിധ്യങ്ങളെയും വ്യക്തികളുടെ ബഹുസ്വഭാവത്തെയും ഉൾക്കൊള്ളാനാണ് മതനിരപേക്ഷ ജനാധിപത്യ തത്വങ്ങളിലധിഷ്ഠിതമായ ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്നതെന്ന് എന്തുകൊണ്ടാവാം നമ്മുടെ ന്യായാധിപന്മാർക്ക് മനസിലാക്കാനാവാതെ പോകുന്നത്.

ഇസ്ലാമിൽ ഹിജാബ് നിർബന്ധമാണോ ഹൈന്ദവദർശനങ്ങളിൽ സീമന്തരേഖയിൽ സിന്ദൂരമിടുന്നത് നിർബന്ധമാണോയെന്നൊക്കെഅന്വേഷിച്ചു പോകുന്നവർ ഇന്ത്യക്കൊരു ഭരണഘടനയുണ്ടെന്ന കാര്യമാണ് മറന്നുകളയുന്നത്. മതത്തിൻ്റെയും ജാതിയുടെയും ലിംഗത്തിൻ്റെയും പേരിൽ വിവേചനങ്ങളൊന്നും പാടില്ലെന്ന് അനുശാസിക്കുന്നതും ഓരോ ജനവിഭാഗങ്ങൾക്കും അവരുടെ മതപരമായ വിശ്വാസവും സ്വത്വവും അതിൻ്റെ ഭാഗമായ ആചാരാനുഷ്ഠാനങ്ങളും സൂക്ഷിക്കാൻ അവകാശം നൽകുന്നതുമാണ് നമ്മുടെ ഭരണഘടനയും അതിലെ വ്യവസ്ഥകളും. അത് മറന്നു പോകുന്ന പോറ്റിമാരുടെ കോടതികളിൽൽ നിന്നും എങ്ങനെ നീതി ലഭിക്കും...? -കെടി കുഞ്ഞിക്കണ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, സർക്കാർ വാദങ്ങള്‍ ശരിവെച്ചുകൊണ്ടായിരുന്നു ഹിജാബ് നിരോധനത്തിന് എതിരായ ഹർജികള്‍ ഹൈക്കോടതി തള്ളിയത്. ഹിജാബ് മതാചാരങ്ങളുടെയും മൗലികാവകാശങ്ങളുടെയും ഭാഗമല്ലെന്ന നിലപാടായിരുന്നു കർണാടക സർക്കാർ സ്വീകരിച്ചത്. ഹിജാബ് മതാചാരത്തിന്റെ ഭാഗമെന്ന് തെളിയിക്കാന്‍ നിലവില്‍ വസ്തുതകളില്ല.ഖുറാന്‍ മാത്രം മുന്‍നിര്‍ത്തി ഹിജാബിന് വേണ്ടി വാദിക്കുന്നതില്‍ അര്‍ഥമില്ല. ഭരണഘടന ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്രത്തിനുള്ള അവകാശത്തില്‍ ഹിജാബ് വരില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഹിജാബ് മതാചാരത്തിന്റെയും മൗലികാവകാശങ്ങളുടെയും ഭാഗമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. വിലക്ക് നിരോധനം മതസ്വാതന്ത്രത്തിനുള്ള അവകാശം ലംഘിക്കുന്നുവെന്നും ഹർജിക്കാർ വാദിക്കുന്നു
'ഇനി പുറം കാഴ്ചകളിലേക്ക്': വൈറാലായി ഭാവനയുടെ പുതിയ റീല്‍ ദൃശ്യങ്ങള്‍












Click it and Unblock the Notifications