'എനിക്ക് മൂന്ന് പെൺമക്കളാണ്, ഒരിക്കലും സ്ത്രീ വിരുദ്ധനല്ല'; രാജി അറിയിച്ച് രഞ്ജിത് വിളിച്ചുവെന്ന് സജി ചെറിയാൻ
തിരുവനന്തപുരം: ബംഗാളി നടിയുടെ പീഡന ആരോപണത്തിൽ ചലച്ചിത്ര അക്കാദമി അധ്യക്ഷൻ കൂടിയായ സംവിധായകൻ രഞ്ജിത്തിനെ സംരക്ഷിച്ചുവെന്ന വാദം തള്ളി മന്ത്രി സജി ചെറിയാൻ. സർക്കാർ ഇരയോടൊപ്പമാണെന്നും വേട്ടക്കാരനൊപ്പമല്ലെന്നും ചൂണ്ടിക്കാട്ടിയ മന്ത്രി വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചത് പ്രയാസമുണ്ടാക്കിയെന്നും മാധ്യമങ്ങളോട് പറഞ്ഞു. സർക്കാർ നിലപാടാണ് താൻ സംസാരിച്ചതെന്നും അദ്ദേഹം പറയുകയുണ്ടായി.
തന്നെ സ്ത്രീ വിരുദ്ധനായി മുദ്രകുത്താൻ ശ്രമങ്ങൾ നടന്നുവെന്നും മന്ത്രി ആരോപിച്ചു. ഞാൻ രഞ്ജിത്തിനെ സംരക്ഷിച്ചു എന്നായിരുന്നു ചില മാധ്യമങ്ങൾ പറഞ്ഞത്. 'എന്നെ അറിയാത്തത് കൊണ്ടാവും നിങ്ങൾ അങ്ങനെ സംസാരിച്ചത്. എനിക്ക് മൂന്ന് പെൺമക്കളാണ്. ഭാര്യയും അമ്മയും മക്കളും അടക്കം അഞ്ച് സ്ത്രീകൾ ഉള്ള വീട്ടിൽ നിന്നാണ് ഞാൻ വരുന്നത്. സ്ത്രീകൾക്ക് എതിരായ ഏത് നീക്കത്തെയും ഞാൻ എതിർക്കും' സജി ചെറിയാൻ പറഞ്ഞു.

മുഖ്യമന്ത്രി ഇക്കാര്യത്തിൽ കൃത്യമായി നിലപാട് പറഞ്ഞതാണ്. ഞങ്ങൾക്ക് ഒന്നും മറയ്ക്കാനില്ല, ഞങ്ങൾ എന്നും ഇരയോടൊപ്പമാണ്, വേട്ടക്കാരനോടൊപ്പമല്ല. ഇക്കാര്യത്തിൽ ആരെങ്കിലും ഏതെങ്കിലും തരത്തിൽ കുറ്റം ചെയ്‌തിട്ടുണ്ടെങ്കിൽ കർശനമായ നടപടി വരുന്ന പരാതി അനുസരിച്ച് സ്വീകരിക്കും. നിയമപരമായ നിലപാട് അതിൽ സ്വീകരിക്കുമെന്ന് കൃത്യമായി അറിയിച്ചതാണെന്നും സജി ചെറിയാൻ പറഞ്ഞു.
രാജി സന്നദ്ധത അറിയിച്ചു കൊണ്ട് രഞ്ജിത്ത് വിളിച്ചുവെന്നും കത്ത് ഉടൻ കൈമാറുമെന്നും ലഭിച്ചാൽ രാജി അംഗീകരിക്കുമെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം രഞ്ജിത്തിനെതിരായ ആരോപണത്തിൽ സജി ചെറിയാൻ സംരക്ഷണം നൽകുന്നു എന്നായിരുന്നു വ്യാപകമായി ഉയർന്ന വിമർശനം.
രഞ്ജിത്ത് പ്രഗത്ഭനായ ഒരു കലാകാരൻ ആണെന്നും അതുകൊണ്ട് തന്നെ ആക്ഷേപത്തിന്റെ പേരിൽ കേസെടുക്കാൻ കഴിയില്ലെന്നും വസ്‌തുത പരിശോധിക്കേണ്ടതുണ്ടെന്നും സജി ചെറിയാൻ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നടി പരാതിയുമായി മുന്നോട്ട് വരികയാണെങ്കിൽ സർക്കാർ നിയമാനുസൃതമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
ഏതെങ്കിലുമൊരാൾ ആരെപ്പറ്റിയെങ്കിലും ഒരു ആക്ഷേപം ഉന്നയിച്ചാൽ അങ്ങനെ കേസെടുക്കാൻ കഴിയുമോ എന്നായിരുന്നു മന്ത്രിയുടെ ചോദ്യം. അങ്ങനെയെടുത്ത ഏതെങ്കിലും ഒരു കേസ് കേരളത്തിൽ നിലനിന്നിട്ടുണ്ടോയെന്നും സജി ചെറിയാൻ ചോദിച്ചു. ആരോപണം ഉന്നയിച്ചവർ പരാതി തരണമെന്നും ആർക്കെങ്കിലും അദ്ദേഹത്തിനെതിരെ പരാതി ഉണ്ടെങ്കിൽ രേഖാമൂലം നൽകിയാൽ ശക്തമായ നടപടിയെടുക്കുമെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.
എന്നാൽ ഇതിന് പിന്നാലെ മന്ത്രിയുടേത് ആരോപണ വിധേയനെ സംരക്ഷിക്കുന്ന നിലപാടാണ് എന്ന വിമർശനവുമായി നിരവധി പേർ രംഗത്ത് വന്നിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, സിപിഐ നേതാവ് ആനി രാജ, സംവിധായകനും ഇടതുപക്ഷ സഹയാത്രികനുമായ ആഷിഖ് അബു എന്നിങ്ങനെ നിരവധി പ്രമുഖരാണ് കടുത്ത വിമർശനം ഉന്നയിച്ചത്.












Click it and Unblock the Notifications