ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പ്; കെ ഗോപാലകൃഷ്‌ണനെതിരെ പ്രാഥമിക അന്വേഷണം
തിരുവനന്തപുരം: സംസ്ഥാനത്തെ ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്‍സ്ആപ്പ് കൂട്ടായ്‌മയുമായി ബന്ധപ്പെട്ട വിഷയത്തിൽ കെ ഗോപാലകൃഷ്‌ണനെതിരെ അന്വേഷണം. പോലീസാണ് ഐഎഎസ് ഉദ്യോഗസ്ഥനായ ഗോപാലകൃഷ്‌ണനെതിരെ പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ചത്. നാർക്കോട്ടിക് സെൽ അസിസ്‌റ്റന്റ് കമ്മീഷണർക്കാണ് അന്വേഷണ ചുമതല. കൊല്ലം ഡിസിസി ജനറൽ സെക്രട്ടറി നൽകിയ പരാതിയിലാണ് നടപടി.
നേരത്തെ ഗോപാലകൃഷ്‌ണൻ നൽകിയ പരാതിയെ തുടർന്ന് സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. നിലവിൽ കേസെടുക്കാതെ അന്വേഷണം മുന്നോട്ട് കൊണ്ട് പോവാനാണ് തീരുമാനം. പ്രാഥമിക പരിശോധനയിൽ വാട്‍സ്ആപ്പ് ഗ്രൂപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ കണ്ടെത്തുകയാണെങ്കിൽ തുടർന്ന് കേസെടുത്ത് അന്വേഷണം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

പ്രാഥമിക അന്വേഷണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതോടെ ഗോപാലകൃഷ്‌ണനെ നേരത്തെ സസ്‌പെൻഡ് ചെയ്‌തിരുന്നു. ഇതിന് പിന്നാലെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാമെന്ന് കഴിഞ്ഞ ദിവസം നിയമോപദേശം ലഭിച്ചു. ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷനാണ് ഇത് സംബന്ധിച്ച നിയമോപദേശം നൽകിയത്.
എങ്കിലും കേസെടുക്കുന്ന കാര്യത്തിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ ശേഷം കേസെടുക്കാമെന്ന തീരുമാനത്തിൽ എത്തിയത്. നേരത്തെ വിവാദവുമായി ബന്ധപ്പെട്ട് കെ ഗോപാലകൃഷ്‌ണനെയും ഐഎഎസ് ചേരിപ്പോരിൽ എൻ പ്രശാന്തിനെയും ഒരേസമയമാണ് സസ്‌പെൻഡ് ചെയ്‌തത്.
രേഖകൾ മുഴുവൻ പരിശോധിക്കാതെ നൽകിയ നിയമയോപദേശം ആണെന്നാണ് പോലീസ് ചൂണ്ടിക്കാണിക്കുന്നത്. അതുകൊണ്ടാണ് കേസെടുക്കാതെ പ്രാഥമിക അന്വേഷണത്തിൽ മാത്രമൊതുക്കുന്നത്. വീണ്ടും നിയമോപദേശം തേടാനാണ് സാധ്യതയെന്നും പോലീസുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
സസ്‌പെൻഷൻ നേരിടുമ്പോൾ വ്യവസായ ഡയറക്‌ടർ പദവി വഹിക്കുകയായിരുന്നു കെ ഗോപാലകൃഷ്‌ണൻ. സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരെ ഉൾപ്പെടെ ചേർത്തുകൊണ്ടാണ് കെ ഗോപാലകൃഷ്‌ണൻ അഡ്‌മിനായി ഹിന്ദുക്കളുടെ മാത്രം ഐഎഎസ് കൂട്ടായ്‌മ വാട്‍സ്ആപ്പിൽ തുടങ്ങിയത്. എന്നാൽ ഫോൺ ഹാക്ക് ചെയ്‌തതാണെന്നായിരുന്നു ഗോപാലകൃഷ്ന്റെ വാദം. എന്നാൽ ഇതൊക്കെയും ആദ്യഘട്ടത്തിൽ തന്നെ തള്ളിപ്പോയിരുന്നു.
വാർത്ത പുറത്തുവന്നതിന് പിന്നാലെ പ്രതിപക്ഷം ഉൾപ്പെടെ സർക്കാരിനെതിരെ ആഞ്ഞടിച്ചിരുന്നു. സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരെ സർക്കാർ കയറൂരി വിട്ടിരിക്കുകയാണെന്നും നിയന്ത്രിക്കാൻ സാധിക്കുന്നില്ലെന്നും വിമർശനം ഉയർന്നു. ഇതോടെയാണ് വിവിധ വിഷയങ്ങൾ ചൂണ്ടിക്കാട്ടി ഗോപാലകൃഷ്‌ണനെയും പ്രശാന്തിനെയും ഒരേസമയം സസ്പെൻഡ് ചെയ്‌തത്.
സംഭവത്തിൽ ആദ്യം നടത്തിയത് അനൗദ്യോഗിക അന്വേഷണമായിരുന്നു. ഇതിലായിരുന്ന ഫോൺ ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് കെ ഗോപാലകൃഷ്‌ണൻ വാദിച്ചത്. എന്നാൽ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് പോലീസ് നടത്തിയ അന്വേഷണത്തിലും ഫോറന്‍സിക് പരിശോധനയിലും വ്യക്തമായി. ഇതോടെയാണ് ഗോപാലകൃഷ്‌ണനെതിരെ നടപടിയെടുത്തത്.












Click it and Unblock the Notifications