"ബോബി ചെമ്മണ്ണൂരിനെതിരെ കേസ് കൊടുക്കുക എന്ന ഉദ്ദേശമില്ലായിരുന്നു, ഇതൊന്നും തമാശയായി കാണാനാവില്ല''; ഹണി റോസ്
കേരളത്തിൽ സൈബർ ആക്രമണത്തെ കുറിച്ചും സ്ത്രീകളുടെ വസ്ത്രധാരണത്തെ കുറിച്ചുമൊക്കെ ഏറെ ചർച്ചകൾക്ക് വഴിയൊരുക്കിയ സംഭവമായിരുന്നു ഹണി റോസ്-ബോബി ചെമ്മണ്ണൂർ വിവാദം. ഒരു നടി എന്നതിലുപരി സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായിരുന്ന ഹണി റോസ് നിരന്തരം സൈബർ അധിക്ഷേപങ്ങൾക്ക് ഇരയാവുകയും ബോബി ചെമ്മണ്ണൂരിന്റെ ദ്വയാർത്ഥ പ്രയോഗം അതിര് കടക്കുകയും ചെയ്‌തതോടെയാണ് പരാതിയിലേക്ക് നീങ്ങിയത്.
ബോബി ചെമ്മണ്ണൂർ, രാഹുൽ ഈശ്വർ എന്നിവർക്കെതിരെ ആയിരുന്നു ഹണി റോസ് പ്രധാനമായും പരാതി നൽകിയത്. തുടർച്ചയായ അധിക്ഷേപങ്ങളിലൂടെ അപമാനിച്ചു എന്ന കുറ്റത്തിന് ഒടുവിൽ ബോബി അറസ്‌റ്റിൽ ആവുകയും ചെയ്‌തിരുന്നു. ഇതിന്റെ അലയൊലികൾ ഇപ്പോഴും അടങ്ങിയിട്ടില്ല. അതിനിടയിൽ വിഷയത്തെ കുറിച്ച് ഹണി റോസ് പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ.

ഒരിക്കലും കേസ് കൊടുക്കുക എന്ന ഉദ്ദേശത്തോടെ ആയിരുന്നില്ല പ്രതികരിക്കാൻ തുടങ്ങിയത് എന്നാണ് ഹണി പറയുന്നത്. മാനസികമായി വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കിലും അത് അറിയിക്കുകയാണ് ചെയ്‌തത് എന്നും അതിന്റെ അങ്ങേയറ്റം എത്തിയപ്പോഴാണ് കേസിലേക്ക് കടന്നതെന്നും ഹണി റോസ് വ്യക്തമാക്കി.
ഹണി റോസിന്റെ വാക്കുകൾ
ഇങ്ങനെയൊരു വിഷയം ഉണ്ടായപ്പോൾ ഒരിക്കലും കേസ് കൊടുക്കണമെന്ന ഉദ്ദേശ്യം ഉണ്ടായിരുന്നില്ല. ഭയങ്കരമായി ബുദ്ധിമുട്ട് ഉണ്ടാക്കി, പൊതുവേദിയിൽ വച്ച് അധിക്ഷേപം വരുമ്പോൾ ഭയങ്കരമായി മാനസിക പ്രയാസം ഉണ്ടാക്കി. എങ്കിലും കേസ് കൊടുക്കാൻ ഉദ്ദേശം ഉണ്ടായിരുന്നില്ല. അവരോട് അതിനെ കുറിച്ച് പറയുകയാണ് ചെയ്‌തത്. അതിനി ആവർത്തിക്കരുത് എന്നാണ് പറഞ്ഞത്.
അതിനി നടൻ എന്നല്ല ദൈവം തമ്പുരാൻ ആയാലും വേറെ വഴിയില്ല. ഡബ്‌ള്യുസിസി പിന്തുണ നൽകിയിരുന്നു. ഒരുപാട് വിളിച്ചിരുന്നു, പേര് പറഞ്ഞാൽ തീരാത്ത അത്രയും പേർ. കേസല്ലാതെ വേറെ വഴിയില്ല എന്ന നിലയിൽ എത്തിയപ്പോഴാണ് അതിനെ കുറിച്ച് ചിന്തിച്ചത്. ഇത്തരം അധിക്ഷേപങ്ങൾ ഒന്നും തന്നെ തമാശയായി കാണാൻ കഴിയില്ല.
ഒരിടത്ത് തുടങ്ങിയാല്‍ അവിടം കൊണ്ട് അവസാനിക്കുന്ന കാര്യമല്ല ഇത്. പരാതി കൊണ്ട് ഞാന്‍ മുന്നോട്ട് വരുമ്പോളും ഇതിന് ഒരു അറുതിയൊന്നും വന്നിട്ടില്ല. ഇത് എങ്ങിനെ അവസാനിപ്പിക്കും എന്നും എനിക്ക് അറിയില്ല. ഇതിന് ഒരു നിയമനിര്‍മാണം വേണ്ടി വന്നേക്കാമെന്ന് കരുതുന്നു. അങ്ങനെ ഒരു നിയമമുണ്ടെങ്കിലേ ഇപ്പോഴത്തെ സ്ഥിതിയിൽ നിന്ന് മാറ്റം വരികയുള്ളൂ.
ഞാനൊരു സെലിബ്രിറ്റിയാണ്. എനിക്ക് സമൂഹത്തിൽ നിന്നാണ് ഈ പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നത്. പൊതുവേദിയിൽ വച്ച് അദ്ദേഹം എന്നെ അപമാനിച്ചു. അപ്പോൾ എനിക്ക് പ്രതികരിക്കാൻ കഴിയാത്ത ഒരു അവസ്ഥയായിരുന്നു. ഇപ്പോൾ ആലോചിച്ചാലും അത് അങ്ങനെ തന്നെയാണ്. എന്നിട്ടും ആ പരിപാടിക്ക് ശേഷം ഞാൻ ബന്ധപ്പെട്ട ആളുകളോട് ഞാൻ പരാതിപ്പെട്ടിരുന്നു.
മറ്റൊരു കാര്യം എന്തെന്നാൽ ഞാൻ കൊടുത്തത് ലൈംഗികാധിക്ഷേപ പരാതിയാണ്. പക്ഷെ ചിലർ അത് വസ്ത്രത്തിന്റെ വിഷയമാക്കി മനോഹരമാക്കി ഒതുക്കി തീർത്തു. നല്ല വസ്ത്രം ഇടുന്നവരും പല കാര്യങ്ങളും അനുഭവിക്കുന്നുണ്ട്. എനിക്ക് യോജിക്കുന്ന വസ്ത്രങ്ങളാണ് ഞാൻ ധരിച്ചിട്ടുളളത്. അതിൽ ഒരു ആത്മപരിശോധനയും എനിക്ക് ഇതുവരെ നടത്തേണ്ടി വന്നിട്ടില്ല.












Click it and Unblock the Notifications